തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീർ മരിച്ച സംഭവത്തിൽ പൊലീസ് വാദങ്ങൾ പൊളിക്കുന്ന കൂടുതൽ ദൃശ്യങ്ങൾ പുറത്ത്. സംഭവം നടന്ന് 59 സെക്കൻഡുകൾക്കുള്ളിൽ മ്യൂസിയം ക്രൈം എസ്.ഐ ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്ത് എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പുറത്തുവന്നത്.
സംഭവത്തിൽ ദൃക്‌സാക്ഷിയായ ഒരു ബൈക്ക് യാത്രക്കാരനെ പൊലീസ് ഒഴിവാക്കിവിടുന്നതിന്റെ ദൃശ്യങ്ങളും ഇതോടൊപ്പമുണ്ട്. ബഷീർ ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നാലെ വന്ന ബൈക്കുകാരനെയാണ് ഒഴിവാക്കിയത്. ശ്രീറാം ഓടിച്ചിരുന്ന വാഹനം അതിവേഗത്തിൽ എത്തുന്നതായും ഇടതു ഭാഗത്തേക്ക് ഒതുക്കി നിറുത്തുന്ന ബഷീറിന്റെ ബൈക്കിൽ ഇടിക്കുന്നതായുമാണ് പുലർച്ചെ 1.01ന് റെക്കാഡ് ചെയ്യപ്പെട്ടിട്ടുള്ള ദൃശ്യത്തിലുള്ളത്.
ഇത് കഴിഞ്ഞ് 59 സെക്കൻഡുകൾക്കുള്ളിൽ പൊലീസ് വാഹനം ബീക്കൺ ലൈറ്റുകൾ പ്രകാശിപ്പിച്ച് അതിവേഗം എത്തുന്നതായി ദൃശ്യങ്ങളിലുണ്ട്. വാഹനമോടിച്ചിരുന്ന ശ്രീറാമിന്റെ രക്ത സാമ്പിൾ എടുക്കാൻ വൈകിയത് പരാതിക്കാരനായ സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി സൈഫുദ്ദീൻ ഹാജി പരാതി നൽകാൻ വൈകിയതിനാലാണെന്നാണ് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണസംഘം ഇടക്കാല റിപ്പോർട്ട് നൽകിയിരുന്നത്. ഹൈക്കോടതിയെ പൊലീസ് തെറ്റി ധരിപ്പിക്കുകയായിരുന്നു എന്ന് പുതിയ ദൃശ്യങ്ങളുടെ പാശ്ചാത്തലത്തിൽ വ്യക്തമാവും. കേസന്വേഷിക്കുന്ന പ്രത്യേക സംഘം ശ്രീറാമിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെയും മെഡിക്കൽ കോളേജ് ആശുപത്രിയിലെയും ഡോക്ടർമാരുടെ മൊഴിയെടുക്കുന്ന നടപടികൾ ഇതിനിടെ ആരംഭിച്ചു.