durand-cup-gokulam
durand cup gokulam

സെമി ഫൈനലിൽ ഇൗസ്റ്റ് ബംഗാളിനെ കീഴടക്കി

ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകൾ തടുത്ത ഗോളി

ഉബൈദ് ഹീറോ

കൊൽക്കത്ത : ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബാൾ ടൂർണമെന്റായ ഡുറൻഡ് കപ്പിന്റെ ഫൈനലിലെത്തി വിസ്മയം സൃഷ്ടിച്ച് ഗോകുലം കേരള എഫ്.സി കൊൽക്കത്തയിലെ കരുത്തൻമാരായ ഇൗസ്റ്റ് ബംഗാളിനെ അവരുടെ തട്ടകത്തിൽ ചെന്ന് തച്ചുടയ്ക്കുകയായിരുന്നു ഗോകുലത്തിന്റെ ചുണക്കുട്ടികൾ.

കൈവിട്ടുപോയെന്ന് കരുതിയ മത്സരത്തിന്റെ രണ്ടാംപകുതിയിലെ ഇൻജുറി ടൈമിൽ കിട്ടിയ പെനാൽറ്റിയിലൂടെ നിശ്ചിത സമയത്ത് 1-1ന് സമനില പിടിച്ചു ജീവൻ നിലനിറുത്തിയ ഗോകുലം ഷൂട്ടൗട്ടിൽ 3-2നാണ് വിജയം നേടിയത്. ഇൗസ്റ്റ് ബംഗാളിന്റെ മൂന്ന് കിക്കുകൾ തട്ടിത്തെറുപ്പിച്ച ഗോളി ഉബൈദാണ് അവിസ്മരണീയ വിജയം നൽകിയത്.

സ്വന്തം തട്ടകത്തിൽ നന്നായി തുടങ്ങിയ ഇൗസ്റ്റ് ബംഗാൾ 18-ാം മിനിട്ടിൽ ഉബൈദിന്റെ പിഴവിലൂടെ മത്സരത്തിൽ മുന്നിലെത്തുകയായിരുന്നു. സമദ് അലി മാലിക്കാണ് സ്കോർ ചെയ്തത്. ഫൈനൽ വിസിലിന് തൊട്ടുമുമ്പുവരെയും ഇൗ ഗോളിന് ആതിഥേയർ ലീഡ് ചെയ്യുകയായിരുന്നു. അവസാന നിമിഷം ഇൗസ്റ്റ് ബംഗാളിന്റെ മെഹ്‌താബ് നടത്തിയ ഫൗളിന് റഫറി ചുവപ്പുകാർഡും പെനാൽറ്റിയും വിധിച്ചു. കിക്കെടുത്ത ഗോകുലം ക്യാപ്ടൻ മാർക്കസ് നിഷ്‌പ്രയാസം സമനിലപിടിച്ചു. എക്‌സ്ട്രാടൈമിൽ മാർക്കസിന്റെ ഗോളെന്നുറപ്പിച്ച രണ്ട് ശ്രമങ്ങൾ തട്ടിയകറ്റിയാണ് ഇൗസ്റ്റ് ബംഗാൾ ഗോളി മിർഷാദ് കളി ഷൂട്ടൗട്ടിലെത്തിച്ചത്.

മോഹൻ ബഗാനും റയൽ കാശ്മീരും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയിയെയാണ് ഗോകുലം ഫൈനലിൽ നേരിടുക.