തിരുവനന്തപുരം: ശംഖുംമുഖം ബീച്ചിൽ തിരയിൽപെട്ട യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ലൈഫ്ഗാർഡിനെ കടലിൽ കാണാതായി.തിരുവനന്തപുരം ചെറിയതുറ പള്ളിക്ക് സമീപം താമസിക്കുന്ന ജോൺസൺ ഗബ്രിയേലിനെയാണ് (44) കാണാതായത്.ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം.ശംഖുംമുഖം ബീച്ചിലെത്തിയ മൂന്നാർ സ്വദേശിയും തിരുവനന്തപുരത്ത് സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയുമായ ഇരുപത്തിയൊന്നുകാരിയാണ് തിരയിൽപ്പെട്ടത്. യുവതി തിരയിൽ പെടുന്നതു കണ്ട് ഡൂട്ടിയിലുണ്ടായിരുന്ന ജോൺസൺ ഉൾപ്പെടെയുള്ള അഞ്ച് ലൈഫ്ഗാർഡുകൾ കടലിലേക്ക് ചാടി.യുവതിയെ രക്ഷിച്ച് തീരത്തേക്ക് കൊണ്ടുവരുന്നതിനിടെ ജോൺസൺ ശക്തമായ അടിയൊഴുക്കിൽപെട്ടു.യുവതിയെ ഒപ്പമുണ്ടായിരുന്ന ലൈഫ് ഗാർഡുകൾക്ക് കൈമാറുന്നതിനിടെ പിന്നിൽനിന്നും ശക്തമായ തിരയിൽ പെട്ട് ജോൺസനെ കാണാതാവുകയായിരുന്നു.തീരത്തു തടിച്ചുകൂടിയവർ സുരക്ഷാ വേലിയിൽ നിന്ന് കയർ മുറിച്ചു നൽകിയെങ്കിലും ജോൺസൺ തിരയടിയിൽപ്പെട്ട് മറയുകയായിരുന്നു.യുവതിയെ കരയ്ക്കെത്തിച്ച് മറ്റു ലൈഫ് ഗാർഡുകൾ ജോൺസനെ കണ്ടത്താൻ തെരച്ചിൽ നടത്തിയെങ്കിലും ശക്തമായ തിരയും അടിയൊഴുക്കും തടസമായി.
ജോൺസനെ കാണാതായ വിവരം ലൈഫ് ഗാർഡുകൾ പൊലീസിനെയും കോസ്റ്റ്ഗാർഡിനെയും അറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്ത് നിന്നും കോസ്റ്റ്ഗാർഡും കോസ്റ്റൽപൊലീസുമെത്തി തെരച്ചിൽ നടത്തി.രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്.തെരച്ചിൽ കാര്യക്ഷമമല്ലെന്നാരോപിച്ച് പ്രദേശവാസികൾ ബഹളം വച്ചത് ചെറിയ തോതിൽ സംഘർഷാവസ്ഥയുണ്ടാക്കി.വെളിച്ചക്കുറവുൾപ്പെടെയുള്ള പോരായ്മകൾ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.മന്ത്രി കടകംപള്ളി സുരേന്ദ്രൻ,വി.എസ്. ശിവകുമാർ എം.എൽ.എ,ടൂറിസം ഡയറക്ടർ ബാലകിരൺ എന്നിവർ ശംഖുംമുഖം ബീച്ചിലെത്തി തെരച്ചിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.രാത്രി വൈകിയും തീരത്തുനിന്ന് പോകാൻ കൂട്ടാക്കാത്ത ജോൺസന്റെ ഭാര്യയടക്കമുള്ള കുടുംബാംഗങ്ങളെ മന്ത്രി ഇടപെട്ട് ആശ്വസിപ്പിച്ചാണ് തിരികെ വാഹനത്തിൽ കയറ്റി വീട്ടിലേക്കയച്ചത്. തിരയിൽ പെട്ട് പരിക്കേറ്റ യുവതിയെ അടിയന്തര വൈദ്യസഹായം നൽകുന്നതിനായി ജനറൽ ആശുപത്രിയിലെത്തിച്ചു. രക്ഷാപ്രവർത്തനത്തിനിടെ ശിവദാസ്, രാജേന്ദ്രകുമാർ, എസ്.അനി എന്നീ ലൈഫ് ഗാർഡുകൾക്കും പരിക്കേറ്റു.വലിയതുറ പൊലീസ് യുവതിയിൽ നിന്നും മൊഴിയെടുത്തു.തീരത്തെ കച്ചവടക്കാരിൽ നിന്നും ലൈഫ് ഗാർഡുമാരിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.2007 ലാണ് ജോൺസൺ ലൈഫ് ഗാർഡായി ജോലിയിൽ പ്രവേശിച്ചത്. ഇതിനൊപ്പം ആട്ടോറിക്ഷ സവാരി നടത്തിയാണ് ജോൺസൺ കുടുംബം പുലർത്തിയിരുന്നത്. ശാലിനിയാണ് ഭാര്യ. അബി, ആതിര എന്നിവർ മക്കളാണ്.