editorial-

കാസർകോട് ജില്ലയ്‌ക്കു വേണ്ടി നടന്ന സായുധ പൊലീസ് സേനാ റിക്രൂട്ട്‌മെന്റിൽ എസ്.എഫ്.ഐ നേതാക്കൾ റാങ്ക് പട്ടികയിൽ മുൻനിരയിൽ കടന്നുകൂടിയത് കൃത്രിമ മാർഗങ്ങളിലൂടെയാണെന്നു തെളിഞ്ഞതിനെത്തുടർന്ന് പി.എസ്.സിയുടെ പരീക്ഷാവിഭാഗം ഇതുവരെ സംശയ നിഴലിൽ നിന്ന് പുറത്തുവന്നിട്ടില്ല. വളഞ്ഞ വഴിയിലൂടെ ആർക്കും പി.എസ്.സി നിയമനം സാദ്ധ്യമാണെന്ന കണ്ടെത്തൽ ഈ സ്ഥാപനത്തോട് ജനങ്ങൾക്കുണ്ടായിരുന്ന വിശ്വാസ്യതയെയാണ് വല്ലാതെ തകർത്തുകളഞ്ഞത്. സംഭവം പൊലീസിന്റെ അന്വേഷണത്തിനു വിട്ട് പി.എസ്.സി പരിഹാര നടപടികൾക്ക് തുടക്കമിട്ടത് നല്ല കാര്യം തന്നെ. എന്നാൽ കൃത്രിമങ്ങൾക്കുള്ള പഴുതുകൾ ധാരാളം തുറന്നുകിടപ്പുണ്ടെന്നുള്ളതിനാൽ പരീക്ഷാസമ്പ്രദായത്തിൽ ചില മാറ്റങ്ങൾ അനിവാര്യമായിത്തീർന്നിട്ടുണ്ട്. ചോദ്യപേപ്പർ തയാറാക്കുന്നതു മുതൽ പരീക്ഷാ നടത്തിപ്പും റാങ്ക് പട്ടിക തയാറാക്കലും വരെയുള്ള ഘട്ടങ്ങളിൽ കൂടുതൽ സൂക്ഷ്‌മതയും കരുതലും ആവശ്യമായി വന്നിരിക്കുകയാണ്. കൂടുതൽ പേർ എഴുതുന്ന പി.എസ്.സി പരീക്ഷകൾ ഒറ്റദിവസം നടത്താതെ പല ഘട്ടങ്ങളിലായി നടത്താനുള്ള ആലോചന ഇതിന്റെ ഭാഗമാണ്. കുത്തഴിഞ്ഞ രീതിയിൽ പരീക്ഷ നടക്കുമ്പോഴാണ് ക്രമക്കേടുകൾക്കു ഏറെ സാദ്ധ്യതയുള്ളത്. അതിനാൽ പരീക്ഷാ നടത്തിപ്പ് പൂർണമായും കുറ്റമറ്റതാക്കുക എന്നതാണ് ആദ്യം വേണ്ടത്.

വളരെ കുറച്ച് ഒഴിവുകളുള്ള തസ്‌തികയിലേക്കു പോലും ആയിരക്കണക്കിനു അപേക്ഷകരുള്ളതിനാൽ ഏതു പരീക്ഷയും പി.എസ്.സിയെ സംബന്ധിച്ചിടത്തോളം ഭാരിച്ച ചുമതല തന്നെയാണ്. എൽ.ഡി.സി, ലാസ്റ്റ് ഗ്രേഡ്, പൊലീസ് സേന തുടങ്ങിയ തസ്‌തികകളിലേക്ക് ലക്ഷക്കണക്കിനു പേരാണ് പരീക്ഷ എഴുതാറുള്ളത്. കഴിഞ്ഞ എൽ.ഡി.സി പരീക്ഷ എഴുതാൻ വന്നത് പതിനഞ്ചുലക്ഷം പേരാണ്. അതുപോലെ ഇനി നടക്കാൻ പോകുന്ന ലാസ്റ്റ് ഗ്രേഡ് പരീക്ഷയ്‌ക്കു വേണ്ടിയും കാണും അഞ്ചാറു ലക്ഷം പേർ. കൂടുതൽ ഒഴിവുള്ള തസ്‌തികകളാണെങ്കിൽ പരമാവധി പേർ ഭാഗ്യം പരീക്ഷിക്കാൻ എത്തും. ഇത്തരം ഘട്ടങ്ങളിൽ ജില്ല തിരിച്ചു പരീക്ഷ നടത്തുകയാണ് സാധാരണ ചെയ്യാറുള്ളത്. അതാണ് അഭികാമ്യവും.

പരീക്ഷാ ക്രമക്കേടുകൾ ഇവിടെ മാത്രമല്ല, രാജ്യത്തെവിടെയും നടക്കാറുണ്ട്. വലിയ മത്സര പരീക്ഷകൾ പോലും ക്രമക്കേടുകളിൽ നിന്നു മുക്തമല്ല. പ്രവേശന പരീക്ഷകൾക്കു പരിശീലനം നൽകുന്ന ഉത്തരേന്ത്യയിലെ ചില സ്ഥാപനങ്ങൾ വരെ ഇത്തരം ക്രമക്കേടുകൾക്ക് പിടിയിലായിട്ടുണ്ട്. ഏതു വിധേനയും മത്സരപരീക്ഷ കടന്നുകൂടാനുള്ള വ്യഗ്രതയിൽ ഏതു വളഞ്ഞ വഴിയും തേടാനുള്ള മനുഷ്യന്റെ ആഗ്രഹമാണ് തട്ടിപ്പുസംഘങ്ങൾ മുതലാക്കുന്നത്.

