cpm-

തിരുവനന്തപുരം: നേതാക്കളുടെ അതൃപ്തി, നടപടി മുതലായവ ഭയന്ന് വിമർശനം തുറന്നുപറയാൻ പാർട്ടികമ്മിറ്റികളിൽ അംഗങ്ങൾ ഭയക്കുന്ന നിലയുണ്ടെന്നും അതൊഴിവാക്കി,​ സംഘടനയ്ക്കകത്ത് ഉൾപാർട്ടി ചർച്ചകളെ പ്രോത്സാഹിപ്പിക്കണമെന്നും സി.പി.എം സംസ്ഥാനകമ്മിറ്റി യോഗത്തിൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച കരട് രേഖയിൽ നിർദ്ദേശിച്ചു. ആരോഗ്യകരമായ ചർച്ചകളെ പ്രോത്സാഹിപ്പിച്ചാലേ സംഘടനയെ ശക്തിപ്പെടുത്താനാകൂ. ഇക്കാര്യത്തിൽ കൊൽക്കത്ത പ്ലീനം നിർദ്ദേശങ്ങൾ പലതും പാലിക്കപ്പെട്ടിട്ടില്ല. കേരളത്തിൽ മാദ്ധ്യമങ്ങളുടെ പിന്തുണ പോലും പാർട്ടിക്കോ ഇടതുപക്ഷത്തിനോ ഇല്ലാത്ത നിലയാണെന്നും സംഘടനാശാക്തീകരണം സംബന്ധിച്ച രേഖയിൽ ചൂണ്ടിക്കാട്ടി.

രാജ്യം ഭയാനകമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോൾ ബദൽ സി.പി.എം മാത്രമാണെന്ന് ജനങ്ങളെ ബോദ്ധ്യപ്പെടുത്താനാകണം. ജമ്മു-കാശ്മീർ വിഷയത്തിൽ ലോക്‌സഭയിൽ ചർച്ചപോലും അനുവദിക്കാത്തവിധം ഏകാധിപത്യപ്രവണത തീവ്രമാക്കുന്ന ബി.ജെ.പിയെ ചെറുക്കാൻ ഇടതുപക്ഷം മാത്രമേയുള്ളൂവെന്ന് തിരിച്ചറിഞ്ഞ് കേരളത്തിൽ സംഘടനയെ ശക്തമാക്കണമെന്നും രേഖയിൽ നിർദ്ദേശിച്ചു. കേരളം മാത്രമാണ് പ്രതീക്ഷിക്കാനുള്ളതെന്ന് മനസ്സിലാക്കി സംഘടനയുടെ ജനകീയാടിത്തറ ശക്തിപ്പെടുത്തണം. ബി.ജെ.പി കേരളത്തിലും അരിച്ചുകയറുകയാണെന്ന് വിലയിരുത്തുന്ന രേഖ, പാർട്ടി അനുഭാവികളിൽ പോലും ഹിന്ദുവർഗ്ഗീയത സ്വാധീനിക്കുന്ന സാഹചര്യമുണ്ടെന്ന സ്വയംവിമർശനപരമായ വിലയിരുത്തലും നടത്തുന്നു. ബി.ജെ.പി കടന്നാക്രമണത്തെ ചെറുക്കാൻ കലാകാരന്മാരെയും ശാസ്ത്രജ്ഞന്മാരെയും പരിസ്ഥിതിപ്രവർത്തകരെയുമടക്കം അണിനിരത്തിയുള്ള വിശാലപ്രതിരോധമുണ്ടാകണം.

ഇടതിന് പ്രതീക്ഷിക്കാൻ വകയുള്ള കേരളത്തിൽ ഭരണരംഗത്തും സംഘടനാരംഗത്തും അത് തിരിച്ചറിഞ്ഞുള്ള പ്രവർത്തനശൈലി ഉണ്ടാവണം. സംഘടനാശാക്തീകരണം സംബന്ധിച്ചും സംസ്ഥാന ഭരണത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചുമുള്ള രണ്ട് രേഖകളാണ് ഇന്നലെ ആരംഭിച്ച സംസ്ഥാനകമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ചത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ നല്ലതാണെങ്കിലും അത് വേണ്ടവിധം ജനങ്ങളിലേക്കെത്തുന്നില്ലെന്ന പോരായ്മ നികത്തേണ്ടതുണ്ടെന്ന് ഭരണസംബന്ധമായ റിപ്പോർട്ടിൽ പറയുന്നു. കാശ്മീർവിഷയത്തിൽ കേന്ദ്രം കൈക്കൊണ്ട ഏകാധിപത്യസമീപനം ചൂണ്ടിക്കാട്ടി ജനറൽസെക്രട്ടറി സീതാറാം യെച്ചൂരിയും വർത്തമാനസാഹചര്യങ്ങളെപ്പറ്റി വിശദീകരിച്ചു.

ക്ഷേത്രപ്രവേശനത്തിന് സമരം നടത്തിയ കൃഷ്ണപിള്ളയുടെ പാർട്ടി, ശബരിമല വിഷയത്തിൽ വിശ്വാസികൾക്കെതിരാണെന്ന് ആരും പറയില്ല. എന്നാൽ ശബരിമലവിഷയമുണ്ടായപ്പോൾ ആർ.എസ്.എസ് അവരുടെ അജൻഡ നടപ്പാക്കാൻ ശ്രമിച്ചതിനെ ഫലപ്രദമായി പ്രതിരോധിക്കാനായില്ലെന്നും രേഖയിൽ പറയുന്നു. ഇന്നലെ 12 പേർ പങ്കെടുത്തു. ഇന്ന് രാവിലെ ഒമ്പതര മണിക്ക് ചർച്ച ആരംഭിക്കും. നാളെയും തുടരും.