വെഞ്ഞാറമൂട്: വേളാവൂരിൽ ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ നിറുത്താതെപോയ ലോറി പൊലീസ് പിടികൂടി ഡ്രൈവറെ അറസ്റ്റുചെയ്തു. എറണാകുളം ഇടപ്പള്ളി അകത്തോട്ട് ഹൗസ്, അബ്ദുൽ നാസറിന്റെ ഉടമസ്ഥതയിലുള്ള ലോറിയാണ് വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. ലോറിയുടെ ഡ്രൈവർ അടിമാലി, സൂര്യനഗർ വടക്കുകാലയിൽ വീട്ടിൽ മനുലെനിൻ (34) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 14 ന് രാത്രി 9.40 ന് ബൈപ്പാസ് റോഡിൽ വേളാവൂർ ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. ബൈക്ക് യാത്രികൻ കീഴാറ്റിങ്ങൽ, വിളയിൽ മൂല, അഷ്ടമിയിൽ ബിജു (45) ആണ് അപകടത്തിൽ മരണമടഞ്ഞത്. സംഭവ ദിവസം തിരുവനന്തപുരത്തു നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബിജു. മുൻപേ പോകുകയായിരുന്ന കാർ സംഭവസ്ഥലത്തുവച്ച് വെട്ടിയൊടിച്ച് ഇടറോട്ടിൽ പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്കിൽ തട്ടി ബിജു റോഡിലേക്ക് വീണു. എതിരെ വന്ന ലോറി തലയിൽ കയറിയിറങ്ങി ബിജു സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.