oak-island

കാനഡയിലെ നോവ സ്കോട്ടിയ തീരത്തിനടുത്തുള്ള ആൾ താമസമില്ലാത്ത ദ്വീപാണ് ഓക്ക് ഐലൻഡ്. ഇവിടെ ഉണ്ടെന്ന് പറയപ്പെടുന്ന നിധിയുടെ പേരിലാണ് ഇവിടം പ്രസിദ്ധമായത്. 'മണി പിറ്റ്' എന്ന് പേരിട്ടിരിക്കുന്ന ഒരു കുഴിയിലാണ് നിധിയുണ്ടെന്ന് പറയപ്പെടുന്നത്. ഓക്ക് ഐലൻഡിലെ നിധി വേട്ടക്കഥകളുടെ തുടക്കം 1795ലാണ്. രാത്രി കടലിൽ നിന്നും മീൻ പിടിച്ചു കൊണ്ടിരുന്ന പതിനാറുകാരനായ ഡാനിയൽ മക്ഗിനിസ് ഒരു കാഴ്‌ച കണ്ടു. ആൾ താമസമില്ലാത്ത ഓക്ക് ഐലൻഡിൽ വെളിച്ചം. പന്തികേട് തോന്നിയ ഡാനിയൽ പുലർച്ചെ ദ്വീപിലെത്തി പരിശോധിച്ചപ്പോൾ ആരെയും കണ്ടില്ല. പക്ഷേ, ദ്വീപിൽ ആരോ വന്ന് പോയ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. എന്തോ വലിച്ച് കോണ്ടു പോയ പാടുകൾ മണലിൽ കണ്ടു. തൊട്ടടുത്ത് ഒരു വലിയ കുഴിയും കണ്ടു. ഇതാണ് 'മണി പിറ്റ് ' എന്ന് അറിയപ്പെടുന്നത്.

കടൽക്കൊള്ളക്കാർ ഇവിടെ നിധി നിക്ഷേപിച്ചതാകാം എന്ന് ഡാനിയലിന് തോന്നി. ഡാനിയൽ തന്റെ സുഹൃത്തുക്കളായ ആന്റണി വോഗൻ, ജോൺ സ്‌മിത്ത് എന്നിവരെയും കൂട്ടി കുഴിക്കുള്ളിലെ നിധി കണ്ടൊൻ ഒരു ശ്രമം നടത്തി. പരാജയപ്പെട്ട ഇവർ ഒമ്പത് വർഷത്തിന് ശേഷം അനുയോജ്യമായ സംവിധാനങ്ങളുമായെത്തി വീണ്ടും ഖനനം ആരംഭിച്ചു.

കുഴിയിൽ നിന്നും തടി കഷ്ണങ്ങളും പലകകളും ലഭിച്ചത് അവർക്ക് പ്രതീക്ഷയേകി. ഇതിനിടെ അവർക്ക് പ്രത്യേക ലിപികൾ എഴുതിയ ഒരു ശില ലഭിച്ചു. 'നാല് അടി താഴ്‌ചയിൽ രണ്ട് മില്യൺ പൗണ്ട് കുഴിച്ചിട്ടിട്ടുണ്ട് ' എന്നാണ് ലിപികളുടെ അർത്ഥം എന്ന് അവർ കണ്ടെത്തി. ഖനനം വീണ്ടും ആരംഭിച്ചു. പക്ഷേ, അപ്രതീക്ഷിതമായി ആ കുഴിയിൽ കടൽ വെള്ളം കയറി. അങ്ങനെ ആ ശ്രമം പാഴായി. പിന്നീട് പലരും നിധി വേട്ടയ്‌ക്കായി മുന്നോട്ടെത്തിയെങ്കിലും പരാജയപ്പെട്ടു. നിധി കണ്ടെത്താനുള്ള ശ്രമങ്ങൾക്കിടെ ചിലർക്ക് ജീവൻവരെ നഷ്‌ടപ്പെട്ടു. യഥാർത്ഥത്തിൽ ഓക്ക് ഐലൻഡിൽ നിധി ഉണ്ടോ? അതോ വെറും കെട്ടുകഥയോ? ഇന്നും നിധി വേട്ടക്കാർ ഇതിന്റെ ഉത്തരം തെരയുകയാണ്.