വെഞ്ഞാറമൂട്: ലക്ഷങ്ങൾ ചെലവഴിച്ച് വെഞ്ഞാറമൂട് ടൗണിൽ സ്ഥാപിച്ച സി.സി ടി വി കാമറകൾ കണ്ണടച്ചിട്ട് വർഷങ്ങൾ പിന്നിട്ടു. പ്രവർത്തന ക്ഷമമാക്കാൻ യാതൊരു നടപടിയുമില്ല.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് 6 ലക്ഷം രൂപ ചെലവഴിച്ച് വെഞ്ഞാറമൂട്ടിലെ വ്യാപാരി വ്യവസായി സംഘടനകളാണ് ഇവിടെ കാമറ സ്ഥാപിച്ചത്. ആറ് റിസീവറുകളും എട്ട് കാമറകളും സ്ഥാപിച്ചെങ്കിലും എല്ലാം മിഴിയടച്ചു.
നിരീക്ഷണ കാമറകളുടെ കാലവാധി കഴിഞ്ഞതിനാൽ അറ്റകുറ്റപ്പണികൾ ഇനി സ്വന്തം ചെലവിൽ ചെയ്യണമെന്നാണ് കമ്പനി പറയുന്നത്. ഇതിന് രണ്ട് ലക്ഷം രൂപ ചെലവ് വരും. ഈ തുക കണ്ടെത്താൻ വ്യാപാരികൾക്ക് കഴിയുന്നില്ല. സി.സി ടി വി കാമറകൾ, വെഞ്ഞാറമൂട് ജനമൈത്രി പൊലീസോ, നെല്ലനാട് പഞ്ചായത്തോ ഏറ്റെടുത്തു അറ്റകുറ്റപ്പണികൾ നടത്തണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.
നാട്ടിൽ സംഘടിത കുറ്റകൃത്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും അനുദിനം ശക്തമാവുകയാണ്. കേടായ സി.സി ടിവി കാമറകൾ പ്രവർത്തനക്ഷമമാക്കിയാൽ ഇതിന് പരിഹാരമാകും. ഇക്കാര്യം നാട്ടുകാർ ബന്ധപ്പെട്ടവരോട് നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.
മേഖലയിൽ വെഞ്ഞാറമൂട് ഒഴികെ മറ്റു പ്രധാന ജംഗ്ഷനുകളെല്ലാം സി.സി ടിവി കാമറകളുണ്ട്.
പുതിയ കാമറ സ്ഥാപിക്കുമ്പോൾ കൂടുതൽ കപ്പാസിറ്റി ഉള്ളതും വാഹനങ്ങളുടെ നമ്പർ തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ളതും വേണം.
സ്വകാര്യ കാമറകളാണ് ആശ്രയം
അടുത്തിടെ വെഞ്ഞാറമൂട് ടൗണും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് നിരവധി കുറ്റകൃത്യങ്ങൾ നടന്നിരുന്നു. നിരവധി ധനകാര്യ സ്ഥാപനങ്ങളും എ.ടി.എം മെഷീനുകളും ടൗണിനകത്തുണ്ട്. ലഹരി വസ്തുക്കളുടെ വ്യാപാരവും സാമൂഹ്യ വിരുദ്ധരുടെ അതിക്രമങ്ങളും ഇവിടെ തുടർക്കഥയാകുകയാണ്. ടൗണിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ ഇടിച്ചിട്ട വാഹനം നിറുത്താതെ പോകുന്നത് പതിവാണ്.
ഇവരെ തിരിച്ചിറിയാൻ പൊലീസ് ആശ്രയിക്കുന്നത് നിരീക്ഷണ കാമറകളെയാണ്. ഇന്ന് സ്വകാര്യ സ്ഥാപനങ്ങളും, വീടുകളിലും സ്ഥാപിച്ചിട്ടുള്ള കാമറകളെയാണ് ആശ്രയിക്കുന്നത്.