കിളിമാനൂർ: ആലിൻകാ പഴുക്കുമ്പോൾ കാക്കയുടെ വായിൽ പുണ്ണ് എന്ന അവസ്ഥയിലാണ് കിളിമാനൂരിലെയും പരിസരങ്ങളിലെയും റബർ കർഷകർ. റബറിന് വിലകൂടിയെങ്കിലും മഴ കാരണം വെട്ടാൻ പറ്റാത്ത ഗതികേടിലാണ് ഇവർ. മലയോര മേഖലകളിൽ കാർഷിക വിളകളുടെ സ്ഥാനത്ത് നാണ്യവിളയായ റബർ കടന്നുവന്നത് മറ്റു കൃഷികളെയെല്ലാം പിന്നോട്ടാക്കിയിരുന്നു. മറ്റു കാർഷിക വിളകളെ അപേക്ഷിച്ച് വില കൂടുതലും അദ്ധ്വാനകുറവും കർഷകരെ റബർ കൃഷിയിലേക്കടുപ്പിച്ചു. മാത്രമല്ല ഏത് പ്രദേശത്തും റബർ കൃഷി അനുയോജ്യമായതിനാൽ കർഷകർ തെങ്ങ് വരെ മുറിച്ച് മാറ്റിയാണ് റബർ നട്ടത്. മലയോര പ്രദേശത്ത് കാട്ട് പന്നി, കുരങ്ങ് തുടങ്ങി വന്യജീവികളുടെ ആക്രമണത്താൽ മറ്റ് കാർഷിക വിളകൾ കൃഷി ചെയ്യാൻ പറ്റാത്ത സാഹചര്യത്തിൽ കർഷകർക്ക് റബർ കൃഷി ഒരാശ്വാസവും ആയിരുന്നു. എന്നാൽ ഇപ്പോൾ പല കർഷകരും റബർ വെട്ടി വരുമാനം ഉണ്ടാക്കിയിട്ട് ആറ് മാസത്തിലേറെയായി. വേനൽ കാലത്ത് റബർ മരങ്ങൾക്ക് വിശ്രമം അനുവദിക്കുക പതിവാണ്. എന്നാൽ അതിന് ശേഷം വന്ന തുടർച്ചയായ മഴയാണ് ഇപ്പോൾ കർഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് നിലവിൽ റബറിന് നല്ല വിലയും ഉണ്ട്. റബർ കർഷകർക്കൊപ്പം അത് വെട്ടി പാലെടുത്ത് ഉപജീവനം നടത്തുന്ന തൊഴിലാളികളിൽ പലരും ഇന്ന് പട്ടിണിയിലാണ്.
കഴിഞ്ഞ വർഷം വില 90 - 95 രൂപ
നിലവിൽ 130 - 140 രൂപ
ജനുവരി മുതൽ മാർച്ച് വരെ റബറിന് വിശ്രമം
ചെറിയ ചാറ്റൽ മഴയിലും വെട്ടാൻ പാകത്തിൽ റബറുകളിൽ പ്ലാസ്റ്റിക് കവചം ഘടിപ്പിച്ചിട്ടുണ്ടെങ്കിലും ശക്തമായ മഴ കാരണം വെട്ടാൻ പറ്റാത്ത അവസ്ഥ
തുടർച്ചയായി റബർ വെട്ടാതെ ഇരിക്കുന്നതിനാൽ റബർ കേടായി ഒടിഞ്ഞു വീഴുന്നതും പതിവ് ഓണക്കാലത്ത് ബോണസ് ഉൾപ്പെടെ കാത്തിരിക്കുന്ന തൊഴിലാളികൾക്ക് നിരാശ
പ്രതികരണം
മുൻ വർഷങ്ങളിൽ വില കുറവായതിനാൽ തൊഴിലാളികൾക്ക് കൂലി കൊടുത്താൽ ഉടമസ്ഥന് ലാഭം ഒന്നും ലഭിച്ചിരുന്നില്ല. എന്നാൽ നിലവിൽ വില വർദ്ധനവുണ്ടായപ്പോൾ മഴ കാരണം വെട്ടാൻ പറ്റാത്ത അവസ്ഥയാണുള്ളത്. മറ്റ് കാർഷിക വിളകളും ഇല്ല.
പ്രജിത്, റബർ കർഷകൻ