ഉള്ളൂർ: തിരുവനന്തപുരം മെഡിക്കൽ കോളേജ് കാമ്പസിലെ മെൻസ് ഹോസ്റ്റലിൽ മദ്യലഹരിയിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ ആക്രമിക്കുകയും ജനൽച്ചില്ലുകൾ തകർക്കുകയും ചെയ്‌ത മുൻ വിദ്യാർത്ഥിയെയും രണ്ട് പി.ജി വിദ്യാർത്ഥികളെയും വാർഡന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്‌തു. പത്ത് വർഷം മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പി.ജി പൂർത്തിയാക്കിയ കൊല്ലം കച്ചേരി സ്വദേശി പബിൻ പയസ്, സൈക്യാട്രിക് പി.ജി വിദ്യാർത്ഥി തൃശൂർ മുകുന്ദപുരം സ്വദേശി നിഥിൻ ജോർജ്, ഓർത്തോ പി.ജി വിദ്യാർത്ഥി ആലപ്പുഴ നൂറനാട് സ്വദേശി വിപിൻ വി. പിള്ള എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 18ന് രാത്രിയായിരുന്നു സംഭവം.
മദ്യലഹരിയിലായിരുന്ന പബിൻ ഹോസ്റ്റലിന്റെ കോമ്പൗണ്ടിൽ അതിക്രമിച്ചെത്തി നടുറോഡിൽ മൂത്രമൊഴിച്ചത് വിദ്യാർത്ഥി ചോദ്യം ചെയ്‌തിരുന്നു. തുടർന്നാണ് പ്രകോപിതരായ പബിനും സംഘവും ഹോസ്റ്റൽ ആക്രമിച്ചത്. ജനൽ ചില്ലുകൾ തകർത്ത സംഘം കസേരകളും മേശയും കട്ടിലും തല്ലിയൊടിച്ചു. അക്രമം കണ്ട് പഠിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾ ഇറങ്ങിയോടി. ഇതിനിടെ ഫോൺ ചെയ്‌തുകൊണ്ടുനിന്ന വിദ്യാർത്ഥിയുടെ തല പിടിച്ച് ബൈക്കിലും ചുവരിലുമിടിച്ചു. തലയ്‌ക്ക് പരിക്കേറ്റ വിദ്യാർത്ഥി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. വിവരമറിഞ്ഞെത്തിയ ഹോസ്റ്റൽ വാർഡനെയും അക്രമികൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഇതിനിടെ വാർഡൻ തടഞ്ഞുവച്ച പയസിനെ പി.ജി ഡോക്‌ടർമാർ ബലംപ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോയി. സംഭവത്തിൽ പ്രതിഷേധിച്ച് ഹോസ്റ്റലിൽ താമസിക്കുന്ന 400 പേർ ഒപ്പിട്ട മെമ്മോറാണ്ടം കോളേജ് പ്രിൻസിപ്പലിന് നൽകി. ഹോസ്റ്റലിലെ സി.സി ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഒത്തുതീർപ്പ് ശ്രമങ്ങൾ പാളിയതോടെയാണ് കടുത്ത വകുപ്പുകളുൾപ്പെടുത്തി പൊലീസ് കേസെടുത്തത്.