1

വിഴിഞ്ഞം: മോഷണത്തിനിടെ ഉണർന്ന വീട്ടുകാരെ കത്തികാട്ടി രക്ഷപ്പെട്ടയാളെ പൊലീസ് പിടികൂടി. വീട്ടിൽകയറി മാലപൊട്ടിക്കാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാർ ഉണർന്നു. തുടർന്ന് വീട്ടുകാരെ കാത്തികാട്ടി ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടു. സംഭവം അറിഞ്ഞെത്തിയ പൊലീസ് സാഹസികമായി ഇയാളെ പിടികൂടി. കരുംകുളം ചെക്കിട്ടവിളാകത്ത് കരടിബിനു വിളിക്കുന്ന ബിനു (19) നെയാണ് കാഞ്ഞിരംകുളം സി.ഐ. ചന്ദ്രദാസിന്റെ നേതൃത്വത്തിൽ എസ്.ഐ. ബിനുആന്റണി, പൊലീസുകാരായ വിൽസ്, കുമാർ എന്നിവർ ചേർന്ന് പിടികൂടിയത്. പുതിയതുറ കളപ്പുരവീടിന്റെ മേൽക്കൂര പൊളിച്ച് ഉള്ളിൽകയറിയ ഇയാൾ വീട്ടുകാരുടെ മാലപൊട്ടിക്കാനുള്ള ശ്രമം നടത്തി. ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നപ്പോൾ കത്തികാണിച്ച് ഭീഷണിപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് വീട്ടുകാർ കാഞ്ഞിരംകുളം പൊലീസിനെ വിവരം അറിയിച്ചു. പൊലീസിന്റെ രാത്രിയിലുള്ള തെരച്ചിലിൽ ഇയാളെ ആളൊഴിഞ്ഞ വീടിന്റെ ടറസിന് മുകളിൽ കണ്ടെത്തി. പടികളില്ലാത്ത ടറസിന് മുകളിൽനിന്ന പൊലീസിനെ കണ്ടെപ്പോൾ രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. പൊലീസ് വീട് വളഞ്ഞ് സാഹസികമായി ഇയാളെ പിടികൂടുകയായിരുന്നു. പുതിയതുറ പുല്ലുവിള കടപ്പുറത്ത് രാത്രികാലങ്ങളിൽ കറങ്ങിനടന്ന് തീരത്ത് കിടന്നുറങ്ങുന്നവരുടെ മൊബൈലും പണവും മോഷ്ടിക്കുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.