karakkonam

തിരുവനന്തപുരം: എം.ബി.ബി.എസ്, എം.ഡി പ്രവേശനത്തിന് പത്തുലക്ഷം മുതൽ 60 ലക്ഷം രൂപ വരെ കോഴ വാങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടർന്ന് കാരക്കോണം സി.എസ്.ഐ മെഡിക്കൽ കോളേജ് ചെയർമാൻ ബിഷപ്പ് എ.ധർമ്മരാജ് റസാലം, ഡയറക്ടറായിരുന്ന ഡോ. ബെനറ്റ് എബ്രഹാം, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ പി.തങ്കരാജ് എന്നിവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ പ്രവേശനത്തിന് മേൽനോട്ടം വഹിക്കുന്ന ജസ്റ്റിസ് രാജേന്ദ്രബാബു സമിതി സർക്കാരിന് ശുപാർശ നൽകി. വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയ പണം തിരികെ വാങ്ങിനൽകാൻ നടപടിയെടുക്കണമെന്നും ശുപാർശയിലുണ്ട്. പരാതികളും രേഖകളും സർക്കാരിന് കൈമാറി.

മെഡിക്കൽ സീറ്റിന് കോഴ വാങ്ങിയെന്ന് 24 പരാതികളാണ് രാജേന്ദ്രബാബു കമ്മിറ്റിക്ക് ലഭിച്ചത്. പരാതിക്കാരിൽ കൂടുതലും കേരളത്തിൽ എം.ബി.ബി.എസ് പ്രവേശനത്തിന് അർഹതയില്ലാത്ത തമിഴ്നാട് സ്വദേശികളാണ്. ബിഷപ്പ് എ.ധർമ്മരാജ് റസാലം, ഡോ.ബെനറ്റ് എബ്രഹാം, ഡോ.ജയരാജ്, പി.തങ്കരാജ്, എന്നിവരുടെ ഉറപ്പിലാണ് പണം നൽകിയതെന്ന് പരാതിക്കാർ മൊഴിനൽകി.

കന്യാകുമാരി സ്വദേശി വി.രാമമൂർത്തിയിൽ നിന്ന് മകൻ അശ്വിന്റെ എം.ബി.ബി.എസ് സീറ്റിനായി പണം വാങ്ങിയെങ്കിലും അശ്വിൻ നീറ്റ് യോഗ്യത നേടിയില്ല. 10ലക്ഷം ഇനിയും തിരികെ നൽകാനുണ്ട്. മകളുടെ പ്രവേശനത്തിന് ജോസ് നൈനാനിൽ നിന്ന് 25ലക്ഷം വാങ്ങി. പ്രവേശനം ലഭിക്കാത്തതിനെത്തുടർന്ന് 15ലക്ഷം തിരികെനൽകി.

തിരുവനന്തപുരം വലിയശാല സ്വദേശി ആർ.അറുമുഖത്തിൽ നിന്ന് 25ലക്ഷം വാങ്ങി. മകൾക്ക് എൻട്രൻസ് കമ്മിഷണറുടെ അലോട്ട്മെന്റിൽ മലബാർ മെഡിക്കൽകോളേജിൽ പ്രവേശനം ലഭിച്ചു. പണം ഇതുവരെ തിരികെനൽകിയില്ല തുടങ്ങി ഒട്ടേറെ പരാതികൾ കമ്മിറ്റിക്ക് ലഭിച്ചു.

അന്യസംസ്ഥാന വിദ്യാർത്ഥികൾക്ക് എം.ബി.ബി.എസ്, ബി.ഡി.എസ്, എം.ഡി കോഴ്സുകളിൽ പ്രവേശനം നൽകാനാവില്ലെന്ന് അറിഞ്ഞുകൊണ്ടാണ് കോളേജ് പണപ്പിരിവ് നടത്തിയതെന്ന് കമ്മിറ്റി കണ്ടെത്തി. ഇതിനായി പ്രത്യേക രജിസ്റ്ററുണ്ടായിരുന്നു. കരുതിക്കൂട്ടിയുള്ള വ‌ഞ്ചനയാണ് നടത്തിയത്. പണം ഏതെങ്കിലും ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടില്ല. പ്രവേശനം വാഗ്ദാനം ചെയ്ത് പണപ്പിരിവ് നടത്തുന്നത് അനുവദിക്കാനാവില്ലെന്നും അവസാനിപ്പിക്കേണ്ടതാണെന്നും കമ്മിറ്റി വിലയിരുത്തി.