ലോകത്തെ ഏറ്റവും വലിയ മരുഭൂമിയാണ് സഹാറ. ഏറ്റവും ചൂടുകൂടിയ പ്രദേശങ്ങളിൽ ഒന്നായ ഇവിടം ഒരിക്കൽ സമുദ്ര ജീവികളുടെ വിഹാര കേന്ദ്രമായിരുന്നു! മരുഭൂമിയിലെങ്ങനെ ജലജീവികൾ വരും എന്നാണെങ്കിൽ അതിന്റെ ഉത്തരം നൽകുന്ന പ്രദേശമാണ് ഈജിപ്ഷ്യൻ സഹാറയിലെ 'വാലി ഒഫ് വെയ്ൽസ് ' അഥവാ 'വാദി അൽ ഹിതാൻ - തിമിംഗലങ്ങളുടെ താഴ്‌വര'. ലോകത്തെ ഏറ്റവും വരണ്ട പ്രദേശങ്ങളിൽ ഒന്നാണ് ഈജിപ്ഷ്യൻ സഹാറ പ്രദേശം. വളരെ കുറവ് മഴ മാത്രമേ ഇവിടെ പ്രതിവർഷം ലഭിക്കാറുള്ളു.
50 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് മീസോസോയിക് യുഗത്തിൽ ഈ ഭാഗം ടെഥിസ് എന്ന പുരാതന സമുദ്രത്താൽ ചുറ്റപ്പെട്ടതായിരുന്നു. ജല ജീവികളുടെ വലിയ ആവാസ വ്യവസ്ഥ ഇവിടെ നിലനിന്നിരുന്നു. പക്ഷേ, ക്രീറ്റേഷ്യസ് കാലഘട്ടത്തിൽ ഈ വൻകര വേർപിരിയുകയും ഇന്ത്യൻ, അത്‌ലാന്റിക് സമുദ്രങ്ങൾ രൂപം കൊള്ളുകയും ചെയ്‌തു. അതോടെ ടെഥിസ് സമുദ്രം വരണ്ട് തരിശായി.
1902ലാണ് ഗവേഷകർ സഹാറയിലെ 'വാലി ഒഫ് വെയ്ൽസ് ' എന്ന ഭാഗം കണ്ടെത്തിയത്. ഇവിടെ നിന്നും കണ്ടെത്തിയ സമുദ്ര ജീവികളിൽ ഏറ്റവും പ്രസിദ്ധം 37 ദശലക്ഷംവർഷം മുമ്പ് ജീവിച്ചിരുന്ന തിമിംഗലത്തിന്റെ 65 അടി നീളമുള്ള അസ്ഥികളാണ്. ഇന്നത്തെ തിമിംഗലങ്ങളുടെ പൂർവികരാണ് ഇക്കൂട്ടർ. ആർക്കിയോസെറ്റി ഗ്രൂപ്പിൽപ്പെട്ട ഇവയ്‌ക്ക് വംശനാശം സംഭവിച്ചു. തിമിംഗല വർഗത്തിൽ കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും പുരാതനമായ തിമിംഗല സ്‌പീഷീസാണ് ഇവ. കരയിലൂടെ നടക്കാൻ സാധിച്ചിരുന്ന ഇവയ്ക്ക് പിന്നീട് പരിണാമം സംഭവിക്കുകയായിരുന്നു. ഈജിപ്ഷ്യൻ സഹാറയിൽ നിന്നും കണ്ടെത്തിയിട്ടുള്ള ഈ ഫോസിലുകളിൽ ചിലതിന് രണ്ട് കാലുകളും അതിൽ വിരലുകളും ഉണ്ട്. പരിണാമ ചരിത്രത്തിലെ അമൂല്യമായ പല വിവരങ്ങളും ലഭിച്ച ഈ പ്രദേശത്തിന് 1980 വരെ പ്രത്യേക സംരക്ഷണം ഒന്നും നൽകിയിരുന്നില്ല. പക്ഷേ, ഇപ്പോൾ വിഖ്യാതമായ ഈ പ്രദേശം ഒരു മ്യൂസിയമാക്കി സംരക്ഷിക്കുകയാണ്. 2005ൽ യുനെസ്കോ ഈ പ്രദേശത്തെ ലോകപൈതൃക കേന്ദ്രങ്ങളിൽ ഒന്നായി പ്രഖ്യാപിച്ചു.