തിരുവനന്തപുരം: ഏതാണ്ട് ധാരണയായെന്ന ധ്വനി പുറത്തേക്ക് വന്നതിന് പിന്നാലെ തർക്കങ്ങൾ മറ നീക്കിയെത്തി. അതോടെ, കെ.പി.സി.സി പുന:സംഘടന വീണ്ടും കുഴഞ്ഞു മറിഞ്ഞു. ഒരാൾക്ക് ഒരു പദവി എന്നതിൽ തുടങ്ങി വർക്കിംഗ് പ്രസിഡന്റുമാർ വേണോ വൈസ് പ്രസിഡന്റുമാർ മതിയോ എന്നതിലേക്ക് വരെ തർക്കം നീളുന്നു. വർക്കിംഗ് പ്രസിഡന്റുമാർക്ക് പകരം വൈസ് പ്രസിഡന്റുമാർ മതിയെന്നാണ് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെയടക്കം മനസ്സിലിരിപ്പെന്ന് മനസ്സിലാക്കി, അതിനെതിരെ ഇന്നലെ വർക്കിംഗ് പ്രസിഡന്റും ലോക്‌സഭയിലെ ചീഫ് വിപ്പുമായ കൊടിക്കുന്നിൽ സുരേഷ് പരസ്യമായി രംഗത്തെത്തി.ജനപ്രതിനിധികൾ പാർട്ടി ചുമതല വഹിക്കുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ് ,ഒരാൾക്ക് ഒരു പദവി വാദത്തോടുള്ള വിയോജിപ്പും കൊടിക്കുന്നിൽ പരസ്യമാക്കി. വർക്കിംഗ് പ്രസിഡന്റുമാർ മാറേണ്ട സാഹചര്യമില്ലെന്നും കേരളത്തിൽ പ്രവർത്തിക്കാനാണ് താല്പര്യമെന്ന് നേതൃത്വത്തെ നേരത്തേ അറിയിച്ചതാണെന്നും കൊടിക്കുന്നിൽ വാർത്താലേഖകരോട് പറഞ്ഞു.
ജനപ്രതിനിധികളെ പാർട്ടി ചുമതലയിലേക്ക് കൊണ്ടുവരണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നത് ഐ ഗ്രൂപ്പാണ്. ഒരാൾക്ക് ഒരു പദവിയെന്ന തത്വം അംഗീകരിക്കാൻ തയ്യാറാണെന്ന നിലപാടാണ് എ ഗ്രൂപ്പിന്റേത്. തർക്കങ്ങൾക്കിടയിൽ വലയുന്നത് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ്. ഒരാൾക്ക് ഒരു പദവിയും വർക്കിംഗ് പ്രസിഡന്റുമാർക്ക് പകരം വൈസ് പ്രസിഡന്റുമാർ മതിയെന്നതും നടപ്പാക്കി, അവസരമില്ലാതെ നിൽക്കുന്നവർക്ക് പുന:സംഘടനയിൽ സ്ഥാനമുറപ്പാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. . ഇന്ന് ഡൽഹിയിൽ രാജീവ്ഗാന്ധി അനുസ്മരണച്ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോൾ പുന:സംഘടന സങ്കീർണ്ണമാക്കുന്ന പ്രശ്നങ്ങൾ ഹൈക്കമാൻഡിനെ മുല്ലപ്പള്ളി ധരിപ്പിക്കുമെന്നാണറിയുന്നത്.. അവിടെ നിന്നുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാവും തുടർനീക്കങ്ങൾ.
ജനപ്രതിനിധികൾ കൂടുതലുള്ള തങ്ങൾക്ക് അതിന്റെ പേരിൽ പുന:സംഘടനയിൽ വിട്ടുവീഴ്ച സാദ്ധ്യമല്ലെന്നാണ് ഐ ഗ്രൂപ്പ് നിലപാട്. കഴിവും യോഗ്യതയുമുള്ളവരെ ജനപ്രതിനിധിയായതിന്റെ പേരിൽ മാറ്റിനിറുത്തുന്നതെങ്ങനെയെന്നാണ് ചോദ്യം. ജനപ്രീതിയും കാര്യശേഷിയും കൊണ്ടാണ് തിരഞ്ഞെടുപ്പുകളിൽ അവർ വിജയിച്ചത്. അതിനാൽ അവരെ തഴയാനാവില്ല. ജനപ്രീതിയുള്ളവർ പാർട്ടി ചുമതലകളിലുമുണ്ടാവുന്നതാണ് നല്ലതെന്നാണ് വാദം.
പുന:സംഘടനാകാര്യങ്ങൾ ഗ്രൂപ്പ് നേതാക്കൾ മാത്രം ആലോചിച്ച് തീരുമാനിക്കുന്നുവെന്ന ആക്ഷേപവുമായി കഴിഞ്ഞ ദിവസം കെ. മുരളീധരൻ രംഗത്തെത്തിയതോടെയാണ് പുന:സംഘടനാ തർക്കം മറനീക്കിയത്. ജനപ്രതിനിധികളെ പാർട്ടി സ്ഥാനങ്ങളിലും കുത്തിനിറച്ച് യോഗ്യരായവരെ തഴയുന്നുവെന്ന പരാതി അദ്ദേഹത്തിനുണ്ട്. ഒരാൾക്ക് ഒരുപദവി വാദത്തെ തുണച്ച് യുവ എം.എൽ.എമാരടക്കം ചിലരും രംഗത്ത് വന്നു. ഗ്രൂപ്പിനതീതമായി നിൽക്കുന്നവർക്കും പരാതികളുണ്ട്. പട്ടിക പുറത്തുവരുന്നതോടെ ആഞ്ഞടിക്കാനാണവരുടെ നീക്കം. ഇത് മുന്നിൽ കണ്ട് മുതിർന്ന നേതാക്കളുമായടക്കം കൂടിയാലോചനയ്ക്ക് മുല്ലപ്പള്ളി തന്നെ മുന്നിട്ടിറങ്ങി. ആയുർവ്വേദചികിത്സയിൽ കഴിയുന്ന വി.എം. സുധീരനുമായി ഇന്നലെ ഒന്നര മണിക്കൂർ മുല്ലപ്പള്ളി ചർച്ച നടത്തി.