malayinkil

മലയിൻകീഴ്: മലയിൻകീഴ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി (ബോയ്സ് ) സ്കൂളിൽ 1976- 77ൽ പഠിച്ചിരുന്നവർ 44 വർഷത്തിന് ശേഷം വിദ്യാലയത്തിൽ ഒത്തു കൂടി. അന്നത്തെ 10 ഡി, ഡിവിഷനിലായിരുന്നു എല്ലാപേരും. സ്കൂൾ പഠനത്തിന് ശേഷം ആദ്യമായി വീണ്ടും കാണുന്ന പലരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ബാല്യകാല സ്മരണകൾ പങ്കുവയ്ക്കുമ്പോൾ പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. കാലം നൽകിയ ശരീരമാറ്റം എല്ലാപേരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. സൗഹൃദം പുതുക്കി മൂന്ന് മണിക്കൂർ അവർ സ്കൂളിൽ ചെലവഴിച്ചു. അന്നത്തെ ക്ലാസ് അദ്ധ്യപകനായിരുന്ന ജഗതി പി.വാസുദേവിനെ അനുസ്മരിച്ചു. സഹപാഠിക്ക് സ്വയം തൊഴിൽ സഹായവും നൽകി. അദ്ധ്യാപകരായ കുട്ടൻ, കെ. രവീന്ദ്രൻ നായർ, വേലപ്പൻനായർ, എസ്.എ. ജോൺ, ജയചന്ദ്രൻ, ഗുൽമുഹമ്മദ്, ഡോ. മേബിൾ ലാഹി, വസുമതി, ലക്ഷ്മികുഞ്ഞമ്മ എന്നിവരെ ആദരിച്ചു. പ്രേമകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൂട്ടായ്മ ജില്ലാ പഞ്ചായത്ത് അംഗം വി.ആർ.ര മാകുമാരി ഉദ്ഘാടനം ചെയ്തു. ബി. മണികണ്ഠൻനായർ, ബി.എസ്. ത്രിവിക്രമൻ, കെ. ബാലചന്ദ്രൻനായർ, ഹെഡ്‌മാസ്റ്റർ ഗോപൻ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ റജികുമാർ,പി.ടി.എ പ്രസിഡന്റ് ജി.എസ്. ജീജു, എസ്.എൽ. പത്മകുമാർ എന്നിവർ സംസാരിച്ചു.