നെടുമങ്ങാട്: നീന്തൽ പ്രതിഭകളുടെ സ്വപ്നങ്ങൾക്ക് ചിറക് സമ്മാനിച്ച വേങ്കവിള റോയൽ സ്വിമ്മിംഗ് പൂൾ ആധുനിക നിലവാരത്തിലേക്ക്.

ജില്ലയിലെ മറ്റു പ്രമുഖ നീന്തൽക്കുളങ്ങളോട് കിടപിടിക്കത്തക്ക വിധത്തിൽ എട്ടു ട്രാക്കുകൾ ഒരുക്കി പ്രതീക്ഷയുടെ പുതുചരിത്രം രചിക്കുകയാണ് വേങ്കവിള സ്വിമ്മിംഗ്പൂൾ. അഴുക്കുവെള്ളവും ചെളിയുമടിഞ്ഞ് പരിശീലനം മുടങ്ങിയ ദിനങ്ങൾ ഇനി പഴങ്കഥയാവും. ഇലകൾ വീണഴുകി വെള്ളം മലിനമാവുമെന്ന ആശങ്ക വേണ്ട. മലിനവസ്തുക്കൾ കുളത്തിൽ പതിക്കാതിരിക്കാൻ ഷീറ്റ് മേഞ്ഞ മേൽക്കൂരയും കുളത്തിലേയ്ക്ക് അഴുക്കു വെള്ളത്തിന്റെ ഒഴുക്ക് തടയാൻ സുരക്ഷാഭിത്തിയും നിർമ്മിച്ചു. തറയോടു പാകി ട്രാക്കുകളും മനോഹരമാക്കി. സംസ്ഥാന, ജില്ലാ നീന്തൽ മത്സരങ്ങൾക്ക് വേങ്കവിള കുളം ആതിഥേയത്വമരുളുന്ന നാളുകൾ വിദൂരമല്ല. അക്വാട്ടിക് അസോസിയേഷന്റെ യാതൊരുവിധ സഹായവുമില്ലാതെയാണ് നാട്ടുകാർ ഈ നേട്ടം കൈവരിച്ചത്. ആനാട് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പൊതുകുളത്തിൽ നീന്തൽ പരിശീലനം തുടങ്ങി മൂന്ന് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് നവീകരണത്തിനുള്ള ഭാഗ്യം തെളിഞ്ഞത്. മുമ്പ്, വിമുക്തഭടന്മാരുടെ സംഘമാണ് ഇവിടെ നീന്തൽ പരിശീലനത്തിന് തുടക്കം കുറിച്ചത്. ഈ കുളത്തിൽ നീന്തി പ്രതിഭ തെളിയിച്ച് വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിക്കുന്നവർ അറുപതിലേറെപ്പേരുണ്ട്. നിർദ്ധന കുടുംബങ്ങളിൽ നിന്ന് കരകയറിയവരാണ് ഏറെയും. നഗരസഭയിലെ 39 വാർഡുകളിലും ആനാട്, പനവൂർ പഞ്ചായത്തുകളിലും നീന്തൽ പരിശീലനത്തിന് വേങ്കവിള കുളം മാത്രമാണ് ആശ്രയം.

ചെളിയും മലിനജലവും നിറഞ്ഞ് നവീകരണമില്ലാതെ നാശത്തിന്റെ വക്കിലായതോടെ നീന്തൽ പരിശീലനം നിറുത്തി വയ്‌ക്കേണ്ട അവസ്ഥയായിരുന്നു. സംസ്ഥാന കായികക്ഷേമ വകുപ്പും തിരുവനന്തപുരം ജില്ലാ പഞ്ചായത്തും വേങ്കവിള റോയൽ സ്വിമ്മിംഗ് ക്ലബുമായി കൈകോർത്താണ് ചിരകാല സ്വപ്നം പൂവണിയിച്ചത്. ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ അനുവദിച്ച് ചുറ്റുമതിലും മറ്റു പശ്ചാത്തല സൗകര്യങ്ങളും ഒരുക്കിയപ്പോൾ കായികക്ഷേമ വകുപ്പ് പത്ത് ലക്ഷം രൂപ ചെലവിട്ട് ട്രാക്കുകളും അനുബന്ധ സൗകര്യങ്ങളും നിർമ്മിച്ചു.

കുട്ടികൾക്കും മുതിർന്നവർക്കും വെവ്വേറെ കുളങ്ങളാണ്. രാവിലെ 5 മുതൽ 8 വരെയും വൈകിട്ട് 4.30 മുതൽ 7.30 വരെയുമാണ് കുട്ടികളുടെ പരിശീലനം. വനിതകൾക്ക് നിശ്ചിതസമയം ഏർപ്പെടുത്തിയിട്ടില്ല. വനിതാപരിശീലക ഉൾപ്പെടെ മൂന്ന് പേരുടെ സേവനം എപ്പോഴും ലഭിക്കും. നവീകരിച്ച സ്വിമ്മിംഗ് പൂളിന്റെയും ബേബിപൂളിന്റെയും ഉദ്‌ഘാടനം അഡ്വ.ഡി.കെ. മുരളി എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അദ്ധ്യക്ഷനായി.