കിളിമാനൂർ: കിളിമാനൂർ വണ്ടന്നൂരിൽ ഈശ്വരി ഭവനിൽ സുഭാഷിന്റെ വീട്ടിലേക്കാണ് കൊലയ്ക്കുശേഷം അക്രമികൾ പോയത്. കായംകുളം സ്വദേശിയായ സുഭാഷ് ഇവരുടെ സുഹൃത്തായിരുന്നു. ആറ് വർഷമായി വീട് വാങ്ങി ഭാര്യയോടൊപ്പം ഇവിടെ താമസിക്കുകയാണ്. പുലർച്ചയോടെ എത്തിയ അക്രമി സംഘത്തെ വീട്ടിൽ പ്രവേശിക്കാൻ ഇയാൾ അനുവദിച്ചില്ല. സമീപത്തുള്ള അംഗൻവാടിക്കു മുന്നിൽ കാർ പാർക്ക് ചെയ്ത് പ്രതികൾ ഒളിച്ചിരുന്നു. അതിനിടെ കിളമാനൂർ പൊലീസിന്റെ വാഹനം സുഭാഷിന്റെ വീട് ലക്ഷ്യമാക്കി പോകുന്നത് കണ്ട സംഘം കാർ ഉപേക്ഷിച്ച് ഓടിമറഞ്ഞു. വീട്ടിലെത്തിയ പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ സുഭാഷിന് ഷിയാസിന്റെ ഫോൺകാൾ വന്നു. ഷിയാസിനെ വിളിച്ചുവരുത്തിയില്ലെങ്കിൽ സുഭാഷിനെയും പ്രതിയാക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതോടെ അയാൾ അനുസരിച്ചു. സുഭാഷിനെ വിശ്വസിച്ച് ഷിയാസ് എത്തിയെങ്കിലും പൊലീസിനെക്കണ്ട് ഓടിമറഞ്ഞു. സ്ഥലത്തെത്തിയ കായംകുളം പൊലീസ് കൂടി ചേർന്ന് സമീപത്തുള്ള കുറ്റിക്കാട്ടിൽ നിന്നു പകൽ 11 മണിയോടെ ഷിയാസിനെ പിടികൂടി. റെൻഡ് എ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടെ ഉണ്ടായിരുന്നവരെ കണ്ടെത്താനായില്ല.