തിരുവനന്തപുരം: മോട്ടോർ ട്രാൻസ്‌പോർട്ട് തൊഴിലാളികൾക്ക് നിയമപ്രകാരം ലഭിക്കേണ്ട വേതനം തൊഴിലുടമ നൽകാതിരുന്നാൽ അതിനെതിരെ ഹർജി ബോധിപ്പിക്കാൻ തൊഴിലാളികൾക്ക് അവകാശം നൽകുന്നതിന് 1971ലെ കേരള മോട്ടോർ ട്രാൻസ്‌പോർട്ട് വർക്കേഴ്‌സ് പേമെന്റ് ഒഫ് ഫെയർ വേജസ് ആക്ട് ഭേദഗതി ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. മോട്ടോർ തൊഴിലാളികൾക്ക് ന്യായമായ വേതനം ഉറപ്പാക്കുന്നതിന് ഉദ്ദേശിച്ചാണ് നിയമഭേദഗതി.
തസ്തിക മാറ്റം: മുൻനില തുടരും
വിവിധ സർക്കാർ വകുപ്പുകളിൽ 2014 ജനുവരി 3ന് മുമ്പ് വിശേഷാൽ ചട്ടപ്രകാരം താഴ്ന്ന വിഭാഗം ജീവനക്കാർക്ക് പത്തു ശതമാനത്തിനുമേൽ തസ്തികമാറ്റ നിയമനം അനുവദിച്ചിരുന്നത് തുടരാൻ തീരുമാനിച്ചു. ഇതിനുവേണ്ടി ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിന്റെ 2014 ജനുവരി 3ന്റെ ഉത്തരവ് ഭേദഗതി ചെയ്യും. മലപ്പുറം സർക്കാർ വനിതാ കോളേജിൽ ഒരു സീനിയർ സൂപ്രണ്ടിന്റെയും ഒരു എൽ.ഡി. ക്ലാർക്കിന്റെയും തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്‌സ്) 15 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഓയിൽ പാം ഇന്ത്യ ലിമിറ്റഡിൽ 17500- 39500 എന്ന ശമ്പള സ്‌കെയിലിൽ 3 മെക്കാനിക്കൽ അസിസ്റ്റന്റ് തസ്തിക പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചു.
ഉപഭാഷ തസ്തികകൾ
പാലക്കാട് ശബരി ഹയർസെക്കൻഡറി സ്‌കൂൾ (ഹിന്ദി), അരീക്കോട് സുല്ലമുസ്സലം ഓറിയന്റൽ ഹയർസെക്കൻഡറി സ്‌കൂൾ (മലയാളം), കാസർകോട് കൊടലമൊഗ്രു എസ്.വി.വി ഹയർസെക്കൻഡറി സ്‌കൂൾ (കന്നട), കാസർകോട് നീർച്ചാൽ എം.എസ് കോളേജ് ഹയർസെക്കൻഡറി സ്‌കൂൾ (കന്നട), കാസർകോട് ഷേനി ശ്രീ ശാരദാംബ ഹയർസെക്കൻഡറി സ്‌കൂൾ (കന്നട), കാസർകോട് പടന്ന വി.കെ.പി.എച്ച്. എം.എം.ആർ വി.എച്ച്.എസ്.എസ് (മലയാളം), കാസർകോട് ധർമ്മത്തടുക്ക ശ്രീദുർഗ്ഗാ പരമേശ്വരി എ.എച്ച്.എസ്.എസ് (കന്നട) എന്നീ വിദ്യാലയങ്ങളിൽ ഓരോ ഉപഭാഷ തസ്തിക സൃഷ്ടിക്കാൻ തീരുമാനിച്ചു.