തിരുവനന്തപുരം: മഴക്കെടുതിയിൽ നാശനഷ്ടങ്ങളുണ്ടായ വില്ലേജുകൾക്ക് കഴിഞ്ഞ തവണത്തേതു പോലുള്ള ആശ്വാസ നടപടികൾ ഉണ്ടാകുമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്.എൽ.ബി.സി) വ്യക്തമാക്കി. ഇതിന് പ്രളയബാധിത വില്ലേജുകൾ ഏതൊക്കെയെന്ന് അടയാളപ്പെടുത്തി റവന്യൂവകുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കണം. അതിനുശേഷം ബാങ്കേഴ്‌സ് സമിതി പ്രത്യേക യോഗം ചേരുമെന്നും പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിനുശേഷം എസ്.എൽ.ബി.സി ചെയർമാൻ ആർ.എ.ശങ്കരനാരായണൻ, കൺവീനർ ജി.കെ.മായ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ വർഷം 1259 വില്ലേജുകളാണ് പ്രളയബാധിതമായി പ്രഖ്യാപിച്ചത്. വീണ്ടും മഴക്കെടുതിയുണ്ടായ സാഹചര്യത്തിൽ കാർഷിക വായ്പകൾക്ക് ഒരു വർഷം കൂടി മോറട്ടോറിയം നീട്ടുന്നതിന് റിസർവ് ബാങ്കിന്റെ അനുമതി വേണം. പ്രളയത്തെ തുടർന്ന് ഏർപ്പെടുത്തിയ മോറട്ടോറിയം കാലാവധി നിലനിൽക്കുമ്പോൾ വീണ്ടും സമാന അവസ്ഥയുണ്ടാകുന്നതും വായ്പ പുനഃക്രമീകരിക്കേണ്ടി വരുന്നതും പുതിയ സാഹചര്യമാണ്. എന്നാൽ, കഴിഞ്ഞ പ്രളയത്തെത്തുടർന്ന് വായ്‌പകൾ പുനഃക്രമീകരിച്ചതിനാൽ ഇനി അത് അനുവദിക്കാനാകില്ലെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പുനഃക്രമീകരണത്തിന് ബാങ്കുകളെ അനുവദിക്കണമെന്നാവശ്യപ്പെട്ട് ആർ.ബി.ഐക്ക് എസ്.എൽ.ബി.സി കത്തെഴുതുമെന്നും ഇരുവരും പറഞ്ഞു.
കാർഷിക സ്വർണപ്പണയത്തിൽ മാറ്റമില്ല
സ്വർണത്തിന്മേലുള്ള കാർഷിക വായ്പകൾ മാറ്റമില്ലാതെ തുടരും. 4% പലിശ നിരക്കിലുള്ള വായ്പ തുടർന്നും നൽകും. വായ്‌പയ്ക്ക് കിസാൻ ക്രെഡിറ്റ് കാർഡും നിർബന്ധമാക്കിയിട്ടില്ല. മാനദണ്ഡങ്ങൾ പാലിക്കുന്നവർക്ക് മൂന്ന് ലക്ഷം രൂപ വരെ വായ്‌പ ലഭിക്കും. സ്വർണപ്പണയ വായ്‌പ കാർഷികേതര ആവശ്യങ്ങൾക്കായി എടുത്തവരുടെ വിവരങ്ങളൊന്നും ശേഖരിച്ചിട്ടില്ല. സ്വർണപ്പണയ വായ്‌പ നിറുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രം രേഖാമൂലം നിർദ്ദേശം നൽകിയിട്ടില്ല. സംസ്ഥാനത്ത് 17 ലക്ഷം മുദ്രാ ബാങ്ക് അക്കൗണ്ടുകളിലായി 10,428 കോടി വായ്‌പ നൽകിയിട്ടുണ്ടെന്നും എസ്.എൽ.ബി.സി അറിയിച്ചു.