മനുഷ്യജീവൻ ഏറ്റവും കൂടുതൽ അപഹരിക്കപ്പെടുന്ന പ്രകൃതി ദുരന്തമാണ് ഉരുൾപൊട്ടൽ. കേരളത്തിൽ ഉരുൾപൊട്ടൽ സാർവത്രികമായിക്കൊണ്ടിരിക്കുന്നു. 80 മുതൽ 100 വരെ ഉരുൾപൊട്ടൽ മലബാർ മേഖലയിൽ സംഭവിച്ചിട്ടുണ്ട്. വികസന സങ്കൽപ്പങ്ങളിൽ മാറ്റം വരുത്താൻ തയാറായില്ലെങ്കിൽ ഇത്തരം പ്രതിഭാസങ്ങൾ ഇനിയും ആവർത്തിക്കുമെന്ന് മാത്രമല്ല, പ്രഹരശേഷി മാരകവുമായിരിക്കും. ഉരുൾപൊട്ടലിനുള്ള കാരണങ്ങൾ ചികയുമ്പോൾ നമ്മൾ അനുവർത്തിച്ചു കൊണ്ടിരിക്കുന്ന ഭൂവിനിയോഗത്തെക്കുറിച്ചോ കൃഷിസമ്പ്രദായങ്ങളെക്കുറിച്ചോ ഒരിക്കലും പുനരാലോചനകൾ ഉണ്ടാകുന്നില്ല. ഏകവിള തോട്ടങ്ങളുടെ വ്യാപനവും വാർഷികവിളകളുടെ കൃഷിയും ഉരുൾപൊട്ടൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. മണ്ണ് ഇളക്കിമറിച്ചു കൊണ്ടുള്ള കൃഷി അപകടകരമാണ്. കേരളം പൊതുവെ ചരിവുള്ള മലമ്പ്രദേശമാണ്. മലഞ്ചരിവുകൾ, റോഡ്, കെട്ടിടനിർമ്മാണങ്ങൾക്ക് അനുയോജ്യമല്ല. ചരിവുള്ള പ്രദേശങ്ങളിൽ കപ്പ, വാഴ, പച്ചക്കറികൾ തുടങ്ങി എപ്പോഴും മണ്ണ് ഉഴുതുമറിച്ചു കൊണ്ടുള്ള കൃഷികൾ അനുവദനീയമല്ല.
ഉരുൾപൊട്ടലുകളുടെ പ്രധാന കാരണം മരംമുറിയ്‌ക്കലും വനനശീകരണവുമാണ്. ഒരു മരം വളർന്നു പന്തലിക്കുമ്പോൾ അത്രയും വിസ്‌തൃതിയിൽ അതിന്റെ വേരുകൾ ഭൂമിയുടെ ഉപരിഭാഗങ്ങളിലും താഴേക്കും വ്യാപിച്ചിരിക്കും. വേരുകളുടെ ശാഖകൾ മണ്ണിലേക്ക് ആഴ്ന്നിറങ്ങിയിരിക്കും. മരം മുറിക്കുമ്പോൾ മണ്ണിനടിയിലേക്ക് പടർന്ന് പന്തലിച്ച മരത്തിന്റെ വേരുകളും ശാഖകളും കാലക്രമേണ ദ്രവിച്ച് ചെറുതും വലുതുമായ സുഷിരങ്ങൾ ഭൂതലത്തിൽ രൂപപ്പെടുന്നു. വേരുകൾ ചീഞ്ഞ് മണ്ണിനടിയിൽ രൂപപ്പെടുന്ന സുഷിരങ്ങളിലൂടെ മഴക്കാലത്ത് മഴവെള്ളം ഊർന്നിറങ്ങും. മഴവെള്ളം ഭൂമിയുടെ ഉപരിതലത്തിലൂടെ ഒഴുകി താഴ്‌വാരങ്ങളിലൂടെ നദികളിലേക്ക് ഒഴുകുന്നതിന് പകരം ഭൂമിക്കുള്ളിലെ മരങ്ങളുടെ വേരുകൾ ദ്രവിച്ചുണ്ടായ സുഷിരങ്ങളിൽ കെട്ടിനിൽക്കുന്നു. ഇങ്ങനെയുള്ള സുഷിരങ്ങളിൽ മഴവെള്ളം നിറഞ്ഞ് മലമടക്കുകളിൽ വിള്ളലുകൾ രൂപം പ്രാപിക്കുന്നു. മഴ ശക്തമാകുമ്പോൾ മൺപാളികൾ നനഞ്ഞ് കുതിരുകയും മേൽമണ്ണ് പാളിയായി അടർന്ന് താഴേക്ക് പതിക്കുകയും ചെയ്യുന്നു. ഇങ്ങനെ രൂപപ്പെടുന്ന ഉരുൾപൊട്ടലിൽ മണ്ണിനൊപ്പം വെള്ളവും ഒരുമിച്ച് താഴേക്ക് പതിക്കുന്നു. ഈ പ്രതിഭാസമാണ് മേപ്പാടിയിലും കളവപ്പാറയിലും കണ്ടത്.
മഴവെള്ളം ഭൂമിയുടെ ഉപരിതലത്തിലൂടെ നീർച്ചാലുകൾ വഴി ഒഴുകി താഴേക്ക് പോകുന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സാദ്ധ്യത കുറവാണ്. മണ്ണ് താഴേക്ക് ഒലിച്ചിറങ്ങാതെ ഭൂതലത്തിൽ ചേർന്നിരിക്കണമെങ്കിൽ മണ്ണിനെ ചേർത്തുപിടിക്കുന്ന മരങ്ങളുണ്ടാവണം, മണ്ണിന് മുകളിൽ സസ്യാവരണം വേണം. മരം മുറിക്കലും വനനശീകരണവും ഈ ആവരണമാണ് ഇല്ലാതാക്കിയത്.
