ff

നെയ്യാ​റ്റിൻകര: ചരിത്ര - ആദ്ധ്യാത്മിക ടൂറിസത്തിന് ഏറെ സാദ്ധ്യതയുള്ള അരുവിപ്പുറവും പെരുങ്കടവിള- ഈരാറ്റിൻപുറം നദിയോരവുമെല്ലാം വിനോദ സഞ്ചാര ഭൂപടത്തിൽ നിന്നും തിരസ്കരിക്കപ്പെടുന്നു. ഇന്ത്യക്ക് വഴികാട്ടിയാതായി പാർലമെന്റിൽ പരാമർശിക്കപ്പെട്ട ശ്രീനാരായണ ഗുരുദേവന്റെ പുണ്യഭൂവായ അരുവിപ്പുറവും അയ്യായിരം വർഷത്തിലേറെ പഴക്കമുള്ള ഗുഹാമനുഷ്യർ താമസിച്ചിരുന്നതായി പുരാവസ്തു ഗവേഷകർ തെളിവ് നൽകിയ പാണ്ഡവൻപാറയും പ്രകൃതി സൗന്ദര്യം കനിവാർന്നൊഴുകുന്ന ഈരാറ്റിൻപുറവുമൊക്ക് ചേർത്ത് വിദേശ സഞ്ചാരികളുൾപ്പെടെയുള്ളവരെ വരവേൽക്കാനായി ടൂറിസം കേന്ദ്രമാക്കി ഉയർത്തണമെന്ന നാട്ടുകാരുടെ സ്വപ്നത്തിന് പതിറ്റാണ്ടുകളുടെ പഴക്കം.

കേന്ദ്രഫണ്ടുകൾ പലതുണ്ടെങ്കിലും നെയ്യാറ്റിൻകയുടെ സാംസ്കാരിക പൈതൃക കേന്ദ്രമായ അരുവിപ്പുറം പുരാതന പ്രകൃതി ഭംഗി ചോരാതെ വികസിപ്പിച്ച് ആദ്ധ്യാത്മിക-ദാർശനിക ടൂറിസ്റ്റുകളെ ആകർഷിക്കുവാൻ ഇനിയും പദ്ധതികൾ പുനർജ്ജനിക്കുന്നില്ല. ഗുരുദേവന്റെ അദ്വൈതവും ജാതിമതഈശ്വരഭേദ ദർശനവും ധ്യാനവും യോഗയുമൊക്കെ പഠിക്കാൻ ധാരാളം വിദേശീയർ ശ്രമിക്കുന്നുണ്ടെങ്കിലും അരുവിപ്പുറത്ത് അതിന് തക്കവിധമുള്ള സംവിധാനമില്ല. കേന്ദ്രപദ്ധതികളിൽ ഉൾപ്പെടുത്തി ഇവിടം സത്യാന്വേഷികൾക്കായുള്ള അദ്വൈതദാർശനീകതയുടെ പറുദീസയാക്കി മാറ്റാം. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റും പദ്ധതികളുമായി ഒത്തു പോകാൻ സന്നദ്ധമാണ്.

നെയ്യാ​റ്റിൻകരയിൽ നിന്നും പെരുങ്കടവിള ബ്ലോക്ക് ഓഫീസിലേക്കുള്ള റോഡ് വഴി ഒരു കിലോമീ​റ്റർ സഞ്ചരിച്ചാൽ പാണ്ഡവൻപാറയിലെത്തിച്ചേരാം

പാണ്ഡവൻപാറയും അതിനുള്ളിലെ ഗുഹാക്ഷേത്രവും ഇന്നും ചരിത്രാന്വേഷികൾക്ക് വിസ്മയമാണ്. കാ​റ്റും വെളിച്ചവും ഗുഹക്കകത്ത് സമൃദ്ധം. ഒന്നര മീ​റ്റർ വ്യാസമുള്ള ഇടുങ്ങിയ പ്രവേശനകവാടത്തിലൂടെ ഗുഹക്കകത്തേക്ക് പ്രവേശിക്കാം. മൂർച്ചയുള്ള കല്ലുകൾ കൊണ്ടോ മ​റ്റോ കൊത്തിയും, കോറിയും പരുപരുത്ത പാറച്ചുവരിൽ ഉണ്ടാക്കിയ ചിത്രങ്ങൾ പ്രാകൃതകാലസംസ്‌കാരത്തിന്റെ ഒളിമങ്ങാത്ത തെളിവുകളാണ്. ഇവ വയനാട് ജില്ലയിലെ അമ്പുകുത്തിമലയിലുള്ള എടക്കൽ ഗുഹാചിത്രങ്ങളുമായി സമാനത പുലർത്തുന്നു എന്ന് പുരാവസ്തുഗവേഷകർ അഭിപ്രായപ്പെടുന്നു.

ഇവിടെ കാണപ്പെടുന്ന ശിലാചിത്രരചനകൾ സസൂക്ഷം പരിശോധിച്ചാൽ മദ്ധ്യശിലായുഗത്തിന്റെ അവസാനഘട്ടത്തിൽ ആദിമ മനുഷ്യരുടെ മൺമറഞ്ഞ സ്പന്ദനങ്ങൾ കാണാം. കുടക്കല്ല്, തൊപ്പിക്കല്ല്, നന്നങ്ങാടികൾ, മുനിയറകൾ, നടുകല്ലുകൾ തുടങ്ങി കേരളത്തിലങ്ങോളമിങ്ങോളം കണ്ട് വരുന്ന ചരിത്രാവശിഷ്ടങ്ങളാണിവ.

പേരു സൂചിപ്പിക്കും പോലെ നെയ്യാർ രണ്ടായി പകുത്തൊഴുകി വീണ്ടും ഒത്തു ചേരുന്ന മനോഹാരിതയാണ് ഈരാറ്റിൻപുറത്തിന്റെ പ്രത്യേകത. പാറകൾ നിറഞ്ഞ ഈ നദിയും തുരുത്തും ചേർന്ന സ്ഥലം, നെയ്യാ​റ്റിൻകര, ആര്യങ്കോട്, മാറനല്ലൂർ പഞ്ചായത്തുകൾ ചേർന്ന സ്ഥലമാണിത്. ഒരു വിനോദ സഞ്ചാരകേന്ദ്രം സ്ഥാപിക്കുവാനായി നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയും ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്ന് പദ്ധതി തയ്യാറാക്കിയെങ്കിലും അത് പാളി.
ശാന്തസുന്ദരമായ ഈരാ​റ്റിൻപുറത്തെ പാറക്കെട്ടുകൾക്കിടയിലൂടെ ഒഴുകുന്ന നെയ്യാറിലെ തണുത്ത വെള്ളത്തിൽ ഒരു കുളിയും വിശ്രമവും കഴിഞ്ഞുള്ള മടക്കം ആധുനിക സ്ട്രെസുകളിൽ നിന്നുള്ള മോചനമാകും. ടൂറിസം കേന്ദ്രമായി വികസിപ്പിക്കുവാനുള്ള നഗരസഭയുടെ പുതിയ പദ്ധതി നടപ്പായാൽ, തുരുത്തിലെ കുട്ടികളുടെ പാർക്കും നദിയിലെ ബോട്ട് സവാരിയുമൊക്കെയായി ഒരു ദിവസം ചെലവഴിക്കുകയും ആവാം. ബാലരാമപുരം കാട്ടാക്കട റോഡിൽ 7 കിലോമീ​റ്റർ കഴിഞ്ഞു പോങ്ങുമ്മൂട് നിന്നും 4 കിലോമീ​റ്റർ ദൂരെയാണീ സ്ഥലം.