മലയിൻകീഴ്: വിളപ്പിൽശാല കൊല്ലംകോണത്ത് വാടകയ്ക്കെടുത്ത കടമുറികൾക്ക് സമീപം അനധികൃതമായി നിർമ്മിച്ച ഷെഡ് പൊളിക്കാൻ പഞ്ചായത്ത് ഉദ്യോഗസ്ഥരെത്തിയപ്പോൾ ആത്മഹത്യാഭീഷണിയുമായി വാടകക്കാരനും കടയുടമയും. ഇന്നലെ രാവിലെയാണ് കൊല്ലംകോണത്ത് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വാടകക്കാരൻ അൻവറും ഭാര്യയും ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി. പന്തികേട് മനസിലാക്കിയ പഞ്ചായത്ത് ഉദ്യോഗസ്ഥർ ഷെഡ് പൊളിക്കാതെ പിന്മാറാനൊരുങ്ങുമ്പോൾ ഷെഡ് പൊളിക്കണമെന്ന് ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരിയായ വസ്‌തു ഉടമ ശാരികയും മാതാപിതാക്കളും ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. നാടകീയ രംഗങ്ങൾക്കൊടുവിൽ അനധികൃതമായി നിർമ്മിച്ച ഷെഡ് നാട്ടുകാരുടെ സഹായത്തോടെ പൊളിച്ചുനീക്കി. മൂന്ന് മാസത്തിനുള്ളിൽ കടമുറികൾ ഒഴിഞ്ഞ് കൊടുക്കാമെന്നും അൻവർ സമ്മതിച്ചു. കാട്ടാക്കടയിൽ നിന്ന് ഫയർഫോഴ്സും ആംബുലൻസും വിളപ്പിൽശാല പൊലീസും സ്ഥലത്തെത്തിയിരുന്നു. കൊല്ലംകോണം എസ്.എൻ.ഡി.പി ഹാളിന് സമീപം ശാരികയുടെ രണ്ട് മുറി കടകൾ പച്ചക്കറി, പഴക്കച്ചവടത്തിന് ഒരു വർഷം മുമ്പാണ് അൻവർ വാടകയ്ക്കെടുക്കുന്നത്. ശാരികയ്ക്ക് പിതാവ് രവീന്ദ്രൻനായർ ഇഷ്ടദാനം നൽകിയ കടമുറികൾക്ക് സമീപം അനധികൃതമായി ഷെഡ് നിർമ്മിച്ചതിനെതിരെ ശാരികയും നേരത്തെ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. സ്ഥലം സന്ദർശിച്ച പഞ്ചായത്ത് സെക്രട്ടറി അനധികൃത ഷെഡ് പൊളിച്ചുനീക്കാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും വാടകക്കാരൻ ഷെഡ് പൊളിക്കാൻ കൂട്ടാക്കിയിരുന്നില്ല. ഭർത്താവ് ഉപേക്ഷിച്ച മാനസിക വൈകല്യമുള്ള ശാരികയ്ക്കും മകൾ ഭാമിനിക്കും കടമുറികളിൽ നിന്ന് കിട്ടുന്ന വാടകയാണ് ഏക വരുമാനം. വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ, പഞ്ചായത്ത് അംഗങ്ങളായ സി. മണിയൻ, രതീഷ്, സി.എസ്. അനിൽ, കാർത്തികേയൻ, ബുഷ്റ, ഷീല, സെക്രട്ടറി വിജയലക്ഷ്‌മി എന്നിവരും കൈയേറ്റം ഒഴിപ്പിക്കാനെത്തിയിരുന്നു.