india-windie-cricket

നോർത്ത് സൗണ്ട് (ആന്റിഗ്വ) : ജഴ്സിക്ക് പിന്നിൽ നമ്പർ പതിച്ച് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ആദ്യ ടെസ്റ്റ് മത്സരത്തിന് ടെസ്റ്റ് റാങ്കിംഗിലെ ഒന്നാംസ്ഥാനക്കാരായ ഇന്ത്യ ഇന്ന് കരീബിയൻ മണ്ണിലിറങ്ങുന്നു. ട്വന്റി 20 യിലും ഏകദിനത്തിലും പരമ്പര വിജയം നേടിയ ഇന്ത്യ ടെസ്റ്റിലും വെസ്റ്റ് ഇൻഡീസിനെ വെള്ളം കുടിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് കളത്തിലിറങ്ങുന്നത്.

പേസർമാരെ അതിരറ്റ് സ്നേഹിക്കുന്ന ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ് സ്റ്റേഡിയത്തിലെ പിച്ചിൽ അതിശക്തമായ വെല്ലുവിളിയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇൗവർഷമാദ്യം നടന്ന തങ്ങളുടെ കരീബിയൻ പര്യടനത്തിലെ ആദ്യടെസ്റ്റിൽ ഇംഗ്ളണ്ട് ടീം തോൽവിയേറ്റുവാങ്ങിയ വേദിയാണിത്. അന്ന് ഇംഗ്ളീഷ് ബാറ്റിംഗ് നിരയെ ആദ്യ ഇന്നിംഗ്സിൽ 187 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 132 റൺസിനും വിൻഡീസ് ആൾ ഒൗട്ടാക്കുകയായിരുന്നു. പേസർ ജാസൺ ഹോൾഡറുടെ നേതൃത്വത്തിലിറങ്ങുന്ന വിൻഡീസ് ടീമിന്റെ ഫാസ്റ്റ് ബൗളിംഗ് ഡിപ്പാർട്ട്മെന്റ് ഇപ്പോഴും ശക്തമാണ്. കെമർറോഷ്, ഷാനോൺ ഗബ്രിയേൽ തുടങ്ങിയവർ താളം കണ്ടെത്തിയാൽ ഇന്ത്യയ്ക്ക് ബുദ്ധിമുണ്ടാകും.

അതുകൊണ്ടുതന്നെ ബാറ്റിംഗ് ലൈനപ്പിനെയും ബൗളർമാരെയും തിരഞ്ഞെടുക്കാൻ രവി ശാസ്ത്രിയും വിരാട് കൊഹ്‌ലിയും ഏറെ ചിന്തിക്കും. അഞ്ച് ബൗളർമാരെ അണിനിരത്തുകയാകും ഇന്ത്യയുടെ തന്ത്രം. മുഹമ്മദ് ഷമി, ജസ്‌പ്രീത് ബും, ഇശാന്ത് ശർമ്മ എന്നീ പേർമാർക്കൊപ്പം മീഡിയം പേസർ ആൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയ്ക്ക് അവസരം നൽകിയേക്കും. സ്പിന്നറായി കുൽദീപ്, അശ്വിൻ, ജഡേജ എന്നിവരിൽ ആരെങ്കിലും ഒരാളേ ഉണ്ടാകൂ. ബാറ്റ്സ്‌മാനായും ഉപയോഗിക്കാമെന്നതിനാൽ ജഡേജയ്ക്കാകും സാദ്ധ്യത.

ബാറ്റിംഗിൽ മായാങ്ക് അഗർവാളിനൊപ്പം കെ.എൽ. രാഹുൽ ഒാപ്പണിംഗിനെത്തിയേക്കും. ചേതേശ്വർ പൂജാരയ്ക്കും കൊഹ്‌ലിക്കും മാത്രമാണ് ബാറ്റിംഗ് നിരയിൽ സ്ഥാനമുള്ളത്. രോഹിത് ശർമ്മ, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി എന്നിവരിൽ ആരെ ഉൾപ്പെടുത്തണം, ആരെ തഴയണം എന്നതും ചിന്താക്കുഴപ്പത്തിലാണ്. സമനിലയിൽ അവസാനിച്ച ത്രിദിന സന്നാഹത്തിൽ മൂവരും അർദ്ധസെഞ്ച്വറി നേടിയിരുന്നു. വിക്കറ്റ് കീപ്പറായി സാഹയെ കളിപ്പിക്കണമോ ഋഷഭ് പന്തിന് അവസരം നൽകണമോ എന്നതും ചിന്താവിഷയമാണ്.

ഷായ്‌ഹോപ്പ, ജോൺ കാംപ്ബെൽ, ഷിക്രോൺ ഹെട്‌മേയർ, റോൾട്ടൺ ചേസ്, ഡാരൻ ബ്രാവോ തുടങ്ങിയവരടങ്ങിയ ബാറ്റിംഗ് നിരയുമാണ് വിൻഡീസ് ഇന്ത്യയെ നേരിടാനിറങ്ങുന്നത്.

