ragging

തിരുവനന്തപുരം: യൂണിവേഴ്‌സി​റ്റി കോളേജിൽ രാഖി കെട്ടി എത്തിയ വിദ്യാർത്ഥിനിയെ തടഞ്ഞുനിറുത്തി ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ കോളേജിലെ ആന്റി റാഗിംഗ് കമ്മിറ്റി അന്വേഷണം ആരംഭിച്ചു. കോളേജ് കൗൺസിൽ യോഗത്തിൽ അന്വേഷണം ഡിസിപ്ലിനറി കമ്മിറ്റിയ്ക്ക് വിടാൻ തീരുമാനിച്ചപ്പോഴാണ് ആന്റിറാഗിംഗ് കമ്മിറ്റിയ്ക്ക് വിട്ടാൽ മതിയെന്ന അഭിപ്രായമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട പരാതി പൊലീസിന് കൈമാറണമെന്നാണ് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.

എന്നാൽ സംഭവത്തെ കുറിച്ച് കോളേജ് അധികൃതരോ വിദ്യാർത്ഥിനിയോ ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് കന്റോൺമെന്റ് സി.ഐ പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായാൽ 48 മണിക്കൂറിനുള്ളിൽ പരാതി പൊലീസിന് കൈമാറണണെന്നാണ് ചട്ടം.

സംഭവവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നേതാവ് അമൽ മോഹനനെ കോളേജിൽ നിന്ന് കഴിഞ്ഞ ദിവസം സസ്‌​പെൻഡ് ചെയ്തിരുന്നു. 29വരെയാണ് സസ്‌പെൻഷൻ. സംഭവത്തെ കുറിച്ച് കമ്മിറ്റി അന്വേഷണം നടത്തുമെന്നും കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ സി.സി ബാബു പറഞ്ഞു.യൂണിവേഴ്‌സിറ്റി കോളേജിൽ എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും വിദ്യാർത്ഥികൾക്കും പ്രവർത്തന സ്വാതന്ത്റ്യം നൽകുമെന്ന എസ്.എഫ്.ഐ നേതൃത്വത്തിന്റെ ഉറപ്പ് ലംഘിക്കപ്പെട്ടുവെന്നും കോളേജിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പാലിക്കപ്പെടുന്നില്ലെന്നും ഒരുവിഭാഗം വിദ്യാർത്ഥികൾ ആരോപിക്കുന്നു. തിങ്കളാഴ്ച ഉച്ചയോടെ നടന്ന സംഭവത്തിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടും ഒരാൾക്കെതിരെ മാത്രം നടപടിയെടുത്തതിന് പിന്നിൽ സംഭവം ഒതുക്കിതീർക്കാനുള്ള ശ്രമമാണെന്നും ആരോപണമുണ്ട്.