shahul-hameed

ഒരു വ്യക്തിയുടെ പേരും ഒരു സ്ഥാപനത്തിന്റെ പേരും പരസ്‌പര പൂരകങ്ങളായിത്തീരുന്ന സ്ഥിതിവിശേഷം സാധാരണമാണ്. പത്രാധിപർ കെ. സുകുമാരന്റെ സാരഥ്യത്തിൽ കേരളകൗമുദി മലയാളിയുടെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തിന്റെ ഇടനാഴികളിൽ അവഗണിക്കാനാവാത്ത ശബ്‌ദമായിക്കഴിയുമ്പോഴേക്കും മറ്റു പലരെയുംപോലെ എന്റെ അച്‌ഛനും ആ രൂപകല്‌പനയുടെ ഭാഗമായിത്തീർന്നിട്ടുണ്ടായിരുന്നു. ഞങ്ങളുടെ വീടിന്റെ ഗേറ്റിനെ താങ്ങിനിറുത്തിയിരുന്ന രണ്ട് കോൺക്രീറ്റ് തൂണുകളൊന്നിന് മീതെ മെറൂൺ നിറത്തിൽ ഒരു മീറ്റർ സ്‌ക്വയർ സമചതുരത്തിൽ ഒരു ഫലകമുണ്ടായിരുന്നു, അതിൽ വെളുത്ത അക്ഷരങ്ങളിൽ രണ്ടുവരിയായി കേരളകൗമുദി എന്ന എഴുത്തും.

കരീംഅണ്ണൻ മലഞ്ചരക്ക് വ്യാപാരം നടത്തിയിരുന്ന ഒരുനില കെട്ടിടമുണ്ടായിരുന്നു ചന്തമുക്കിൽ. അവിടെ കരീം അണ്ണന് ഒപ്പമായിരുന്നു അച്‌ഛന്റെ ഇരിപ്പ് . അതിന്റെ പെന്റ് ഹൗസിലും ഉണ്ടായിരുന്നു നഗരവാസികളുടെയാകമാനം ശ്രദ്ധയാകർഷിച്ച് കേരളകൗമുദി എന്ന ഹോർഡിംഗ്. അതുകൊണ്ടാവാം, കൊട്ടാരക്കരയിലെങ്ങും അച്‌ഛൻ കേരളകൗമുദി ഷാഹുൽ ഹമീദ് എന്നറിയപ്പെട്ടത്. പിൽക്കാലത്ത് അത് ലോപിച്ച് കേരളകൗമുദി മാത്രമായി. കൊട്ടാരക്കര സ്റ്റാൻഡിൽ ബസിറങ്ങുന്ന യാത്രക്കാരൻ ഒാട്ടോറിക്ഷാ ഡ്രൈവറോട് കേരളകൗമുദി എന്നുപറഞ്ഞാൽ മറുചോദ്യം വരും. 'ആപ്പീസിലോ, വീട്ടിലോ എന്ന്.

എൺപത്തിനാലാം വയസിൽ അച്‌ഛന് ഹൃദയാഘാതമുണ്ടായി. പതുക്കെപ്പതുക്കെ അച്‌ഛന്റെ പ്രകൃതത്തിൽ ചെറിയ മാറ്റങ്ങളുണ്ടായി. ഇപ്പോൾ എറണാകുളം ലിസി ആശുപത്രിയിലുള്ള ഹൃദ്രോഗവിദഗ്ദ്ധൻ ഡോ. ജാബിർ അന്ന് കൊട്ടാരക്കര വിജയാ ആശുപത്രിയിലായിരുന്നു. അദ്ദേഹം അച്‌ഛന് രോഗി എന്നതിലുപരി കുടുംബാംഗമെന്ന പരിഗണന നൽകിയിരുന്നു. അച‌്‌ഛന്റെ തലച്ചോറിനെ ഡിമെൻഷ്യ ബാധിച്ച് തുടങ്ങിയെന്ന് അദ്ദേഹമാണെന്നോട് പറഞ്ഞത്.

