cash

തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് കഴിഞ്ഞവർഷം സർക്കാർ ജീവനക്കാർക്ക് നടപ്പാക്കിയ സാലറി ചലഞ്ച് ഇത്തവണയില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മന്ത്രിമാർ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തെങ്കിലും സർക്കാർ ജീവനക്കാരോട് അങ്ങനെ ആവശ്യപ്പെടേണ്ടെന്നാണ് തീരുമാനം. ഒരു ദിവസത്തെ ശമ്പളം നൽകാനും നിർബന്ധിക്കില്ല. താത്പര്യമുള്ളവർക്ക് ഇഷ്ടമുള്ള തുക സംഭാവന ചെയ്യാം. കഴിഞ്ഞവർഷം സാലറി ചലഞ്ച് നടപ്പാക്കിയത് പ്രതിഷേധം ക്ഷണിച്ചുവരുത്തിയ സാഹചര്യത്തിലാണിത്.

ഈ വർഷത്തെ പ്രളയബാധിത കുടുംബങ്ങൾക്ക് 10,000 രൂപ വീതമുള്ള ധനസഹായവിതരണം സെപ്തംബർ ഏഴിനകം പൂർത്തിയാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ അവരുടെ ജില്ലയിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രളയ ദുരിതാശ്വാസ അപേക്ഷകളിന്മേൽ അന്തിമ തീരുമാനമെടുക്കണം. അർഹരുടെ പട്ടിക സെപ്തംബർ മൂന്നിന് മുമ്പ് പ്രസിദ്ധീകരിക്കും. വിട്ടുപോയതായി പരാതിയുള്ളവർ അതുമായി സമീപിച്ചാൽ അവരുടെ കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. പ്രളയം ബാധിക്കാത്ത മേഖലയിലുള്ളവർ ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തുന്നതും പ്രളയം ബാധിച്ച കുടുംബങ്ങളിൽ ചിലർ ക്യാമ്പുകളിലേക്ക് പോകാതെ ബന്ധു ഗൃഹങ്ങളിലേക്ക് പോയതുമായ സംഭവങ്ങളുണ്ടായിട്ടുണ്ട്. അതിനാൽ, ക്യാമ്പിലെത്തിയവരെ മാത്രം അടിസ്ഥാനമാക്കി സഹായധനം നൽകേണ്ടെന്നാണ് തീരുമാനം. യഥാർത്ഥ പ്രളയബാധിതരെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ച് ഉറപ്പു വരുത്തുന്നവർക്കേ അർഹതയുണ്ടാവൂ. സംശയമുള്ളവരുടെ കാര്യത്തിൽ തദ്ദേശഭരണ സ്ഥാപനത്തിന്റെ സെക്രട്ടറിയും വില്ലേജ് ഓഫീസറും സംയുക്ത പരിശോധന നടത്തണം.