shameer

ആലപ്പുഴ: പ്രതിശ്രുത വരനായ കരീലകുളങ്ങര കരുവറ്റുംകുഴി പുന്നൻപുരയ്ക്കൽ താജുദ്ദീന്റെ മകൻ ഷമീർഖാനെ(25) കായംകുളത്ത് ബാറിന് മുന്നിൽ കാർ കയറ്റി കൊലപ്പെടുത്തിയശേഷം ഒളിവിൽ പോയ സഹീൽ(19), അജ്മൽ(20) എന്നിവർക്കായി എറണാകുളം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. സംഭവത്തിനുശേഷം തിരുവനന്തപുരം കിളിമാനൂരിൽ നിന്ന് പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട ഇവർ എറണാകുളത്തെത്തിയശേഷം സുഹൃത്തായ ഒരാളെ ഫോണിൽ ബന്ധപ്പെട്ടതായി സൈബർ സഹായത്തോടെ പൊലീസ് മനസിലാക്കിയതിനെ തുടർന്നാണ് കായംകുളം ഡിവൈ.എസ്.പി ആർ. ബിനുവിന്റെ നേതൃത്വത്തിൽ എറണാകുളം കേന്ദ്രീകരിച്ച് തെരച്ചിൽ തുടങ്ങിയത്.

കിളിമാനൂരിൽ നിന്ന് രക്ഷപ്പെട്ട സംഘം ആലപ്പുഴയെത്തിയശേഷം അവിടെ നിന്ന് എറണാകുളത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. ബുധനാഴ്ച അർദ്ധരാത്രിയോടെ കായംകുളം ജംഗ്ഷന് സമീപം ദേശീയപാതയോരത്തുള്ള ബാറിന് സമീപമാണ് നാടിനെ നടുക്കിയ അരും കൊല നടന്നത്. അടുത്തമാസം 8ന് വിവാഹത്തിനായി മൂന്നാഴ്ച മുമ്പാണ് ഷമീർഖാൻ സൗദിയിൽ നിന്ന് നാട്ടിലെത്തിയത്. സുഹൃത്തുക്കൾക്ക് വിവാഹവുമായി ബന്ധപ്പെട്ട ബാച്ചിലർ പാർട്ടി നടത്തുന്നതിനായി മദ്യം വാങ്ങാൻ കായംകുളത്തെ ബാറിലെത്തിയപ്പോഴാണ് സമീപത്ത് ബിയറും കഞ്ചാവും ഉപയോഗിച്ചുകൊണ്ടിരുന്ന അജ്മലും സംഘവുമായി വാക്കേറ്റമുണ്ടായത്.

വാക്കേറ്റത്തിനിടെ ഷമീർഖാനെ അജ്മൽ ബിയർ കുപ്പികൊണ്ട് തലയ്ക്കടിക്കുകയും അടികൊണ്ട് ഓടി രക്ഷപ്പെടുന്നതിനിടെകാർ റിവേഴ്സെടുത്ത് തലയിലൂടെ കയറ്റിയിറക്കി കൊലപ്പെടുത്തുകയുമായിരുന്നു. ഷമീർഖാൻ രക്തത്തിൽ കുളിച്ച് കിടക്കുകയും ഷമീറിന്റെ സുഹൃത്തുക്കൾ രംഗംകണ്ട് നിലവിളിക്കുകയും ചെയ്യുന്നത് കണ്ട അജ്മലും സംഘവും ഷമീറിനെ ആശുപത്രിയിലെത്തിക്കാൻ കൂട്ടാക്കാതെ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. കായംകുളത്ത് നിന്ന് ദേശീയപാതവഴി കാറോടിച്ച് പോകുന്നതിനിടെ കായംകുളത്തെ ഒരു സുഹൃത്തിനെ വിളിച്ച് ബാറിന് മുന്നിലെ സംഭവം പറഞ്ഞ അജ്മലും സംഘവും അവിടെപോയി സ്ഥിതിഗതികൾ മനസിലാക്കാൻ നിർദേശിച്ചു. സംഭവസ്ഥത്തെത്തിയ സുഹൃത്താണ് ഷമീർ മരണപ്പെട്ടതായും പൊലീസെത്തി വാഹനം മനസിലാക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായും അറിയിച്ചു.

കാറുമായി കറങ്ങി നടക്കുന്നത് പിടിക്കപ്പെടാൻ ഇടയാക്കുമെന്ന് മനസിലാക്കിയസംഘം അജ്മലിന്റെ സുഹൃത്ത് കിളിമാനൂരിൽ താമസിക്കുന്ന സുഭാഷിന്റെ വീട്ടിലേക്ക് കുതിച്ചു. പൂർവ്വകാല സുഹൃത്തായ സുഭാഷിന്റെ സഹായത്തോടെ എവിടെയെങ്കിലും സുരക്ഷിതമായി ഒളിവിൽ പോകാനായിരുന്നു തീരുമാനം. സംഭവത്തിന്റെ ഗൗരവം മനസിലാക്കിയ സുഭാഷ് ഇവരെ സഹായിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് മടക്കി. എന്നാൽ രാത്രി കാറുമായി സ്ഥലം വിടുന്നത് സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞ പ്രതികൾ സുഭാഷിന്റെ വീടിന് സമീപത്തെ അംഗൻവാടിയ്ക്ക് സമീപം കാറിനുള്ളിൽ ഇരിക്കുമ്പോഴാണ് ജി.പി.ആർ സഹായത്തോടെ കാറിന്റെ ലൊക്കേഷൻ തിരിച്ചറിഞ്ഞ പൊലീസിന്റെ വരവ്. പൊലീസ് ജീപ്പിന്റെ ബീക്കൺലൈറ്റ് കണ്ട പ്രതികൾ കാറിൽ നിന്ന് ഇറങ്ങി രണ്ടുവഴിക്കോടി. രക്ഷപ്പെടാനുളള ഓട്ടത്തിനിടെ ഒറ്റപ്പെട്ട ഷിയാസ് പ്രദേശത്തെ കുറ്റിക്കാട്ടിൽ അഭയം തേടി. സഹീലും അജ്മലും മറ്റൊരുവഴിക്ക് ഓടി കിളിമാനൂരിലെത്തി.

ഇവിടെ നിന്നാണ് ഇവർ ബസ് മാർഗം ആലപ്പുഴയും തുടർന്ന് എറണാകുളത്തുമെത്തിയതെന്നാണ് പൊലീസിന് ലഭിച്ചിട്ടുള്ള സൂചന. പൊലീസ് പിടിയിലായ ഷിയാസിനെ അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കിളിമാനൂരിൽ നിന്ന് പിടികൂടിയ കാർ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക് സംഘത്തിന് കൈമാറും.