virat-vivian
virat vivian

ആന്റിഗ്വ : തന്റെ ആരാധനാപുരുഷനായ വെസ്റ്റ് ഇൻഡീസ് ഇതിഹാസ ക്രിക്കറ്റർ വിവിയൻ റിച്ചാർഡ്സിനെ ഇന്റർവ്യൂ ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ വിരാട് കൊഹ്‌ലി. ബി.സി.സി.ഐയുടെ വെബ്സൈറ്റിനുവേണ്ടിയായിരുന്നു വിവിയനുമായുള്ള വിരാടിന്റെ അഭിമുഖം.

ഹെൽമറ്റും ഗാർഡുമൊന്നുമില്ലാതെ എങ്ങനെയാണ് അക്കാലത്തെ പേരുകേട്ട പേസർമാരെ ധൈര്യ പൂർവം നേരിട്ടതെന്നതായിരുന്നു വിരാടിന്റെ പ്രധാന ചോദ്യം. ബൗൺസറുകൾക്ക് നിയന്ത്രണങ്ങളൊന്നുമില്ലാതിരുന്ന സമയത്ത് സാധാരണ തൊപ്പിയും ധരിച്ച് ബാറ്റിംഗിന് ഇറങ്ങുമ്പോൾ മനസിലെന്തായിരുന്നുവെന്ന വിരാടിന്റെ ചോദ്യത്തിന് ഏത് ബൗൺസറും നേരിടാൻ തനിക്ക് കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു എന്നായിരുന്നു റിച്ചാർഡ്സിന്റെ ആദ്യമറുപടി. തുടക്കത്തിൽ താൻ ഹെൽമറ്റ് ധരിക്കാറുണ്ടായിരുന്നുവെന്നും എന്നാൽ അത് വച്ച് ബാറ്റ് ചെയ്യുന്നത് ബുദ്ധിമുട്ടായി തോന്നിയതുകൊണ്ട് ഒഴിവാക്കുകയായിരുന്നുവെന്നും വിശദീകരിച്ചു. മെറൂൺ നിറത്തിലുള്ള തന്റെ തൊപ്പി അണിയുമ്പോൾ അഭിമാനം തോന്നിയിരുന്നുവന്നും അദ്ദേഹം പറഞ്ഞു. പന്ത് ശരീരത്തിൽ കൊണ്ടാൽ അത് ദൈവവിധിയെന്ന് കരുതി ബാറ്റിംഗ് തുടരാനുള്ള ആത്മവീര്യം തനിക്കുണ്ടായിരുന്നുവെന്നും വിവിയൻ പറഞ്ഞു.

ബാറ്റിംഗിന്റെ തുടക്കത്തിൽ ഒന്നോ രണ്ടോ ഏറുകൊള്ളുന്നതാണ് നല്ലതെന്ന് വിരാട് അഭിപ്രായപ്പെട്ടപ്പോൾ വിവിയനും അതിനോട് യോജിച്ചു. ബാറ്റിംഗിനിടെ ഏറ് കൊള്ളുന്നത് കളിയുടെ ഭാഗമാണെന്നും ഏറ് കിട്ടിക്കഴിഞ്ഞാൽ അതിന്റെ ആഘാതത്തിൽ നിന്ന് തിരിച്ചുവരാനുള്ള മനക്കരുത്താണ് വേണ്ടതെന്നും വിൻഡീസ് ഇതിഹാസം കൂട്ടിച്ചേർത്തു.

ക്രിക്കറ്റിനോടുള്ള ആവേശം തന്നിലും വിരാടിലും ഒരേ അളവിലാണെന്നും വിവിയൻ റിച്ചാർഡ്സ് പറഞ്ഞു. കളിക്കളത്തിലെ ദേഷ്യത്തിന്റെ കാര്യത്തിലും താങ്ങൾ ഒരേപോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.