തിരുവനന്തപുരം: മഴക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ വീട് വയ്ക്കാൻ സർക്കാർ പ്രഖ്യാപിച്ച 4 ലക്ഷം രൂപയുടെ സഹായം 5 ലക്ഷമാക്കി ഉയർത്തണമെന്ന് സ്വന്തം വീട്ടിൽനിന്നു മാറേണ്ടിവന്നവർക്ക് 10,000 രൂപ ധനസഹായം നൽകണമെന്നും ആവശ്യപ്പെട്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. വെള്ളം കയറി ഗൃഹോപകരണങ്ങൾ നശിച്ചവർക്ക് 10,000 രൂപയ്ക്ക് പുറമെ 15,000 രൂപ കൂടി നൽകുന്നത് ആലോചിക്കണം. മരിച്ചവരുടെ ആശ്രിതർക്കുള്ള സഹായം 4 ലക്ഷത്തിൽ നിന്ന് കേന്ദ്ര ഗവൺമെന്റിതേടക്കം 10 ലക്ഷമാക്കി ഉയർത്തണം, തളർന്നുപോയവർക്കും അംഗവൈകല്യം സംഭവിച്ചവർക്കും 4 ലക്ഷം രൂപാവീതം നൽകണം, അടിയന്തര സഹായം നൽകേണ്ടവരെ അഞ്ച് ദിവസത്തിനുള്ളിൽ കണ്ടെത്തി സഹായ വിതരണം ചെയ്യണം, റവന്യൂ - പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീട് വാസയോഗ്യമാക്കാൻ 25,000 രൂപ മുതൽ 2 ലക്ഷം വരെ അനുവദിക്കണം തുടങ്ങീ ആവശ്യങ്ങളും ഉമ്മൻചാണ്ടി കത്തിൽ ഉന്നയിച്ചിട്ടുണ്ട്.