psc

യൂണിവേഴ്സിറ്റി കോളേജിൽ ഉണ്ടായ സംഘർഷത്തിനുശേഷം വന്ന വാർത്തകളിൽ ഉത്തരകടലാസ് വിവാദവും പി.എസ്.സി റാങ്ക് വിവാദവും കണ്ട് ആശ്ചര്യം തോന്നി. പി.എസ്.സിയിൽ നമ്മൾ അർപ്പിച്ചിരിക്കുന്ന വിശ്വാസ്യത വളരെ വലുതാണ്. മറ്റ് മേഖലകളിൽ രാഷ്ട്രീയ സ്വാധീനം തഴച്ചു പടരുമ്പോൾ രാഷ്ട്രീയ സ്വാധീനവും പണാധിപത്യവും ഇല്ലാത്ത സാധാരണക്കാരുടെ ആശാകേന്ദ്രമാണ് പി.എസ്.സി. ഉദാഹരണത്തിന് സഹകരണ ഐശ്ചിക വിഷയമെടുത്ത് 1976ൽ ഞാൻ ബി.കോം പാസായി.

വളരെ ബുദ്ധിമുട്ടുള്ള വീട്ടിലെ അംഗമെന്ന നിലയിൽ തൊഴിലിനായി പല സഹകരണ സ്ഥാപനങ്ങളിലും ബോർഡുകളിലും അപേക്ഷ അയച്ചു.എല്ലായിടത്തും എഴുത്തുപരീക്ഷയിൽ ഒറ്റസംഖ്യയിലുള്ള സ്ഥാനം നേടി. എന്നാൽ റാങ്ക് ലിസ്റ്റ് വരുമ്പോൾ അവസാന പേരുകാരൻ പോലുമാകാൻ കഴിഞ്ഞിട്ടില്ല. പാർട്ടി ശുപാർശയുടെയും പണത്തിന്റെയും സ്വാധീനത്താൽ എഴുത്തുപരീക്ഷയിൽ കുറഞ്ഞ മാർക്ക് വാങ്ങിയവരും നേതാക്കളുടെ ബന്ധുക്കളും നിയമനം തരപ്പെടുത്തിക്കൊണ്ടിരുന്നു. കോടതി ഇടപെട്ട് പരീക്ഷാ പേപ്പർ റീവാല്യു ചെയ്യുകയും ഇന്റർവ്യൂവിന് മാർഗനിർദ്ദേശം നൽകുകയും ചെയ്‌തിട്ടു പോലും പരീക്ഷയിൽ ഒറ്റസംഖ്യ സ്ഥാനം നേടിയ എനിക്ക് ഇന്റർവ്യൂവിന് രണ്ട് മാർക്ക് മാത്രമാണ് ലഭിച്ചത്. എന്നാൽ 76-80 കളിൽ എഴുതിയ പി.എസ്.സി പരീക്ഷകളിൽ അഞ്ചിലധികം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടു. മൂന്നിലധികം നിയമന ഉത്തരവുകൾ ലഭിച്ചു. മറ്റ് സ്വാധീനങ്ങളൊന്നുമില്ലാത്ത, നമ്മുടെ നാട്ടിലെ അഭ്യസ്‌തവിദ്യരുടെ ഏക ആശാകേന്ദ്രം പി.എസ്.സി മാത്രമാണ്. ആ വിശ്വാസ്യതയെ തകർക്കല്ലേ. സഹകരണ അപെക്‌സ് സ്ഥാപനങ്ങളിലെ നിയമനം പി.എസ്.സി വഴി വേണമെന്ന് സർക്കാർ ഉത്തരവായത് 1995 ഏപ്രിൽ 29 നാണ്. എന്നാൽ പല സ്ഥാപനങ്ങളും 24 വർഷമായിട്ടും നിയമനം നടപ്പിലാക്കിയിട്ടില്ല. അവയിലെല്ലാം മറ്റു മാർഗങ്ങളിലൂടെ സംവരണം അട്ടിമറിച്ച് നിയമനം തുടരുന്നു. നിയമനം നടത്തിയ പല സ്ഥാപനങ്ങളിലും സ്വീപ്പർ തുടങ്ങിയ തസ്‌തികകളിൽ സ്വന്തമായി നിയമനം നടത്തി സംവരണം അട്ടിമറിച്ച് ഉയർന്ന തസ്‌തികകളിലേക്ക് പ്രെമോഷൻ നൽകുന്നു.

സ്‌പെഷ്യൽ റൂൾസ് നാലാഴ്‌ചയ്‌ക്കകം നടപ്പാക്കാൻ കഴിഞ്ഞ വർഷം ജൂലായ് നാലിന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാൽ ഉത്തരവ് നടപ്പാക്കിയിട്ടുണ്ടോ? കേരള യൂണിവേഴ്സിറ്റിയിൽ മുമ്പ് നടന്ന നിയമനങ്ങളിൽ വീതംവയ്‌പും സ്വാധീനവും പരാതിയായി ഉയർന്നപ്പോഴും തുടർന്ന് കേസന്വേഷണം ഉണ്ടായപ്പോഴും ഉത്തരക്കടലാസ് പോലും കണ്ടെടുക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാൽ ഇപ്പോൾ വിവാദത്തിൽ പി.എസ്.സി എടുക്കുന്ന നടപടികൾ ശ്ളാഘനീയമാണ്. രാഷ്ട്രീയമോ സ്വാധീനമോ, പണാധിപത്യമോ ഇല്ലാത്ത സാധാരണ കുടുംബങ്ങളിലെ മിടുക്കന്മാർക്കും മിടുക്കികൾക്കും അത്താണിയായ പി.എസ്.സി മാനദണ്ഡങ്ങൾ തകർക്കരുതേ...

വി.എസ്. യശോധരപ്പണിക്കർ,

അടൂർ.