തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ നിയമന തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുവമോർച്ച പി.എസ്.സി ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ അക്രമാസക്തരായതിനെ തുടർന്ന് പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡിന് മുകളിലൂടെ പി.എസ്.സി കോമ്പൗണ്ടിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. സംഘർഷത്തിൽ യുവമോർച്ച കുന്നത്തുകാൽ പഞ്ചായത്ത് പ്രസിഡന്റ് മഹേഷിന്റെ തലയ്ക്ക് പരിക്കേറ്റു. ഇയാളെ പൊലിസ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചു. പി.എസ്.സി പരീക്ഷാ തട്ടിപ്പിന്റെ ആസൂത്രിതകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്‌ത യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രകാശ് ബാബു പറഞ്ഞു. സി.പി.എം നേതൃത്വത്തിന്റെ അറിവോടെയാണ് ഓരോ ജില്ലയിലും സ്വന്തം ആളുകളെ സർക്കാർ സർവീസിൽ തിരുകി കയറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത് ചന്ദ്രൻ അദ്ധ്യക്ഷനായി. യുവമോർച്ച ദേശീയ സെക്രട്ടറി എ.ജെ. അനൂപ്, സംസ്ഥാന സെക്രട്ടറി അഖിൽ രവീന്ദ്രൻ, ആർ.ബി. രാകേന്ദു, സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരാജ് ശ്രീവത്സം, ജില്ലാ കൺവീനർ സി.ജി. മഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു. ഉദ്ഘാടനത്തിനുശേഷം പി.എസ്.സി ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ച യുവമോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്‌ത് നീക്കി.