തിരുവനന്തപുരം: രാജ്യത്തെ മുസ്ലീം ന്യൂനപക്ഷ വിഭാഗത്തെ എൻ.ഡി.എയിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ട് ബി.ജെ.പി മുൻകൈ എടുത്ത് ദേശീയ തലത്തിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ആചോലിക്കുന്നതായി സൂചന. ഇപ്പോഴും മുസ്ലീം സമുദായം ബി.ജെ.പിയോട് അടുക്കാൻ മടിച്ചു നിൽക്കുന്ന സാഹചര്യത്തിലാണ് അവരെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ട് പുതിയ പാർട്ടിക്ക് രൂപം നൽകുന്നതത്ര. എൻ.ഡി.എയുടെ ഘടകകക്ഷി എന്ന നിലയിലാകും പാർട്ടിയുടെ പ്രവർത്തനം. കേരളത്തിലടക്കം ഇതിന്റെ ഘടകങ്ങൾ രൂപീകരിക്കാനും ബി.ജെ.പി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി കേരളത്തിൽ ഒരു പ്രമുഖ ഇടതുസഹയാത്രികനെ ബന്ധപ്പെട്ടതായും സൂചനയുണ്ട്. എന്നാൽ, അദ്ദേഹം അതിനോട് അനുകൂലമായി പ്രതികരിച്ചോ എന്ന് വ്യക്തമായിട്ടില്ല. ഇതുപോലെ മറ്റ് സംസ്ഥാനങ്ങളിലും നിലവിൽ ഏതെങ്കിലും പാർട്ടിയിലോ സംഘടനയിലോപെട്ട പ്രമുഖരെ നേതൃനിരയിലേക്ക് എത്തിച്ചാകും പുതിയ പാർട്ടി രൂപീകരിക്കുക.
നിലവിൽ ആർ.എസ്.എസ് നേതൃത്വത്തിൽ രാഷ്ട്രീയ മുസ്ലിം മഞ്ച് എന്ന സംഘടന പ്രവർത്തിക്കുന്നുണ്ട്. പ്രമുഖ ആർ.എസ്.എസ് നേതാവും ജമ്മുകാശ്മീരിലെ മുൻ പ്രാന്ത പ്രചാരകുമായ ഇന്ദ്രേഷ് കുമാറാണ് ഇതിന്റെ പ്രധാന സംഘാടകൻ. വീണ്ടും നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ എൻ.ഡി.എ അധികാരത്തിലെത്തിയതോടെ ന്യൂനപക്ഷ വിഭാഗങ്ങളിൽപെട്ടവർ സഖ്യത്തോട് ചേർന്ന് പ്രവർത്തിക്കാൻ പലയിടങ്ങളിലും താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇതിന്റെകൂടി അടിസ്ഥാനത്തിലാണ് പുതിയ പാർട്ടി എന്ന ആശയത്തിലേക്ക് എത്തിയതത്രേ.
ബി.ജെ.പിയിൽ നേരിട്ട് അംഗത്വം എടുക്കാൻ പല തടസങ്ങൾ നേരിടുന്നവർക്കും പുതിയ പാർട്ടി എന്നത് ആകർഷകമാകുമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു. മുസ്ലീം സമുദായങ്ങൾ ഉൾപ്പെടെ ന്യൂനപക്ഷ വിഭാഗത്തെകൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പുതിയ പാർട്ടി എന്ന ആശയത്തിലേക്ക് ബി.ജെ.പി എത്തിയതെന്നാണ് സൂചന. മുത്തലാഖ് നിരോധിച്ചത് അടക്കമുള്ള കാര്യങ്ങളിൽ പൊതുസമൂഹത്തിൽ വലിയ സ്വീകാര്യത കിട്ടിയ സാഹചര്യം കൂടി കണക്കിലെടുത്താണിത്. ജമ്മുകാശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിലെടുത്ത തീരുമാനവും ഇതിന് പ്രേരകമായിട്ടുണ്ട്.
എന്നാൽ, പുതിയ പാർട്ടിയുടെ ഘടന എങ്ങനെയാണെന്നോ എന്ന് രൂപീകരിക്കുമെന്നോ ഇതുവരെ വ്യക്തത വന്നിട്ടില്ല. പല സംസ്ഥാനങ്ങളിലും ചില സംഘടനകളുമായും നേതാക്കളുമായും ബന്ധപ്പെട്ട് തുടങ്ങിയെന്നാണ് വിവരം. ഇതിന്റെ ഭാഗമായാണ് കേരളത്തിലും ചില നേതാക്കളെ നോട്ടമിട്ടത്. എന്നാൽ, പാർട്ടി രൂപീകൃതമാകുമ്പോൾ അതേക്കുറിച്ച് ആലോചിക്കാം എന്നാണത്രേ ചില നേതാക്കൾ മറുപടി നൽകിയത്.