ksrtc

തിരുവനന്തപുരം: ഒാണത്തിന് മുന്നോടിയായി കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർമാരെയും കണ്ടക്ടർമാരെയും കൂട്ടത്തോടെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നു. 1280 ഡ്രൈവർമാരെയും 584 കണ്ടക്ടർമാരെയും സ്ഥലം മാറ്റിക്കൊണ്ടുള്ള കരട് പട്ടിക തയ്യാറാക്കി യൂണിറ്റ് അധികാരികൾക്ക് അയച്ചുകൊടുത്തു. ഡ്രൈവർമാരെ കൂടുതലും വടക്കൻ ജില്ലകളിൽ നിന്ന് തെക്കോട്ടേക്ക് മാറ്റിയപ്പോൾ, കണ്ടക്ടർമാർക്ക് തിരിച്ചാണ് സ്ഥലം മാറ്റം.

അദ്ധ്യയന വർഷം തുടങ്ങി മൂന്ന് മാസം കഴിഞ്ഞുള്ള കൂട്ട സ്ഥലംമാറ്റത്തിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം പുകയുന്നു. മാനേജ്മെന്റിന്റെ പിടിപ്പുകേടു കാരണം തുടർച്ചയായി ശമ്പളം പോലും മുടങ്ങുന്നതിൽ ആകെ അസ്വസ്ഥരായ ജീവനക്കാരുടെ മുന്നിലേക്കാണ് സ്ഥലംമാറ്റ ലിസ്റ്റ് വച്ച് നീട്ടുന്നത്.

ടോമിൻ തച്ചങ്കരി എം.ഡിയായിരുന്ന കാലയളവിൽ പൊതുസ്ഥലംമാറ്റ രീതിയിൽ മാറ്റം കൊണ്ടുവന്നിരുന്നു. വർക്ക് അറേഞ്ച്മെന്റെന്ന രീതിയിൽ മൂന്നു മാസത്തേക്കായിരുന്നു സ്ഥലംമാറ്റം. അതു കഴിഞ്ഞ് സ്വന്തം ജില്ലയിൽ ഡ്യൂട്ടി സൗകര്യം ഏർപ്പെടുത്തിയിരുന്നു . എന്നാൽ അംഗീകൃത തൊഴിലാളി സംഘടനാ നേതാക്കൾ ഇതിനെതിരെ രംഗത്തുവന്നു. എം.ഡി മാറിയ ശേഷം പഴയ പൊതു സ്ഥലംമാറ്റ രീതി മതിയെന്ന് അവർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് തയ്യാറാക്കിയതെന്ന് മാനേജ്മെന്റ് അറിയിച്ചു. രണ്ടു വർഷത്തേക്കാണ് പുതിയ സ്ഥലംമാറ്റം. തെക്കൻ ജില്ലകളിൽ ഡ്രൈവർമാരുടെയും വടക്കൻ ജില്ലകളിൽ കണ്ടക്ടർമാരുടെയും കുറവ് പരിഹരിക്കാനാണ് സ്ഥലംമാറ്റം ഈ രീതിയിലാക്കിയതെന്നും മാനേജ്മെന്റ് അറിയിച്ചു.