മലയിലെ മേൽമണ്ണ് താഴേക്ക് ഒഴുകിപ്പോകാതെ പിടിച്ചു നിറുത്തണമെങ്കിൽ ഭൂതലത്തിൽ വിള്ളലുകൾ ഉണ്ടാകരുത്.
രണ്ട് കിലോമീറ്റർ ദൂരം വരെ മേപ്പാടിയിൽ മണ്ണും വെള്ളവും ഒഴുകിപ്പോയി. വയനാട് മേപ്പാടിയിലെ തേയിലത്തോട്ടങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ ഏറ്റവും മാരകമായി മാറിയിരിക്കുകയാണ്. ടൺകണക്കിന് മണ്ണാണ് ഒഴുകി മാറിയത്. മേപ്പാടിയിൽ തേയില കൃഷി തുടങ്ങുന്നതിന് എത്ര വൻമരങ്ങൾ മുറിച്ചു മാറ്റിയെന്നും എത്ര ഏക്കർ വനങ്ങൾ നശിപ്പിക്കപ്പെട്ടു എന്നുമുള്ള കണക്ക് പരിശോധനയ്‌ക്ക് വിധേയമാക്കണം. ഈ കണക്ക് ലഭ്യമാകുന്നതോടെ എവിടെയെല്ലാം ഇനിയും ഉരുൾപൊട്ടൽ സാദ്ധ്യതയുണ്ട് എന്നതിനെക്കുറിച്ച് ഏകദേശ രൂപം ലഭിക്കും. വനമായിരുന്ന ഈ പ്രദേശങ്ങളിലെ നിരവധി വൻമരങ്ങൾ മുറിച്ചു മാറ്റിയാണ് തേയിലക്കൃഷി തുടങ്ങിയത്. മുറിച്ചു മാറ്റപ്പെട്ട വൻമരങ്ങളുടെ വേരുകൾ നശിച്ച് രൂപപ്പെട്ട ചെറുതും വലുതുമായ വിള്ളലുകളിലൂടെ മഴവെള്ളം ഊർന്നിറങ്ങിയപ്പോൾ മേൽമണ്ണിന് പിടിച്ചു നിൽക്കാനാവാതെ മണ്ണും വെള്ളവുമായി മൺപാളികൾ അടർന്ന് താഴേക്ക് പതിച്ചു. ഇങ്ങനെയാണ് തേയിലത്തോട്ടത്തിൽ ഉരുൾപൊട്ടിയത്. മലപ്പുറം ജില്ലയിലെ കവളപ്പാറയിലും സമാനമായ സ്ഥിതിവിശേഷമാണ്. മേപ്പാടിയിൽ തേയിലത്തോട്ടമാണെങ്കിൽ കവളപ്പാറയിൽ റബർ തോട്ടങ്ങളായിരുന്നു എന്ന് മാത്രം.
മലഞ്ചരിവുകളിലെ തേയില, റബർ, ഏലം, കാപ്പി, യൂക്കാലി തുടങ്ങിയ നാണ്യവിളത്തോട്ടങ്ങൾ വ്യാപകമായി മരം മുറിച്ചുമാറ്റിയ പ്രദേശങ്ങളിലാണുള്ളത്. ഇത്തരം പ്ലാന്റേഷനുകളിൽ മണ്ണിൽ വേരുകൾ ജീർണിച്ചുണ്ടായ സുഷിരങ്ങളുടെയും വിള്ളലുകളുടെയും കണക്കെടുക്കാൻ നിർബന്‌ധമായും വിശദമായ ഗവേഷണ സർവേകൾ നടത്തേണ്ടതുണ്ട്. ഈ പഠനം മണ്ണിടിച്ചിലിന് സാദ്ധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്താൻ സഹായകമാകും. 100ൽ കുറയാത്ത വലുതും ചെറുതുമായ ഉരുൾപൊട്ടൽ മലബാർ മേഖലയിലുണ്ടായതായി കണക്കുകൾ സൂചിപ്പിക്കുന്നു.വയനാട്, ഇടുക്കി, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലാണ് ഉരുൾപൊട്ടൽ കൂടുതൽ നാശം വിതച്ചത്. സർക്കാർ , അപകടമുണ്ടായ ശേഷം ദുരിതാശ്വാസ നടപടികളുമായി വരുന്നതിന് പകരം അശാസ്ത്രീയമായ ഭൂവിനിയോഗവും കൃഷി രീതികളും തടയാനുള്ള നിയമ നടപടികൾ സ്വീകരിക്കാൻ തയാറാകണം. കേരളത്തിന്റെ ഭൂപ്രകൃതിക്കനുയോജ്യമായ ഭൂവിനിയോഗ നയം രൂപവത്‌കരിക്കണം. ഇതിനായി പ്രകൃതി വിഭവങ്ങളെക്കുറിച്ചും അതിന്റെ സംരക്ഷണത്തെക്കുറിച്ചും പരിസ്ഥിതി, കൃഷി, ഭൂവിനിയോഗം, നദി - ജല മാനേജ്മെന്റ് എന്നീ മേഖലകളിൽ അറിവുള്ള വിദഗ്ദ്ധരുടെ അഭിപ്രായങ്ങൾ ആരായാൻ സർക്കാർ തയാറാകണം.
ലേഖകൻ ഭൂവിനിയോഗ ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്‌ടറാണ് . ഫോൺ : 8075561085