wafa

കല്ലമ്പലം : മാദ്ധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊന്ന സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനോടൊപ്പമുണ്ടായിരുന്ന വഫയ്‌ക്കൊപ്പം ജീവിക്കാൻ ആഗ്രഹമില്ലെന്ന് ഭർത്താവ് ഫിറോസ്. നാവായിക്കുളം വെള്ളൂർക്കോണം മുസ്‌​ലിം ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി പ്രസിഡന്റിന് നൽകിയ കത്തിലാണ് ഫിറോസ് ഇക്കാര്യം വ്യക്തമാക്കിയത്. കത്ത് നൽകാൻ കഴിഞ്ഞാഴ്ചയാണ് നാവായിക്കുളം കുളങ്ങര വീട്ടിൽ ഫിറോസ് അബുദാബിയിൽ നിന്ന് നാട്ടിലെത്തിയത്.

ഇസ്ലാമിക ചട്ടങ്ങൾക്ക് വിരുദ്ധമായി ജീവിക്കുന്ന വഫയ്‌ക്കൊപ്പം ജീവിക്കാൻ ആഗ്രഹമില്ലെന്നും 45 ദിവസത്തിനകം നടപടി വേണമെന്നുമാണ് ഫിറോസിന്റെ ആവശ്യം. നിയമോപദേശം തേടിയ ഫിറോസ്​ മഹലിൽ നിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്. കത്ത് നൽകിയ ശേഷം വിദേശത്തേക്ക് മടങ്ങിയ ഫിറോസ്​ അടുത്തമാസം തിരിച്ചുവരും. വിവാഹമോചനമാവശ്യപ്പെട്ട് ഫിറോസ്​ വഫയ്‌ക്ക് വക്കീൽ നോട്ടീസുമയച്ചിട്ടുണ്ട്. ഇതിന്റെ പകർപ്പ് മഹല്ല് കമ്മിറ്റിക്കും വഫയുടെ മാതാപിതാക്കൾക്കും നൽകി. നോട്ടീസിന്റെ പകർപ്പ് വെള്ളിയാഴ്ച ലഭിച്ചെന്ന് മഹല്ല് കമ്മിറ്റി സ്ഥിരീകരിച്ചു.

ഫിറോസ്​ ഒരാഴ്ച തിരുവനന്തപുരത്തുണ്ടായിരുന്നെങ്കിലും സ്വന്തം വീട്ടിലോ വഫ താമസിക്കുന്ന പട്ടം മരപ്പാലത്തെ വീട്ടിലോ പോയില്ല. കൂടാതെ വഫയ്‌ക്കൊപ്പമുള്ള തന്റെ മകളെ അബുദാബിയിലേക്ക് കൊണ്ടുപോകാനും ഫിറോസ് ആലോചിക്കുന്നുണ്ട്.

വഫയെ ജാമ്യത്തിലിറക്കാൻ പോയതിലുള്ള അതൃപ്തി തന്റെ മാതാപിതാക്കളെ ഫിറോസ്​ അറിയിച്ചതായും സൂചനയുണ്ട്. എന്നാൽ ഭർത്താവിന്റെ ആരോപണം ശരിയല്ലെന്നും വിവാഹമോചനത്തിനെതിരെ നിയമപോരാട്ടം തുടരുമെന്നുമാണ് വഫയുടെ നിലപാട്. അതിനിടെ വഫയുടെ പിതാവ് കഴിഞ്ഞ ദിവസം സൗദി അറേബ്യയിൽ നിന്ന് നാട്ടിലെത്തി ഫിറോസിന്റെ മാതാപിതാക്കളുമായി ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല.