pralayam

കിളിമാനൂർ: കഴിഞ്ഞ മഹാപ്രളയത്തിൽ നാടിന് കൈത്താങ്ങായത് പോലെ ഇക്കുറിയും പ്രകൃതി ദുരന്തത്തിൽപ്പെട്ട് സർവതും നഷ്ടപ്പെട്ട സഹപാഠികൾക്ക് സഹായ ഹസ്തവുമായി കിളിമാനൂരിലെ കുരുന്നുകൾ.

കിളിമാനൂർ വിദ്യാഭ്യാസ ഉപ ജില്ലയിലെ 73 വിദ്യാലയങ്ങളിൽ നിന്നും ഇത്തവണയും പoനോപകരണങ്ങൾക്ക് പുറമേ കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങളും മറ്റ് അത്യാവശ്യ സാധനങ്ങളും ശേഖരിച്ച് ബി.ആർ.സിയിൽ എത്തിച്ചിരുന്നു. ശേഖരിച്ച വസ്തുക്കളുമായി ബി.ആർ.സിയിൽ നിന്നുള്ള വാഹനം അഡ്വ. ബി.സത്യൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.

എസ്.എൻ.വി സ്കൂളിൽ ഗവ. കളക്ഷൻ സെന്ററിൽ എത്തിച്ച സാധനങ്ങൾ സബ് കളക്ടർ കെ. ഇമ്പശേഖർ ഐ.എ.എസിന് കൈമാറി. കഴിഞ്ഞ വർഷം ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിൽ നേരിട്ട് എത്തിയാണ് പഠനോപകരണങ്ങൾ നൽകിയത്.

സമഗ്ര ശിക്ഷാ കേരള ഡി.പി.ഒ, ബി. ശ്രീകുമാരൻ, ബി.പി.ഒ എം.എസ്. സുരേഷ് ബാബു, പരിശീലകരായ വൈശാഖ് കെ.എസ്, സ്മിത പി.കെ, ഷീബ .കെ, വിനോദ് കെ.എസ്, സനൽ എന്നിവർ പങ്കെടുത്തു.