ടീമുകൾ ഇവരിൽനിന്ന്

ഇന്ത്യ വിരാട് കൊഹ്‌ലി (ക്യാപ്ടൻ) മായാങ്ക് അഗർവാൾ, കെ.എൽ. രാഹുൽ, ചേതേശ്വർ പുജാര, ഹനുമ വിഹാരി, അജിങ്ക്യ രഹാനെ, രോഹിത് ശർമ്മ, ഋഷഭ് പന്ത്, കുൽദീപ് യാദവ്, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, ഇശാന്ത് ശർമ്മ, മുഹമ്മദ് ഷമി, ജസ്‌‌പ്രീത് ബുംറ, ഉമേഷ് യാദവ്, ഭുവനേശ്വർ, വൃദ്ധിമാൻ സാഹ.

വെസ്റ്റ് ഇൻഡീസ് : ജാസൺ ഹോൾഡർ, ക്രെയ്ഗ് ബ്രാത്ത് വെയ്റ്റ്, ഡാരൻ ബ്രാവോ, ഷമാർ ബ്രൂക്സ്, ജോൺ കാംപ്ബെൽ, റോൾട്ടൺ ചേസ്, റഖീം കോൺവാൾ, ഷേൻ ഡോർവിച്ച്, ഷാനോൺ ഗബ്രിയേൽ, ക്ഷിമ്രോൺ ഹെട്‌മേയർ, ഷായ് ഹോപ്പ്, കീമോ പോൾ, കെമർറോഷ്.

ടി.വി ലൈവ്: രാത്രി 7 മുതൽ സോണി ടെൻ ചാനൽ നെറ്റ്‌വർക്കിൽ

വിരാടിനെക്കാത്ത്

റെക്കാഡുകൾ

വിൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ വിജയിക്കാൻ കഴിഞ്ഞാൽ ഇന്ത്യൻ നായകനെന്ന നിലയിലെ ധോണിയുടെ വിജയ റെക്കാഡിനൊപ്പമെത്താൻ വിരാട് കൊഹ്‌ലിക്ക് കഴിയും.

ഇതുവരെ ഇന്ത്യയെ നയിച്ച 46 മത്സരങ്ങളിൽ 26 എണ്ണത്തിൽ കൊഹ്‌ലി വിജയം സമ്മാനിച്ചിട്ടുണ്ട്. 60 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുള്ള ധോണി 27 മത്സരങ്ങളിൽ വിജയം നൽകി.

2014 ലെ ആസ്ട്രേലിയൻ പര്യടനത്തിനിടെയാണ് ധോണിയിൽനിന്ന് നായകസ്ഥാനം കൊഹ്‌ലി ഏറ്റെടുക്കുന്നത്.

ക്യാപ്ടനെന്ന നിലയിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടിയ (19) ആസ്ട്രേലിയൻ താരം റിക്കിപോണ്ടിംഗിന്റെ റെക്കാഡിനൊപ്പമെത്താൻ കൊഹ്‌ലിക്ക് ഒരു സെഞ്ച്വറികൂടി മതിയാകും.

2016 ലെ വിജയം

ഇന്ത്യൻ ടെസ്റ്റ് ടീം ഇതിനുമുമ്പ് വിൻഡീസിൽ പരമ്പര കളിച്ചത് 2016 ലാണ്. അന്ന് നാല് മത്സര പരമ്പരയിൽ 2-0 ത്തിനായിരുന്നു ഇന്ത്യൻ വിജയം. ആന്റിഗ്വയിൽ നടന്ന ആദ്യമത്സരത്തിൽ ഇന്ത്യ ഒരു ഇന്നിംഗ്സിനും 92 റൺസിനും ജയിച്ചപ്പോൾ മൂന്നാം ടെസ്റ്റിൽ 237 റൺസിന് ജയിച്ചു. രണ്ടുംനാലും ടെസ്റ്റുകൾ സമനിലയിൽ കലാശിച്ചു.

2002

നുശേഷം ഇന്ത്യയെ ടെസ്റ്റ് പരമ്പരയിൽ തോൽപ്പിക്കാൻ വെസ്റ്റ് ഇൻഡീസിന് കഴിഞ്ഞിട്ടില്ല.

12-9

ഇന്ത്യയ്ക്കെതിരെ 12 ടെസ്റ്റ് പരമ്പരകൾ വിൻഡീസ് നേടിയിട്ടുണ്ട്. ഇന്ത്യ ഒൻപത് തവണ വിൻഡീസിനെ പരമ്പരയിൽ കീഴടക്കി.

4

തവണ ഇന്ത്യ കരീബിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടിയിട്ടുണ്ട്.

ഇന്ത്യൻ താരങ്ങളും

ജഴ്സി നമ്പരും

18- വിരാട് കൊഹ്‌ലി

3- അജിങ്ക്യ രഹാനെ

11-മുഹമ്മദ് ഷമി

21-കുൽദീപ് യാദവ്

25-ചേതേശ്വർ പുജാര

8-രവീന്ദ്രജഡേജ

97-ഇശാന്ത് ശർമ്മ

17-ഋഷഭ് പന്ത്

45-രോഹിത് ശർമ്മ

99-അശ്വിൻ

44-ഹനുമവിഹാരി