വിഴിഞ്ഞം: രണ്ട് ബണ്ടു റോഡുകളുള്ള വെള്ളായണി കായലിന്റെ ഒഴുക്ക് ഒന്നാക്കി കായൽ സൗന്ദര്യം വർദ്ധിപ്പിക്കാൻ പദ്ധതി തയ്യാറാകുന്നു. കാക്കാമൂല - കാർഷിക കോളേജ്, വവ്വാമൂല കടവിൻമൂല എന്നീ ബണ്ടു റോഡുകൾ മാറ്റി ഇവിടെ ഫ്ലൈ ഓവറുകൾ നിർമ്മിക്കും. വെള്ളായണി കായലിനെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കുന്നതിന്റെ ഭാഗമായുള്ള ചർച്ചകൾക്കായി ഈയിടെ ടൂറിസം വകുപ്പ് മന്ത്രി മീറ്റിംഗ് വിളിച്ചിരുന്നു. ഇതിനെ തുടർന്നാണ് കായലിനെ ഒന്നാക്കാനായുളള നടപടികൾ അധികൃതർ ആരംഭിച്ചത്. കായലിൽ പരിസ്ഥിതി സൗഹൃദബോട്ടിംഗ് നടത്തുന്നത് സംബന്ധിച്ച സാദ്ധ്യതകൾ പരിശോധിക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡി.ടി.പി.സി) അധികൃതർ ഇവിടം സന്ദർശിച്ചിരുന്നു. ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ സർക്കാരിനു സമർപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു. കായലിനു ചുറ്റുമായി റിംഗ് റോഡുകളും സൈക്കിൾ പാതയും ഉണ്ടാകും. ശുദ്ധജല തടാകമായതിനാൽ ജലവിതര പദ്ധതികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിലാകും ഇവിടെ വികസന പദ്ധതികൾ നടപ്പിലാക്കുന്നത്. കായലിന്റെ മദ്ധ്യഭാഗത്തായി ഒരു ദ്വീപ് പോലെ റസ്റ്റോറന്റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. കഴിഞ്ഞ ഒന്നര മാസമായി വിവിധ സംഘടന നേതൃത്വത്തിൽ വെള്ളായണി കായൽ ശുചീകരണ പദ്ധതികൾ നടക്കുകയാണ്. വെള്ളായണി കായലിൽ 74 ഓളം കൈത്തോടുകൾ വന്നു ചേരുന്നുണ്ട്. ഇതിൽ ഏറ്റവും വലുത് പള്ളിച്ചൽ തോടാണ്. ശുദ്ധജല തടാകമായതിനാൽ ഇവിടെ വന്നു ചേരുന്ന എല്ലാ കൈത്തോടുകളും ശുചീകരിക്കണമെന്നും ആവശ്യമുണ്ട്. കോവളം വിനോദ സഞ്ചാര കേന്ദ്രത്തിനു സമീപം സ്ഥിതിചെയ്യുന്ന വെള്ളായണി കായൽ ശുചീകരിച്ച് നിലവിലുള്ള പദ്ധതികൾ യഥാസമയം പൂർത്തിയാക്കിയാൽ ലോക വിനോദ സഞ്ചാര ഭൂപടത്തിൽ സ്ഥാനം പിടിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.