ഒരിക്കൽ റോഡുമുറിച്ച് കടക്കവെ അച്‌ഛനെ സ്‌കൂട്ടർ തട്ടി, ഇടതു ചുമലിലെ എല്ല് പൊട്ടി. തുടർന്നുണ്ടായ ഇടതുകൈയുടെ ബലക്ഷയം മരണം വരെ തുടർന്നു. വിവരമറിഞ്ഞ് അച്‌ഛനെ കാണാൻ കേരളകൗമുദിയിൽ നിന്ന് ദീപുരവി വന്നിരുന്നു. ദീപു പൊയ്‌ക്കഴിഞ്ഞ് അച്‌ഛൻ എന്നോട് പറഞ്ഞു: 'നീ കണ്ടോ, ഞാനിപ്പോഴും കേരളകൗമുദി ഷാഹുൽ ഹമീദ് തന്നെയാണ്.'

എന്റെ അമ്മയും ഏറെക്കുറെ കിടപ്പിലായിരുന്നു. ഇതിനിടെ സന്തത സഹചാരിയായിരുന്ന കരിമണ്ണനെയും അച്‌ഛന് നഷ്‌ടമായി. ഒാർമ്മകൾ പങ്കിടാൻ അപൂർവം ചില സുഹൃത്തുക്കൾ അപ്പോഴും അച്‌ഛനെ തേടിയെത്തി. അക്കൂട്ടിൽ ഞാൻ നന്ദിപൂർവം സ്‌മരിക്കുന്നത് തലമുതിർന്ന രാഷ്ട്രീയ നേതാവ് ആർ. ബാലകൃഷ്ണപിള്ളയെയും അന്തരിച്ച തങ്ങൾകുഞ്ഞ് മുസല്യാരുടെ പേരക്കുട്ടി ഇല്യാസിനെയും ശ്രീനിസാറിനെയുമാണ്.

അമ്മയുടെ സാന്നിദ്ധ്യം അച്‌ഛന് ഒരു ബലമായിരുന്നു. അതിനിടെ അമ്മയുടെ ദേഹവിയോഗം അച്‌ഛനെ ഏകാകിയാക്കി. ഞാൻ കണ്ണെത്താദൂരത്താണല്ലോ. അതിനാൽ എറണാകുളത്തുള്ള അനിയത്തിയും ഭർത്താവ് മുഹമ്മദാലിയും ചേർന്ന് അച്‌ഛനെ അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. മൂന്ന് വർഷങ്ങൾക്കുശേഷം അവരുടെ വീട്ടിൽ വച്ചാണ് അച്‌ഛൻ കണ്ണടയ്‌ക്കുന്നത്.

കൊട്ടാരക്കരയിൽ അച്‌ഛന്റെ തലമുറയിൽപ്പെട്ട ആരും ജീവിച്ചിരിപ്പുള്ളതായി അറിയില്ല. ഇന്ന് കൊട്ടാരക്കരയിലെ മിക്കയാളുകൾക്കും കേരളകൗമുദി ഷാഹുൽഹമീദ് എന്ന മേൽവിലാസം അപരിചിതവുമാണ് . കൊട്ടാരക്കര തിരക്കുപിടിച്ച നഗരമാവുന്നതിന് മുമ്പുള്ള കാലം. തിരുവനന്തപുരത്തേക്കുള്ള ചുവപ്പും മഞ്ഞയും പെയിന്റടിച്ച ഫാസ്റ്റ് പാസഞ്ചറിൽ കയറുകയെന്നത് വിമാനത്തിൽ കയറുന്നതിന് തുല്യമായിരുന്നു അന്ന്.

