thodu

വർക്കല : പാപനാശം തീരത്ത് തോട്ടിലൂടെ ഒഴുകിയെത്തുന്ന മലിനജലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും സൃഷ്ടിക്കുന്നതായി പരാതി. പാപനാശം തീരത്തുകൂടി കടലിൽ ചേരുന്ന കൈത്തോട്ടിലൂടെയാണ് മലിനജലമെത്തുന്നത്. വർഷങ്ങളായി തുടരുന്ന അഴുക്കുജലത്തിന്റെ ഒഴുക്ക് ഇല്ലാതാക്കാൻ അധികൃതർക്ക് കഴിയുന്നില്ല.

ചക്രതീർത്ഥക്കുളത്തിൽ നിന്നും ഉത്ഭവിക്കുന്നതാണ് ഈ കൈത്തോട്. ചക്രതീർത്ഥക്കുളം കഴിഞ്ഞ് പാപനാശം വരെ ഒരു കാലത്ത് നെൽവയലായിരുന്നു. ഇവിടെ കൃഷിയാവശ്യത്തിന് ഈ തോട്ടിൽ നിന്നുള്ള ജലമാണ് സമൃദ്ധമായി ഉപയോഗിച്ചിരുന്നത്. കാലക്രമേണ നെൽവയലുകൾ ഇല്ലാതാവുകയും കരഭൂമിയായി മാറ്റിയ സ്ഥലം സ്വകാര്യവ്യക്തികൾ കൈവശപ്പെടുത്തുകയും ചെയ്തു. ഇതോടെ തോടിന്റെ കരയിൽ കച്ചവടസ്ഥാപനങ്ങളും ഹോട്ടലുകളും ഇടംപിടിച്ചു.

വശങ്ങളിടിഞ്ഞും കാടുകയറിയും ശോഷിച്ച അവസ്ഥയിലായ ഈ തോട്ടിലേക്ക് ഇത്തരം സ്ഥാപനങ്ങളിലെ ഡ്രെയിനേജ് കുഴലുകൾ ഉൾപ്പെടെ നീട്ടിയതോടെയാണ് ജലം മലിനമായത്. ഇക്കഴിഞ്ഞ കർക്കടകവാവിനു പോലും തോട് വൃത്തിയാക്കി മാലിന്യ പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർക്കായില്ല. പ്രകൃതിദത്ത നീരുറവകളാൽ സമ്പന്നമായ പാപനാശത്ത് അവയെ സംരക്ഷിക്കാനുള്ള നടപടികൾ ഒന്നും തന്നെയില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

തോട് കൈയേറി; മാലിന്യ നിക്ഷേപ കേന്ദ്രമാക്കി

‌ഡ്രെയിനേജ് കുഴലുകൾ തോട്ടിലേക്ക് സ്ഥാപിച്ച് ഹോട്ടലുകളും

ഹോട്ടൽ മാലിന്യങ്ങളും തോട്ടിലേക്ക് തള്ളുന്നു

പകർച്ച വ്യാധി ഭീഷണിയിൽ നാട്ടുകാർ

മലിന ജലം തീർത്ഥമായി ഉപയോഗിക്കുന്നു

ഒഴുകിവരുന്ന ഭാഗത്തെ എല്ലാ മാലിന്യങ്ങളും വഹിച്ചാണ് തോട് പാപനാശം തീരത്തെത്തുന്നത്. പാപനാശം തീർത്ഥഘട്ടത്തിൽ ബലിതർപ്പണത്തിനെത്തുന്നവർ തോട്ടിലെ ജലം തീർത്ഥമായി ഉപയോഗിക്കാറുണ്ട്. മലിനജലമാണെന്നറിയാതെയാണ് ഭക്തിപൂർവം ഉപയോഗിക്കുന്നത്. തീരത്തേക്കിറങ്ങുന്ന പ്രധാന വഴിയുടെ വലതുഭാഗത്തായി തീരം മുറിച്ചാണ് തോട് കടലിൽ ചേരുന്നത്. കണ്ടാൽ ശുദ്ധജലമാണെന്ന് തോന്നിക്കുന്ന തോട്ടിൽ വിനോദസഞ്ചാരികളും സ്ത്രീകളും കുട്ടികളുമൊക്കെ ഇറങ്ങുന്നുണ്ട്. കടലിൽ മുങ്ങിയശേഷം കൈകാൽ കഴുകുന്നതിനായും ഈ തോട്ടിലെ ജലം ഉപയോഗിക്കാറുണ്ട്. തീരം കാണാനെത്തുന്നവർ കുട്ടികളെ തോട്ടിൽ കളിപ്പിക്കുകയും ചെയ്യാറുണ്ട്.