അധികാരം അഴിമതിക്കുവേണ്ടി ദുരുപയോഗപ്പെടുത്തുകയും ഒടുവിൽ പിടിവീഴുമ്പോൾ അതു രാഷ്ട്രീയ പ്രതികാരമായി ചിത്രീകരിക്കുകയും ചെയ്യുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പതിവാണ്. ഐ.എൻ.എക്സ് മീഡിയ അഴിമതിക്കേസിൽ സി.ബി.ഐ ബുധനാഴ്ച രാത്രി ഓടിച്ചിട്ടു പിടികൂടേണ്ടിവന്ന സമുന്നത കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി. ചിദംബരവും തന്റെ അറസ്റ്റിനു പിന്നിൽ മോദി സർക്കാരിന്റെ പ്രതികാരവാഞ്ഛയാണു കാണുന്നത്.
നിയമത്തെ മാനിക്കുകയും അപ്പാടെ അനുസരിക്കുകയും ചെയ്യുന്ന ഉത്തമപൗരനാണെന്ന് സ്വയം അഭിമാനിക്കുന്ന ചിദംബരം എന്തിനാണ് അറസ്റ്റിനു മുൻപ് 27 മണിക്കൂർ നീണ്ട ഒളിച്ചോട്ടവും നാടകവും നടത്തിയതെന്ന് വ്യക്തമല്ല. അറസ്റ്റിൽ നിന്ന് തെന്നിമാറാൻ നടത്തിയ അവസാന ശ്രമവും പരാജയപ്പെട്ടപ്പോഴാണല്ലോ ഏറ്റവും നാണംകെട്ട നിലയിൽ സി.ബി.ഐ ഉദ്യോഗസ്ഥർക്കൊപ്പം വസതിയിൽ നിന്ന് ഇറങ്ങിപ്പോകേണ്ടിവന്നത്. നിയമത്തെ ബഹുമാനിക്കുന്ന ഒരു വ്യക്തിക്കു നിരക്കുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ഓരോ നീക്കവും. താനും പുത്രൻ കാർത്തി ചിദംബരവും കുടുംബാംഗങ്ങളും നൂറു ശതമാനവും നിരപരാധികളാണെന്ന് ആണയിടുന്ന ചിദംബരം അറസ്റ്റിനു ശേഷവും അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്ന വിവരമാണ് ഇത് എഴുതുമ്പോഴും ലഭിക്കുന്നത്. നിരപരാധിയെന്നു ബോദ്ധ്യമുള്ള ഒരാൾക്ക് കോടതിയിൽ അതു തെളിയിച്ച് പോറൽ പോലുമേൽക്കാതെ പുറത്തുവരാൻ ഒരു വിഷമവുമില്ല. മുതിർന്ന അഭിഭാഷകൻ കൂടിയായ അദ്ദേഹത്തിന് ഇതിനുള്ള നിയമവഴികൾ ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. എന്നാൽ കള്ളക്കേസിൽ കുടുക്കി ബി.ജെ.പി സർക്കാർ വേട്ടയാടുകയാണെന്ന ജല്പനങ്ങളുമായി ജനങ്ങളെ കബളിപ്പിക്കാനാണ് അദ്ദേഹം ഒരുങ്ങുന്നത്. അധികാരവും വേണ്ടുവോളം സമ്പത്തുമുള്ള തന്നെപ്പോലുള്ള വരേണ്യവർഗത്തെ എന്തു തെമ്മാടിത്തം കാട്ടിയാലും പിടികൂടാനോ ശിക്ഷിക്കാനോ പാടില്ലെന്ന മട്ടിലാണ് പെരുമാറ്റം.
