മലയിൻകീഴ്: വന്ധ്യംകരണ പദ്ധതികൾ കൃത്യമായി നടക്കാതായതോടെ ഗ്രാമപ്രദേശങ്ങളിൽ യാത്രക്കാർക്ക് വഴി നടക്കാനാകാത്ത വിധം തെരുവ് നായ്ക്കളുടെ ശല്യം വർദ്ധിക്കുന്നു. കൂട്ടമായിട്ടെത്തുന്ന നായ്ക്കൾ കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കും ഭീഷണിയാകുകയാണ്. മലയിൻകീഴ് ക്ഷേത്ര ജംഗ്ഷൻ നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറി. കഴിഞ്ഞ ദിവസം രാവിലെ ക്ഷേത്രദർശനത്തിന് പോയ സ്ത്രീയെ ക്ഷേത്ര റോഡിൽ തെരുവ് നായ് കടിച്ച് പരിക്കേൽപ്പിച്ചതാണ് ഒടുവിലത്തെ സംഭവം. മലയിൻകീഴ്, വിളപ്പിൽ, വിളവൂർക്കൽ, മാറനല്ലൂർ എന്നീ പഞ്ചായത്ത് പ്രദേശങ്ങളിൽ നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. ഇവ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അടഞ്ഞ് കിടക്കുന്ന കടകൾക്ക് മുന്നിലും റോഡിലുമായി വാസം ഉറപ്പിച്ചിരിക്കുന്നത്
ജനങ്ങളിൽ ഭീതിപരത്തുകയാണ്. കഴിഞ്ഞ ദിവസം തെരുവ് നായും കുട്ടികളും മലയിൻകീഴിലെ കച്ചവടസ്ഥാപനത്തിന്റെ മുന്നിൽ വാസമുറപ്പിച്ചത് കച്ചവടത്തെ ബാധിച്ചുവെന്ന് വ്യാപാരികൾ പറയുന്നു. ഭക്ഷണ അവശിഷ്ടങ്ങൾ കടിച്ചെടുത്ത് ഓടുന്ന നായയുടെ പിന്നാലെ മറ്റ് നായ്ക്കൂട്ടവും ഓടുന്നത് പലപ്പോഴും യാത്രക്കാർ അപകടത്തിലാകാൻ കാരണമാകാറുണ്ട്. സ്കൂൾ വിടുന്ന നേരങ്ങളിൽ ഇങ്ങനെ പരക്കം പായുന്ന നായ്ക്കളുടെ
ആക്രമണത്തിന് നിരവധി കുട്ടികളും ഇരയാകാറുണ്ട്. ബസ് കാത്ത് നിൽക്കുന്നവരുടെ ഇടയിലേക്ക് തെരുവ് നായ്ക്കൾ കൂട്ടത്തോടെ പാഞ്ഞടുക്കുന്നത് പതിവായിട്ടുണ്ട്. മലയിൻകീഴ് ക്ഷേത്ര ജംഗ്ഷൻ, ഗവ.എൽ.പി.ബി.എസ്, മലയിൻകീഴ് - ഊരുട്ടമ്പലം റോഡ്, പാപ്പനംകോട് റോഡ്, ശാന്തുമൂല, പാലോട്ടുവിള, മലയിൻകീഴ് മാർക്കറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ നായ്ക്കളെ കൊണ്ട് ജനങ്ങൾക്ക് പൊറുതിമുട്ടിയ അവസ്ഥയിലാണ്. തെരുവ് നായ് ശല്യം അമർച്ച ചെയ്യാൻ അധികൃതരുടെ ഭാഗത്ത് നിന്ന് നടപടികളുണ്ടാകണമെന്ന ആവശ്യം ശക്തമായെങ്കിലും യാതൊരു ഫലവുമുണ്ടായിട്ടില്ല. തെരുവ് നായ വന്ധ്യംകരണം പേരിന് മാത്രമായതാണ് നായ്ക്കളുടെ ശല്യം വർദ്ധിക്കാൻ കാരണമെന്ന് ആക്ഷേപമുണ്ട്. അധികൃതർ ഇടപെട്ട് പ്രശ്നപരിഹാരം കാണണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.