തിരുവനന്തപുരം: എൽദോ എബ്രഹാം എം.എൽ.എയ്ക്ക് നേരേയുണ്ടായ പൊലീസ് മർദ്ദനവുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറിയിൽ നിന്ന് റിപ്പോർട്ട് തേടിയെങ്കിലും ഇതുവരെ ലഭിച്ചില്ലെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഒരു റിമൈൻഡർ കൂടി അയച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അവകാശലംഘന പ്രശ്നങ്ങൾ പരിശോധിക്കും. സംഭവം നടന്ന ശേഷം എം.എൽ.എയുമായി താൻ ബന്ധപ്പെട്ടു. അദ്ദേഹത്തിന്റെ പരാതി കിട്ടിയ ഉടനെ ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി റിപ്പോർട്ട് തേടി. മാദ്ധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ ദാരുണാന്ത്യവുമായി ബന്ധപ്പെട്ട് കേസന്വേഷണത്തിൽ വീഴ്ച വരുത്തിയവർ ആരായാലും കുറ്റവാളികൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. ബഷീറിന്റെ ദാരുണാന്ത്യം നിർഭാഗ്യകരമായി. നിയമസഭാനടപടികൾ നന്നായി റിപ്പോർട്ട് ചെയ്യുന്ന അദ്ദേഹം തന്റെ നാട്ടുകാരനും അടുത്ത സുഹൃത്തുമായിരുന്നു.
പ്രതിപക്ഷവുമായി ഇത്രയധികം യോജിച്ച് പോകുന്ന സ്പീക്കർ ചരിത്രത്തിലുണ്ടായിട്ടില്ലെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടി നൽകി. മുൻകാല സ്പീക്കർമാരുടെ പ്രസംഗങ്ങളൊക്കെ പരിശോധിച്ചാൽ ഇത് ബോദ്ധ്യമാകും. പാർലമെന്ററി ജനാധിപത്യത്തെ പരിഹസിക്കുന്ന നിലപാടുകൾ രാജ്യത്തുണ്ടാകുന്നു. പാർലമെന്ററി ജനാധിപത്യത്തിന്റെ എല്ലാ സാദ്ധ്യതകളെയും ഉപയോഗപ്പെടുത്തി കേരളനിയമസഭ അതിനെതിരെ ശക്തമായ പ്രതിരോധം തീർക്കുകയാണ്. നിയമഭേദഗതികൾ എം.എൽ.എമാർ വഴിയല്ലാതെ സാധാരണ ജനങ്ങൾക്കും നിർദ്ദേശിക്കാൻ അവസരമൊരുക്കി. പാർലമെന്ററി ജനാധിപത്യത്തിന്റെ സാദ്ധ്യതകളെപ്പറ്റി 12 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.
സഭാ ടി.വി
സഭാ ടി.വി ഉടനെ പ്രവർത്തനമാരംഭിക്കും. വിവിധ ചാനലുകളിൽ നിന്ന് സമയം (ടൈം സ്ലോട്ട്) വാങ്ങി സഭയിൽ നടക്കുന്ന ക്രിയാത്മകവും ജനോപകാരപ്രദവുമായ ചർച്ചകളും സംവാദങ്ങളും ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം. സെൻട്രൽ ഹാൾ എന്ന പേരിലെ സംവാദ പരിപാടി ഉൾപ്പെടെ നാല് വിഭാഗങ്ങളാണ് ഉദ്ദേശിക്കുന്നത്. ടൈം സ്ലോട്ടിനായി ചാനലുകളിൽ നിന്ന് നാല് അപേക്ഷകൾ കിട്ടി. ആക്ഷേപഹാസ്യങ്ങൾ വേണമെങ്കിലും അത് മാത്രമാകരുത്. സാമാജികരുടെ ഗൃഹപാഠത്തിനും അംഗീകാരം കിട്ടണം. ഗൗരവത്തോടെ പഠനവും ഇടപെടലും നടത്തുന്ന സാമാജികർക്ക് മാദ്ധ്യമങ്ങൾ മാർക്ക് കൊടുക്കാത്ത സ്ഥിതി മാറണമെന്നും സ്പീക്കർ പറഞ്ഞു.