ചിദംബരത്തിന്റെ കേസിൽ അദ്ദേഹത്തോടൊപ്പം എന്തിനും തയാറായി കോൺഗ്രസ് പാർട്ടി കൂടിയുണ്ടെന്നുള്ളതാണ് ലജ്ജാകരമായ കാര്യം. തന്റെ ദുഷ്ചെയ്തികളിൽ കോൺഗ്രസിനെക്കൂടി പിടിച്ചിടുക വഴി വലിയ പാതകമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്. ഐ.എൻ.എക്സ് മീഡിയ വിദേശനിക്ഷേപ തിരിമറിക്കേസിൽ ചിദംബരത്തിനു പ്രത്യക്ഷമായും പരോക്ഷമായും പങ്കുണ്ടെന്നതിന് വ്യക്തമായ തെളിവുകൾ ശേഖരിച്ച ശേഷമാണ് സി.ബി.ഐ അദ്ദേഹത്തിനെതിരെ നീങ്ങിയതെന്ന് ഏവർക്കും അറിയാം. ചിദംബരം കേന്ദ്രധനകാര്യമന്ത്രിയായിരിക്കെ നടന്ന ഇടപാടാണിത്. ഐ.എൻ.എക്സ് മീഡിയയ്ക്ക് 305 കോടി രൂപയുടെ വിദേശ നിക്ഷേപം ലഭിച്ചതിനും അതിന്റെ ഒരു ഭാഗം കാർത്തിചിദംബരത്തിന്റെ കള്ളക്കമ്പനികളിൽ ഓഹരികളായി എത്തിയതിനും പിന്നിൽ നടന്ന കള്ളക്കളികളുടെ വിവരം പുറത്തു വന്നുകഴിഞ്ഞതാണ്. അതുപോലെ മറ്റ് രണ്ട് വമ്പൻ അഴിമതിക്കേസുകളിലും ചിദംബരത്തിന്റെയും കുടുംബത്തിന്റെയും പേര് ഉൾപ്പെട്ടിട്ടുണ്ട്. അറസ്റ്റിൽ നിന്ന് ഒഴിവാകാൻ ചിദംബരം നടത്തിക്കൊണ്ടിരുന്ന നിയമയുദ്ധം അപ്രതീക്ഷിതമായി ചൊവ്വാഴ്ച പരാജയപ്പെട്ടപ്പോഴാണ് രണ്ടുംകെട്ട തറവേലയ്ക്ക് അദ്ദേഹം ഒരുങ്ങിയത്. മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച ഡൽഹി ഹൈക്കോടതി തള്ളിയപ്പോൾ സുപ്രീംകോടതിയിൽ നിന്ന് അനുകൂലവിധി സമ്പാദിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു അദ്ദേഹം. എന്നാൽ സുപ്രീംകോടതി ചിദംബരത്തിന്റെ ഹർജി വെള്ളിയാഴ്ചത്തേക്കു നീട്ടിവയ്ക്കുകയാണുണ്ടായത്. സി.ബി.ഐയെ വെട്ടിച്ച് മുങ്ങിയ ചിദംബരത്തിന് പക്ഷേ ഏറെ സമയം അതിനു കഴിഞ്ഞില്ല.
