2

വിഴിഞ്ഞം: മത്സ്യ ബന്ധനത്തിനിടെ കടൽത്തിരയിൽപ്പെട്ട 3 കട്ട മരങ്ങളും 7 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി. ശംഖുംമുഖത്ത് കഴിഞ്ഞ ദിവസം തിരയിൽപ്പെട്ട് കാണാതായ ലൈഫ് ഗാർഡിനു വേണ്ടി തെരച്ചിൽ നടത്തിയ വിഴിഞ്ഞത്തെ മറൈൻ എൻഫോഴ്സ്‌മെന്റ് ബോട്ടാണ് ഇവരെ രക്ഷിച്ചത്. ഒഴുക്കിൽപ്പെട്ട നിലയിൽ കട്ടമരങ്ങളെയും തൊഴിലാളികളെയും അവശനിലയിൽ കണ്ടെത്തുകയായിരുന്നു. വലിയതുറ സ്വദേശികളായ ജോർജ് ജൂസ (58), ഫാട്രിക് (49), ശേഷയ്യൻ (52), കുമാരി ബാബു (65) ഡെന്നീസ് (59), ജോണി (47), ജസീന്ത് ആൻറണി (63) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. അവശരായ ഇവർക്ക് രക്ഷാപ്രവർത്തകർ ബോട്ടിൽ വച്ചു തന്നെ ആഹാരം നൽകി. സി.പി.ഒ വിനോദ്, ലൈഫ് ഗാർഡുമാരായ പ്രദീപ്, കൃഷ്ണൻ, സ്രാങ്ക് മാരായ ബാബു, ജോയി എന്നിവർ ഉൾപ്പെട്ട സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്നു കട്ട മരങ്ങളെയും കെട്ടിവലിച്ച് കരയിലെത്തിച്ചു. രക്ഷപ്പെട്ട് എത്തിയ മത്സ്യത്തൊഴിലാളികൾക്ക് ഫിഷറീസ് വകുപ്പ് സൗജന്യമായി ലൈഫ് ജാക്കറ്റ് വിതരണം ചെയ്‌തു.