anilkumarum-amma-leelayum

കല്ലമ്പലം: ആദ്യം ഭർത്താവ് സുഹീന്ദ്രൻ, പിന്നാലെ അയാളുടെ സഹോദരിമാരായ വാസന്തി, ഓമന, ചന്ദ്രിക അജ്ഞാതരോഗം ബാധിച്ച് കുടുംബത്തിലെ ഒാരോരുത്തരായി ലീലയെ വിട്ടുപിരിഞ്ഞു. എന്നിട്ടും പതറാതെ പോരാടിയ ലീലയെ 70-ാം വയസിൽ വിധി വീണ്ടും വെല്ലുവിളിച്ചു. വിദേശത്തായിരുന്ന മകൻ അനിൽകുമാറിനും (50), പിന്നാലെ മകൾ അജിതയ്ക്കും (46) രോഗം ബാധിച്ചു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു മകനായ സുനിൽകുമാറിനും (48) അസുഖത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ കണ്ടുതുടങ്ങി.

40 വയസ് പിന്നിടുമ്പോഴാണ് കുടുംബത്തിലെ ഓരോരുത്തർക്കായി ഈ അജ്ഞാത രോഗം പിടിപെടുന്നത്. ആദ്യം കൈകാലുകളിൽ വേദന അനുഭവപ്പെടും. പിന്നെ നടക്കാനാവാതെ വന്ന് ശരീരം തളർന്ന് പാടെ കിടപ്പിലാകും. പല ചികിത്സകൾ പരീക്ഷിച്ചെങ്കിലും രോഗം ഏതെന്ന് പോലും തിരിച്ചറിയാനായിട്ടില്ല. വേദന തിന്ന് മരിക്കുകയെന്നതാണ് ദുർവിധി.

19 വർഷം മുമ്പ് ചുമട്ടു തൊഴിലാളിയായിരുന്ന ഭർത്താവ് സുഹീന്ദ്രൻ ഇതേ രോഗം ബാധിച്ച് മരിച്ചപ്പോൾ തോട്ടയ്ക്കാട് വെട്ടിമൺകോണം കുന്നിൽ പുത്തൻവീട്ടിൽ ലീലയുടെ പ്രതീക്ഷ മക്കളിലായിരുന്നു. എന്നാൽ അച്ഛന്റെ അതേ രോഗം ബാധിച്ച് അനിൽകുമാർ വിദേശത്തു നിന്ന് നാട്ടിലെത്തിയതോടെ ഭാര്യയും മകനും ഇയാളെ ഉപേക്ഷിച്ചു പോയി. തളർന്ന് കിടപ്പിലായ മകനെ വാർദ്ധക്യം മറന്ന് ശുശ്രൂഷിക്കുകയാണ് ഈ അമ്മ.

സ്വന്തമായി ആകെയുള്ള 6 സെന്റ് ഭൂമിയും പഴക്കം ചെന്ന വീടും പണയത്തിലാണ്. 19വർഷത്തിനു മുമ്പ് ഒറ്റൂർ സഹകരണ ബാങ്കിൽ നിന്ന് ഇത് പണയപ്പെടുത്തി അര ലക്ഷം രൂപ ലോൺ എടുത്തിരുന്നു. അതിപ്പോൾ ഏഴു ലക്ഷമായി പെരുകി ജപ്തി ഭീഷണിയിലാണ്.

വീടിന്റെ അറ്രകുറ്റപ്പണിക്കും കിടപ്പ് രോഗിയായ മകന് കക്കൂസിനും അപേക്ഷ നൽകിയെങ്കിലും പരിഗണിച്ചില്ല. മകന് ഒരു നേരത്തെ അന്നത്തിന് ബുദ്ധിമുട്ടുന്ന ഈ അമ്മ മകന്റെ ചികിത്സയ്‌ക്കായി സുമനസുകളുടെ സഹായം തേടുകയാണ്. ലീലയുടെ പേരിൽ ഇന്ത്യൻ ഓവർസീസ്‌ ബാങ്കിന്റെ വടശ്ശേരിക്കോണം ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ: 076901000014216. IFSC:IOBA0000769.