തിരുവനന്തപുരം: ആക്കുളം കായലിനോട് ചേർന്നുള്ള മൂന്നേക്കറോളം നിലം നികത്തിയതായി ലാൻഡ് റവന്യൂ അധികൃതരുടെ പരിശോധനയിൽ കണ്ടെത്തി. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥലം മണ്ണും ചെളിയും ഉപയോഗിച്ച് നികത്തിയെന്ന് ബോദ്ധ്യപ്പെട്ടതായി റവന്യൂ അധികൃതർ പറഞ്ഞു. അനധികൃതമായി നിലം നികത്തിയെന്ന പരാതിയിൽ ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരം ലാൻഡ് ആൻഡ് റവന്യു തഹസിൽദാർ പ്രിയ ഐ. നായർ, ഡെപ്യൂട്ടി തഹസിൽദാർ നാഗേഷ് .ബി.ആർ, ആറ്റിപ്ര കൃഷിഓഫീസർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ വൈകിട്ട് മൂന്നോടെ പരിശോധന നടത്തിയത്. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം നിലം നികത്തിയതുമായി ബന്ധപ്പെട്ട് ഒരുമാസം മുമ്പ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ആറ്റിപ്ര വില്ലേജ് ഓഫീസിൽ നിന്നും കളക്ടറേറ്റിൽ നിന്നും സ്ഥലമുടമകളായ പത്തോളം പേർക്ക് നിരോധന ഉത്തരവും നൽകിയിരുന്നു. പ്രദേശത്ത് കരിങ്കല്ലുപയോഗിച്ച് അതിര് തിരിച്ചിട്ടുണ്ട്. രേഖകളിൽ കൃത്രിമം കാണിച്ചാണ് നിലം നികത്തിയതെന്നും കായൽ കൈയേറിയതെന്നുമാണ് പരാതിക്കാരുടെ ആരോപണം. എന്നാൽ വില്ലേജ് ഓഫീസിലെ രേഖകളിൽ സ്ഥലം കരഭൂമിയാണെന്നും സ്ഥലം നികത്തിയിട്ടില്ലെന്നുമാണ് ഉടമകളുടെ അവകാശവാദം. സ്ഥലപരിശോധനയ്ക്കിടെ പരാതിക്കാരും സ്ഥലമുടമകളും തമ്മിൽ വാക്കുതർക്കവുമുണ്ടായി. തുടർന്ന് റവന്യൂ ഉദ്യോഗസ്ഥർ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.

'' അനധികൃതമായി നിലം നികത്തുന്നുവെന്ന പരാതിയിൽ ജില്ലാ കളക്ടറുടെ നി‌ർദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കളക്ടർക്ക് സമർപ്പിക്കും. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരം സ്ഥലം തിരിച്ചുപിടിച്ച് പൂർവ സ്ഥിതിയിലാക്കാനുള്ള നടപടി സ്വീകരിക്കും.

പ്രിയ ഐ. നായർ, തഹസിൽദാർ, ലാൻഡ് ആൻഡ് റവന്യു