അച്‌ഛനൊപ്പമുള്ള ഒരു യാത്ര ഇന്നും ഒാർമ്മയിലുണ്ട്. പശ്ചിമജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്‌ത കേരളകൗമുദിയുടെ ആദ്യത്തെ റോട്ടറി പ്രസ് ഉദ്ഘാടന ദിനം. ചെന്തെങ്ങും കുരുത്തോലയും കൊണ്ട് അലംകൃതമായ വെള്ളമണൽ വിരിച്ച അങ്കണം. വർണാഭമായ പൂക്കളും കുഴലിന്റെ ആകൃതിയിലുള്ള ലൈറ്റുകളും കൊണ്ട് മോടിപിടിപ്പിച്ച പന്തൽ. എന്നെ പത്രാധിപരുടെ ഇളയമകൻ രവിയെ ഏല്‌പിച്ച് അച്‌ഛൻ ഒരുക്കങ്ങളുടെ നടുവിലേക്ക് പോയി. രവിയാണ് ആ വൈകുന്നേരം മുഴുവൻ അപരിചിതനായ എന്നെ കൊണ്ടുനടന്നത്. കുമാരനമ്മാവന്റെ മക്കളായ ഭദ്രൻ, അനിയൻ, സുഭദ്രച്ചേച്ചി എല്ലാവരെയും പരിചയപ്പെട്ടു. മടങ്ങിവീട്ടിലെത്തുമ്പോൾ അർദ്ധരാത്രിയായിരുന്നു. പിന്നെയും എത്രയോ ദിവസം ആ യാത്രയുടെ ഒാർമ്മ ഒരു ഹരം പോലെ മനസിൽ കൊണ്ടുനടന്നു.

ഇന്ന് ശ്രീലങ്ക എന്നുവിളിക്കുന്ന ചെറിയ ദ്വീപ് സിലോൺ എന്നറിയപ്പെട്ടിരുന്ന കാലം. അന്ന് സിലോൺ സമ്പന്ന രാജ്യമായിരുന്നു. മദ്ധ്യതിരുവിതാംകൂറിൽ സിലോണിലേക്കുള്ള ഭക്ഷ്യവസ്‌തുക്കളുടെ കയറ്റുമതി ലൈസൻസ് അച്‌ഛനു മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൊട്ടാരക്കരയിൽ നിന്ന് ചരക്കുകൾ ട്രെയിൻ മാർഗം ധനുഷ്കോടിയിലേക്ക് കയറ്റി അയയ്‌ക്കും. അവിടെനിന്ന് കടൽമാർഗമാണ് സിലോണിലേക്ക് പോയിരുന്നത്. അറുപതുകളുടെ തുടക്കത്തിലെപ്പോഴോ ആണ്, ധനുഷ്കോടിയിൽ വൻ വെള്ളപ്പൊക്കം. ഗതാഗതം പൂർണമായും നിശ്ചലം. അയച്ച ചരക്കുകൾ ധനുഷ്കോടി റെയിൽവേ സ്റ്റേഷനിൽ കെട്ടിക്കിടന്നു. അച്‌ഛന് ഭീമമായ സാമ്പത്തിക നഷ്‌ടമുണ്ടായി. ആത്മവിശ്വാസം കൈവിടാതെ തന്റെ പ്രകാശം പരത്തുന്ന പുഞ്ചിരിമാത്രം കൈമുതലാക്കി അച്‌ഛൻ സിലോണിൽ വിമാനമിറങ്ങി. ആദ്യത്തെ കൂടിക്കാഴ്ചയിൽ തന്നെ സിലോണിലെ വ്യാപാര സഹകാരിക്ക് അച്‌ഛനെ ഇഷ്‌ടമായി. നഷ്‌ടത്തിന്റെ പകുതി ഏറ്റെടുക്കാൻ അദ്ദേഹം തയാറായി. കൈനിറയെ സമ്മാനങ്ങളുമായാണ് അച്‌ഛൻ തിരികെ വന്നതെന്ന് അമ്മ പറയും. അന്ന് അദ്ദേഹം അച്‌ഛന് സമ്മാനിച്ച, നീല ഇനാമൽ പശ്ചാത്തലത്തിൽ സുവർണ അക്ഷരങ്ങളിൽ അച്‌ഛന്റെ പേരെഴുതിയ മോതിരം അമൂല്യമായ പൈതൃകത്തിന്റെ ഭാഗമായി ഞങ്ങളിന്നും സൂക്ഷിക്കുന്നു.