പി.എസ്.സി പരീക്ഷകളിലെ ആൾത്തിരക്കിന് തടയിടാൻ ആർക്കും സാദ്ധ്യമല്ല. നിയമാനുസൃതമായി അപേക്ഷിക്കുന്ന എല്ലാവർക്കും പരീക്ഷ എഴുതാൻ അവസരം നൽകുകയേ വഴിയുള്ളൂ. ഇങ്ങനെ ചെയ്യേണ്ടിവരുമ്പോൾ പരീക്ഷയിൽ ക്രമക്കേടുകൾ കടന്നുകൂടാതിരിക്കാൻ വേണ്ട മുൻകരുതലെടുക്കുക എന്നതു മാത്രമാണ് പി.എസ്.സിക്കു ചെയ്യാനുള്ളത്. സംസ്ഥാനത്തുടനീളം ഒറ്റദിവസം കൊണ്ട് പരീക്ഷ നടത്തുന്നതിലെ ബദ്ധപ്പാടും അപകടവും ഇതിനകം ബോദ്ധ്യമായിക്കഴിഞ്ഞതാണ്. പരീക്ഷാകേന്ദ്രങ്ങളിൽ വേണ്ടത്ര ജീവനക്കാരെ നിയോഗിക്കുന്നില്ലെങ്കിൽ പരീക്ഷയിൽ ക്രമക്കേടുകൾക്ക് സാദ്ധ്യതയുണ്ട്. നിരീക്ഷകർ തങ്ങളുടെ ചുമതല വിശ്വാസയോഗ്യമായി നിറവേറ്റണം. അത് ഉറപ്പാക്കാൻ പി.എസ്.സിക്കു സാദ്ധ്യമാകണം. ഇപ്പോൾ വിവാദത്തിലായ പൊലീസ് ബറ്റാലിയനു വേണ്ടി നടത്തിയ പരീക്ഷ എഴുപതു ശതമാനം കേന്ദ്രങ്ങളിലും ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമില്ലാതെയാണത്രെ നടന്നത് . ഇത്തരത്തിൽ നടക്കുന്ന പരീക്ഷയ്ക്ക് എന്തു വിശ്വാസ്യതയാണുള്ളതെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ല.

പരീക്ഷയിൽ മികച്ച സ്കോർ നേടി റാങ്ക് പട്ടികയിൽ ഒന്നാം നിരയിലെത്താൻ പരീക്ഷാത്തട്ടിപ്പു പ്രതികൾ സ്വീകരിച്ച അത്യാധുനിക വഴികൾ കൃത്രിമങ്ങൾ തടയാൻ സ്വീകരിക്കേണ്ട പുതിയ നടപടികളെക്കുറിച്ച് ഓർമ്മിപ്പിക്കുന്നുണ്ട്. വാർത്താവിനിമയ സംവിധാനങ്ങളിൽ വന്നിട്ടുള്ള വിസ്‌മയകരമായ മാറ്റങ്ങൾ ഏതു തരത്തിലുള്ള തട്ടിപ്പും അനായാസമാക്കിയിട്ടുണ്ട്. തിരുവനന്തപുരം സെന്ററുകളിൽ പരീക്ഷ എഴുതിയ പ്രതികൾ പരീക്ഷാഹാളിനു പുറത്തുവച്ച മൊബൈൽ ഫോണും കൈയിൽ ധരിച്ചിരുന്ന വാച്ചും തമ്മിൽ ബ്ളൂടൂത്ത് വഴി ബന്ധിപ്പിച്ചാണ് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇത്തരം സാദ്ധ്യതകൾ ഇനി വ്യാപകമായി ഉപയോഗപ്പെടുത്തിയേക്കാം. പരീക്ഷാർത്ഥികളെ ഹാളിൽ പ്രവേശിപ്പിക്കും മുമ്പ് കർക്കശ ദേഹപരിശോധന നടത്തേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. യു.പി.എസ്.സിയും മറ്റും സ്വീകരിച്ച മാനദണ്ഡങ്ങൾ പി.എസ്.സിയും സ്വീകരിക്കേണ്ടത് അനിവാര്യമായിട്ടുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച നടന്ന പി.എസ്.സി അംഗങ്ങളുടെ യോഗത്തിൽ ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്‌തതായിട്ടാണറിയുന്നത്. പരീക്ഷാർത്ഥികൾക്ക് ഡ്രസ് കോഡ് വേണമെന്ന നിർദ്ദേശവും ഒരു വിഭാഗം ഉന്നയിച്ചിരുന്നു. ചില അംഗങ്ങൾ ഇതിനെ എതിർത്തുവെന്നും കേൾക്കുന്നു. പി.എസ്.സിയുടെ യശസും വിശ്വാസ്യതയും ഉയർത്താൻ സഹായിക്കുന്ന നിർദ്ദേശമാണിത്. നഷ്‌ടപ്പെട്ട വിശ്വാസം എന്തുവില നൽകിയും വീണ്ടെടുക്കുക എന്നതാണ് ഇപ്പോഴത്തെ ആവശ്യം.