kerala

തിരുവനന്തപുരം: പട്ടികവിഭാഗങ്ങൾക്കായി സർക്കാർ സർവീസിൽ സംവരണം ചെയ്തിട്ടുള്ള 1149 തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.

നിയമനം നടത്താത്ത 1149 തസ്തികകളിൽ 59എണ്ണം ഗസറ്റഡ് തസ്തികകളും 953എണ്ണം നോൺഗസറ്റഡും 137എണ്ണം ലാസ്റ്റ്‌ഗ്രേഡ് തസ്തികകളുമാണ്. പട്ടിക വിഭാഗക്കാർക്കായി നീക്കിവച്ച ഒഴിവുകളിൽ വേണ്ടത്ര ഉദ്യോഗാർത്ഥികളെ ലഭിക്കാത്ത സാഹചര്യത്തിൽ സ്‌പെഷ്യൽ റൂൾ ഭേദഗതി ചെയ്തു യോഗ്യതയിൽ ഇളവു നൽകാനും, അതിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് നടത്താനും കഴിഞ്ഞവർഷം ജൂലായിൽ പി.എസ്.സി സർക്കാരിന് ശുപാർശ നൽകിയിരുന്നു. പക്ഷേ, പട്ടികവിഭാഗക്കാരുടെ കാര്യമായതിനാൽ ഉന്നത ഉദ്യോഗസ്ഥർ താത്പര്യം കാട്ടിയില്ല. ഒഴിവുകൾ കൃത്യമായി പി.എസ്.സിയെ അറിയിക്കാതെ വകുപ്പ് മേധാവികളും സ്പെഷ്യൽ റിക്രൂട്ട്മെന്റ് കാര്യക്ഷമമാക്കാതെ പി.എസ്.സിയും ഉഴപ്പുന്നതാണ് ഈ സ്ഥിതിയുണ്ടാക്കിയത്.

ആരോഗ്യം, പൊലീസ്, വിദ്യാഭ്യാസം അടക്കം12 വകുപ്പുകളിലാണ് പട്ടികവിഭാഗങ്ങളുടെ തസ്തികകൾ പൂഴ്‌ത്തിയിരിക്കുന്നത്.

സർക്കാരിലെ 82വകുപ്പുകളിൽ പകുതിയിലും പട്ടികവിഭാഗങ്ങളുടെ ഒഴിവുകളുണ്ട്. ഏറ്റവുമധികം ആരോഗ്യവിദ്യാഭ്യാസ വകുപ്പിലാണ്-210. ആരോഗ്യവകുപ്പിൽ 162ഉം പൊലീസിൽ132ഉം പൊതുമരാമത്തിൽ130ഉം തസ്തികകൾ ഒഴിച്ചിട്ടിരിക്കുകയാണ്.

പട്ടികവിഭാഗങ്ങളുടെ ഒഴിവുകളിൽ ജൂൺവരെ നിയമനം നടത്തിയത് 14 തസ്തികകളിൽ മാത്രം. പട്ടികവർഗക്കാരുടെ സ്പെഷ്യൽ റിക്രൂട്ട്മെന്റിലൂടെ 11തസ്തികകളിൽ നിയമനംനടത്തി.

പട്ടികവർഗക്കാരുടെ സ്പെഷ്യൽ റിക്രൂട്ട്മെന്റിലുമുണ്ട് ഈ തട്ടിപ്പ്. ജൂൺ30വരെ 1227തസ്തികകൾ ഒഴിച്ചിട്ടിരിക്കുകയാണ്.

പട്ടികജാതിക്കാരുടെയും പട്ടികവർഗക്കാരുടെയും

അഞ്ചിലേറെ ഒഴിവുള്ള വകുപ്പുകൾ

ആരോഗ്യവിദ്യാഭ്യാസം-210

ആരോഗ്യവകുപ്പ്-162

പൊലീസ് -132

പൊതുമരാമത്ത്-130

അഗ്നിശമനസേന-112

വ്യവസായപരിശീലനം-81

വൊക്കേഷണൽ ഹയർസെക്കൻഡറി- 60

ഹയർസെക്കൻഡറി-57

ജലസേചനം-55

പഞ്ചായത്ത്-25

മൃഗസംരക്ഷണം-17

മോട്ടോർവാഹനം-17

ധനകാര്യ സെക്രട്ടേറിയറ്റ്-15

നഗരാസൂത്രണം-11

വ്യവസായം-9

ട്രഷറി-8

പി.എസ്.സി-7