കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തിൽ വിവിധ പദ്ധതികളിലായി 6 റോഡുകൾ ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കാൻ 59.83 കോടി രൂപ അനുവദിച്ചതായി ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു. 2 റോഡുകൾക്ക് 35.33കോടി രൂപയുടെ കിഫ്ബി അംഗീകാരവും സാങ്കേതികാനുമതിയും ലഭിച്ചു. സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 5കോടി രൂപ വിനിയോഗിച്ച് 2 റോഡുകൾ നവീകരിക്കാൻ ഭരണാനുമതി ലഭിച്ചതായി എം.എൽ.എ അറിയിച്ചു.

കിള്ളി – പനയംകോട് – മണലി – മേച്ചിറ – ഇ.എം.എസ് അക്കാഡമി റോഡിന് 16.58 കോടി രൂപയും, പൊട്ടൻകാവ് – നെല്ലിക്കാട് – ചീനിവിള – ഊന്നാംപാറ – തെരളിക്കുഴി - മുണ്ടുകോണം റോഡിന് 18.75കോടി രൂപയ്ക്കുമാണ് കിഫ്ബി അംഗീകാരം ലഭിച്ചത്. ഈ രണ്ട് റോഡുകളുടേയും നവീകരണത്തിനുള്ള സാങ്കേതികാനുമതിയും ലഭിച്ചു. മൊളിയൂർ– കാന്തള, കിള്ളി– കട്ടയ്ക്കോട് റോഡുകളുടെ നവീകരണത്തിനാണ് ഭരണാനുമതി ലഭിച്ചത്. മരാമത്ത് വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് 5കോടി മുടക്കി 2റോഡും ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കും.

കാട്ടാക്കട മാർക്കറ്റ് ജംഗ്ഷൻ-ബാലരാമപുരം റോഡ്‌ നവീകരിക്കുന്നതിന് സെൻട്രൽ റോഡ്‌ ഫണ്ടിൽ ഉൾപ്പെടുത്തി 10 കോടി രൂപ അനുവദിച്ചു. ഇതിന്റെ ടെണ്ടർ നടപടികൾ പൂർത്തിയായി കരാർ ഒപ്പിട്ടതിനെ തുടർന്ന് പ്രവർത്തികൾ ആരംഭഘട്ടത്തിലാണ്.

മാസങ്ങൾക്ക് മുൻപേ ഭരണ– സാങ്കേതികാനുമതികൾ ലഭിച്ച കാട്ടാക്കട പഞ്ചായത്തിലെ കിള്ളി -കൂന്താണി – തൂങ്ങാംപാറ – കൊറ്റംപള്ളി – അമ്പലത്തിൻകാല റോഡ് നവീകരണത്തിന് 5.5 കോടി രൂപയുടെയും ചെമ്പനാകോട് – കീഴാറൂർ റോഡ് നവീകരണത്തിന് 2 കോടി രൂപയുടെയും കരാർ നടപടി പൂർത്തിയായി. കരാറുകാരുമായി മരാമത്ത് വകുപ്പ് ഉടമ്പടി ഒപ്പ് വയ്ക്കുന്നതോടെ 2 റോഡുകളുടെയും നവീകരണം തുടങ്ങും. ബി.എം.ബി.സി നിലവാരത്തിലാണ് 2 റോഡുകളും നവീകരിക്കുന്നത്. ആവശ്യമായ സ്ഥലങ്ങളിൽ റോഡിൽ സൈഡ് വാളും ഓടയും നിർമ്മിക്കാൻ പണം വകയിരുത്തിയിട്ടുണ്ട്.

കാനകോട് – പാപ്പനം റോഡ് നവീകരണത്തിന് 1.65 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചു. ടെൻഡർ ഉറപ്പിക്കുന്ന മുറയ്ക്ക് പണികൾ തുടങ്ങാനാവുമെന്നും ഐ.ബി. സതീഷ് എം.എൽ.എ അറിയിച്ചു. കൂടാതെ കാട്ടാക്കട-പാറശാല നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ചൂണ്ടുപലക - നെയ്യാർ ഡാം റോഡിന് കിഫ്ബി വഴി 58.93 കോടി രൂപയുടെ അംഗീകാരവും ലഭ്യമായിട്ടുണ്ട്.

ഈ റോഡുകളുടെ നവീകരണം പൂർത്തിയാകുന്നതോടെ കാട്ടാക്കട – മാറനല്ലൂർ പഞ്ചായത്തിലെ ഇടറോഡുകളടക്കം ഭൂരിഭാഗം റോഡുകളും ബി.എം.ബി.സി നിലവാരത്തിലേക്ക് മാറുമെന്നും എം.എൽ.എ അറിയിച്ചു.