ullasam

കിളിമാനൂർ: ഒന്നാം ക്ലാസിലെ വിരുതന്മാരുടെ കണക്കുകൂട്ടലുകൾ കളി മേളമാക്കാൻ ഉല്ലാസ ഗണിതം പദ്ധതിയിലൂടെ കളിച്ചു പഠിപ്പിക്കുകയാണ്‌ അദ്ധ്യാപകർ. പാമ്പും ഗോവണിയും മുതൽ കുഞ്ഞിത്താറാവിന്‌ ആമ്പൽക്കുളത്തിലേക്ക്‌ വഴികാട്ടുന്നതുവരെയുള്ള കളികളിലൂടെ കുട്ടിക്കൂട്ടത്തെ കണക്കുമായി ചങ്ങാത്തത്തിലാക്കുകയാണ്‌ ലക്ഷ്യം. സംഖ്യാബോധം ഉറയ്ക്കാതെയുള്ള പഠനമാണ് കണക്ക് ബുദ്ധിമുട്ടേറുന്നതാക്കുന്നതെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ എസ്.എസ്.കെയാണ് ഈ പദ്ധതിക്ക് രൂപംനൽകിയത്. സംഖ്യാബോധം, സംഖ്യാവ്യാഖ്യാനം, അടിസ്ഥാന ഗണിതക്രിയകൾ, സ്ഥാനവില തുടങ്ങിയവ കുട്ടികളിൽ പലപ്പോഴും ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്. ഇത്‌ പരിഹരിക്കാൻ വിവിധ കളികളിലൂടെയും വർക്ക്‌ ഷീറ്റുകളുടെ സഹായത്തോടെയും ഗണിതം ലളിതമാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. കണക്ക് എളുപ്പമാക്കാൻ സഹായിക്കുന്ന ഓൺലൈൻ ആപ്പുകളെ വെല്ലുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്ന്,രണ്ട് ക്ലാസുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടം. 30-ൽപ്പരം ഗണിതോപകരണങ്ങൾ ഉപയോഗിച്ച് പഠനം രസകരമാക്കുമെന്നതാണ് പ്രത്യേകത. ഇതിനായി ഒരോ സ്കൂളിലേക്കും കളി ഉപകരണങ്ങൾ അടങ്ങുന്ന 15 വീതം സെറ്റ് നൽകും. വരുംവർഷങ്ങളിൽ ഉയർന്ന ക്ലാസുകളിലേക്കും ഉല്ലാസ ഗണിതം വ്യാപിക്കുകയാണ് എസ്.എസ്.കെ.യുടെ ലക്ഷ്യം. ഉപജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ 52 എൽ. പി അദ്ധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്തമായി ഉല്ലാസ ഗണിതം പാഠ്യരീതി പോലെ ഗെയിമിലൂടെയായിരുന്നു. അഡ്വ: ബി സത്യൻ എം.എൽ.എ പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. ഡയറ്റ് സീനിയർ ലക്ചറർ ഡോ.റ്റി .ആർ ഷീജാ കുമാരി, എ.ഇ.ഒ വി. രാജു,ബി .പി .ഒ എം. എസ്. സുരേഷ് ബാബു, പരിശീലകരായ ദീപാ മോൾ,ജോയി സൺ എബ്രഹാം,എം.സി. അഭിലാഷ് എന്നിവർ പങ്കെടുത്തു.

CAPTION: ഉല്ലാസ ഗണിതം പദ്ധതിയുടെ ഉദ്ഘാടനം ബി.സത്യൻ എം.എൽ.എ നിർവഹിക്കുന്നു.