നിയമത്തിന്റെ കരങ്ങൾ ശക്തവും ദയയില്ലാത്തതുമാണെന്ന യാഥാർത്ഥ്യം നിയമപണ്ഡിതൻ കൂടിയായ ചിദംബരത്തിനും ഇപ്പോൾ ബോദ്ധ്യമായിക്കാണും. ഒരു വ്യാഴവട്ടം മുൻപ് നടന്ന അഴിമതിക്കേസിലാണ് ഇപ്പോൾ നടപടി ഉണ്ടാകുന്നത്. അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്നതിനിടെ അന്വേഷണ ഏജൻസികൾ നേരിടേണ്ടിവരുന്ന പ്രതിബന്ധങ്ങളാണ് പ്രതികളെ നീതിപീഠത്തിനു മുമ്പിലെത്തിക്കാൻ വൈകുന്നത്. നിയമവും നീതിയുമെല്ലാം എന്തിനും പോന്ന പ്രതികൾക്കു മുമ്പിൽ നിസഹായമാകുന്ന അവസരങ്ങളാണ് ഒട്ടുമിക്ക കേസുകളിലും കാണാനാവുന്നത്. അഴിമതിയിലൂടെ നേടിയ അളവറ്റ സമ്പാദ്യത്തിന്റെ ചെറിയൊരു ഭാഗം മതി എത്ര വലിയ നിയമസഹായവും ലഭ്യമാക്കാൻ. ചേർത്തലയിലെ പ്രളയദുരിതാശ്വാസ ക്യാമ്പിൽ കഞ്ഞി തിളപ്പിക്കാൻ കൊണ്ടുവന്ന അരി ഇറക്കാൻ ആട്ടോക്കൂലിക്ക് പിരിവെടുക്കേണ്ടിവന്ന സന്നദ്ധ പ്രവർത്തകൻ ഒറ്റ മണിക്കൂർ കൊണ്ടാണ് സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി നാട്ടിലുടനീളം കൊടിയ അപരാധിയായി മാറിയത്. നൂറുകണക്കിനോ ആയിരക്കണക്കിനോ കോടി രൂപയുടെ അഴിമതി നടത്തിയ വമ്പന്മാർ എത്ര ലാഘവത്തോടെയാണ് സുപ്രീംകോടതിയിൽ പോലും സുസ്മേരവദനരായി കയറിയിറങ്ങുന്നത്. തന്റെ നിരപരാധിത്വം മാലോകരെ അറിയിക്കാൻ ഉന്നത നേതാക്കൾ പാർട്ടി ആസ്ഥാനത്ത് ചുറ്റിലും സഹായികളായുണ്ട്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയും കോൺഗ്രസിന്റെ മറ്റൊരു തലമുതിർന്ന നേതാവുമായ കമൽനാഥിന്റെ അനന്തരവനെ 350 കോടി രൂപയുടെ ബാങ്ക് തട്ടിപ്പിന് സി.ബി.ഐ അറസ്റ്റ് ചെയ്തത് രണ്ടുദിവസം മുൻപാണ്. ഇതിനു പിന്നിലും രാഷ്ട്രീയ പക കാണുന്നവർ ഉണ്ട്. ചിദംബരവും കാർത്തിക്കും 3500 കോടി രൂപയുടെ എയർസെൽ - മാക്സിസ് ഇടപാടിലും അന്വേഷണം നേരിടുന്നുണ്ട്. വിദേശത്തുനിന്ന് എയർ ഇന്ത്യയ്ക്കായി 70000 കോടി രൂപയുടെ വിമാനങ്ങൾ വാങ്ങിയതിലും അഴിമതി നടന്നതായുള്ള ആരോപണം മുൻനിറുത്തി ചിദംബരത്തിനെതിരെ വേറെയും അന്വേഷണം നടക്കുകയാണ്.
വമ്പന്മാർ ഉൾപ്പെട്ട വലിയ അഴിമതിക്കേസുകളിൽ ശിക്ഷ കൂടി ഉറപ്പാക്കാൻ കഴിഞ്ഞാലേ അന്വേഷണ നടപടികളിൽ ജനങ്ങൾക്ക് വിശ്വാസവും ഉറപ്പും ഉണ്ടാവൂ. ഇപ്പോൾ അരങ്ങേറിയ നാടകീയ രംഗങ്ങളൊക്കെ പെട്ടെന്ന് ജനം മറക്കും. വലയിൽ പെട്ട കൊമ്പൻ സ്രാവുകൾ വലപൊട്ടിച്ചു പോവില്ലെന്ന് ഉറപ്പാക്കേണ്ടത് അന്വേഷണ ഏജൻസികളും നീതിപീഠങ്ങളുമാണ്. അഴിമതി വീരന്മാർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുമ്പോഴാണ് ഏതൊരു ഭരണകൂടത്തിന്റെയും ആർജ്ജവം പ്രകടമാവുക.