തിരുവനന്തപുരം: സംസ്ഥാന പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കഴിഞ്ഞ വർഷം നൽകിയതിൽ കുറയാത്ത തുക ഇക്കുറിയും ബോണസ്സായി നൽകാനും ,മിനിമം ബോണസ്സ് 8.33 ശതമാനമായി നിജപ്പെടുത്താനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിൽ കഴിഞ്ഞ വർഷം 8.33 ശതമാനത്തിൽ താഴെ ബോണസ്സ് ലഭിച്ചവർക്ക് ഇത്തവണ 8.33 ശതമാനമായി ഉയരും. ഇതിൽ കൂടുതൽ ലഭിച്ചവർക്ക് കഴിഞ്ഞവർഷം കിട്ടിയ തുക തന്നെ കിട്ടും. ബോണസ്സ് നൽകാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾക്കും അംഗീകാരമായി. സർക്കാർ ജീവനക്കാരുടെ ബോണസ്സും ഉത്സവബത്തയും പിന്നീട് തീരുമാനിക്കും.
ആർഭാടമൊഴിവാക്കി
ഓണം വാരാഘോഷം
പ്രളയത്തിന്റെ പേരിൽ ഇക്കുറി ഓണം വാരാഘോഷം റദ്ദാക്കില്ല. ആർഭാടമൊഴിവാക്കിയാവും ആഘോഷം. പ്രളയത്തിന്റെ പേരിൽ കഴിഞ്ഞവർഷം ഓണാഘോഷം വേണ്ടെന്ന് വച്ചിരുന്നു. എല്ലാ തവണയും റദ്ദാക്കുന്നത് ടൂറിസത്തെയും വ്യാപാരമേഖലയെയും ദോഷകരമായി ബാധിക്കുമെന്ന് മന്ത്രിസഭായോഗത്തിൽ അഭിപ്രായമുയർന്നു. സർക്കാർ ജീവനക്കാരുൾപ്പെടെ മിക്കവാറും എല്ലാവർക്കും ബോണസ്സ് ലഭിക്കുന്നതിനാൽ വൻതോതിൽ വ്യാപാരം നടക്കുന്ന സമയമാണ്. ആഘോഷം ഒഴിവാക്കുന്നത് വ്യാപാര, വാണിജ്യ മേഖലകളുടെ നട്ടെല്ല് തകർക്കും. സർക്കാരിന്റെ നികുതി വരുമാനത്തെയും ബാധിക്കും.
തലസ്ഥാനത്ത്
ഉത്സവമേഖല
ഓണം ടൂറിസം വാരാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 10 മുതൽ 16 വരെ തലസ്ഥാനത്ത് കവടിയാർ മുതൽ മണക്കാട് വരെയുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിക്കും. സർക്കാർ വകുപ്പുകൾ, പൊതുമേഖലാ, കേന്ദ്ര സർക്കാർ , തദ്ദേശ ഭരണ , സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ദീപാലങ്കാരം നടത്തും.