തിരുവനന്തപുരം: ഇന്നലെ വൈകിട്ട് ശംഖുംമുഖം തീരത്തെത്തിയ സഞ്ചാരികൾ ഒരു സ്ത്രീയുടെയും രണ്ടു പിഞ്ചുമക്കളുടെയും അലമുറ കേട്ട് എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ കുഴങ്ങി. യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ശംഖുംമുഖത്ത് കടലിൽ കാണാതായ ലൈഫ് ഗാർഡ് ജോൺസന്റെ ഭാര്യ ശാലിനിയുടെയും മക്കളായ ആതിരയുടെയും അബിയുടെയും കരച്ചിലാണ് തീരത്തെ കണ്ണീരിലാഴ്ത്തിയത്. ജോൺസന്റെ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ ബന്ധുക്കളും കുഴങ്ങി. വൈകിട്ട് അഞ്ചോടെയാണ് അപകടം നടന്നത്. യുവതിയെ രക്ഷപ്പെടുത്തി സഹപ്രവർത്തകരുടെ കൈകളിൽ ഏൽപ്പിച്ച ജോൺസൺ അടിയൊഴുക്കിൽ പെട്ട് കടലിൽ മറയുകയായിരുന്നു. ജോൺസണെ കടലിൽ കാണാതായ വിവരമറിഞ്ഞാണ് ശാലിനിയും മക്കളും ചെറിയതുറയിൽ നിന്ന് ശംഖുംമുഖം തീരത്തെത്തിയത്. ഏങ്ങലടിച്ചു കരഞ്ഞ ഇവരെ ആശ്വസിപ്പിക്കാൻ കൂടിനിന്നവർ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കോസ്റ്റൽ പൊലീസും കോസ്റ്റ് ഗാർഡും രാത്രി വൈകിയും തെരച്ചിൽ തുടരുകയാണ്. ബന്ധുക്കളും നാട്ടുകാരും ഏറെ നിർബന്ധിച്ചിട്ടും ശാലിനിയും മക്കളും രാത്രി വൈകിയും തിരിച്ച് വീട്ടിൽ പോകാൻ കൂട്ടാക്കിയില്ല. ഒടുവിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകാനെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇടപെട്ട് കുടുംബത്തെ ആശ്വസിപ്പിച്ച് പൊലീസ് ജീപ്പിൽ കയറ്റി വീട്ടിലേക്ക് അയയ്ക്കുകയായിരുന്നു. 12 വർഷമായി ലൈഫ് ഗാർഡായി ജോലി ചെയ്യുകയാണ് ജോൺസൺ. ലൈഫ് ഗാർഡ് ജോലിക്കൊപ്പം ആട്ടോറിക്ഷ ഓടിച്ചുമാണ് കുടുംബം പുലർത്തിയിരുന്നത്. ജോലി കഴിഞ്ഞുള്ള സമയം ആട്ടോറിക്ഷ ഓടിക്കും. ഇതിനിടെ ആർക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ജോൺസൺ ഒപ്പമുണ്ടാകുമെന്നും ബന്ധുക്കൾ പറഞ്ഞു.