തിരുവനന്തപുരം: ഒപ്പമുണ്ടായിരുന്നയാളെ അപ്രതീക്ഷിതമായി കാണാതായത് ജോൺസന്റെ ബന്ധുക്കൾക്കും കൂട്ടുകാർക്കും ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല. നെഞ്ചിടിപ്പോടെ അവർ ജോൺസനെ കാത്തിരിക്കുകയാണ്. കടലിൽ ചാടിയ യുവതിയെ രക്ഷിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം ജോൺസണെ (44) കാണാതായത്. ആ സമയം മുതൽ പ്രിയപ്പെട്ടവരെല്ലാവരും ശംഖുംമുഖം ബീച്ചിൽ തന്നെയുണ്ട്. 2014ൽ വേളാങ്കണ്ണിയിൽ ജോൺസണും കുടുംബവും ടൂർ പോയപ്പോഴാണ് സുനാമിയുണ്ടായത്. അന്ന് തിരയിൽപ്പെട്ട ആറുപേരെ രക്ഷിച്ചത് ജോൺസണാണ്.
കോവളത്തും പൂവാറിലും വേളിയിലും ശംഖുംമുഖത്തും മാറി മാറിയുള്ള ഡ്യൂട്ടിക്കിടയിൽ ഒരുപാട് പേരെ ജീവിതത്തിലേക്ക് തിരികെക്കൊണ്ടുവന്നു. നന്നായി നീന്താൻ കഴിയുന്ന, കടലിനെ അറിയുന്നവൻ തന്നെയായിരുന്നു ജോൺസൺ. കഴിഞ്ഞ ദിവസവും സ്വന്തം ജീവൻ ഗൗനിക്കാതെ മറ്റൊരാളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ജോൺസനെ കാണാതായത്. പണി പൂർത്തിയാകാത്ത വീട്ടിൽ ഭാര്യയും വിദ്യാർത്ഥികളായ രണ്ട് മക്കളുമടങ്ങുന്ന കുടുംബം കണ്ണീരുണങ്ങാതെ ജോൺസൺ വരുന്നതും കാത്തിരിക്കുകയാണ്. ജോൺസണായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ചെറിയതുറ സ്വദേശിയായ ജോൺസൺ ഏതാനും വർഷം മുമ്പാണ് കണ്ണാന്തുറ രാജീവ് നഗറിൽ താമസമാക്കിയത്. ഈ മാസം ആദ്യമാണ് ഡ്യൂട്ടി മാറ്റത്തിന്റെ ഭാഗമായി ഇദ്ദേഹം ശംഖുംമുഖത്തെത്തുന്നത്. ഒഴിവുനേരങ്ങളിൽ ആട്ടോ ഓടിച്ചാണ് ജോൺസൺ കുടുംബം പുലർത്തിയിരുന്നത്.
ലൈഫ് ഗാർഡുമാരുടെ സങ്കടങ്ങൾ
കാസർകോട് മുതൽ തിരുവനന്തപുരം വരെ ഇന്നലെ അവധിയായിരുന്ന എല്ലാ ലൈഫ് ഗാർഡുമാരും രാവിലെതന്നെ ശംഖുംമുഖത്തെത്തിയിരുന്നു. അപകടങ്ങൾ പതിവാണെങ്കിലും തങ്ങളുടെ കൂട്ടത്തിലൊരാളെ ഇത്തരത്തിൽ കാണാതായത് ആദ്യത്തെ സംഭവമാണെന്ന് കണ്ണൂർ പയ്യാമ്പലം ബീച്ചിലെ ലൈഫ് ഗാർഡും കേരള ടൂറിസം ലൈഫ് ഗാർഡ് എംപ്ലോയീസ് യൂണിയൻ സെക്രട്ടറിയുമായ ചാൾസ് പറഞ്ഞു. ലൈഫ് ഗാർഡുകൾ മത്സ്യത്തൊഴിലാളികളിൽ നിന്നും വാടകയ്ക്കെടുത്ത ബോട്ടുകളിൽ സ്വന്തം നിലയിൽ തെരച്ചിൽ നടത്തുന്നുണ്ട്. 33 വർഷമായി സർവീസിൽ കയറിയിട്ട്, ആയിരക്കണക്കിന് ജീവനുകൾ രക്ഷിക്കാനായി. എങ്കിലും നാളെ മുതൽ ജോലിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞാൽ ഒന്നും തിരിച്ചുപറയാൻ പോലും തങ്ങൾക്ക് അർഹതയില്ലെന്ന് കോവളത്തെ ലൈഫ് ഗാർഡായ വേണു പറയുന്നു. ' സ്ഥിരപ്പെടുത്തണമെന്നും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പുവരുത്തണമെന്നുമെല്ലാം നിരവധി തവണ അപേക്ഷിച്ചതാണ്. ഇപ്പോഴും രക്ഷാപ്രവർത്തനത്തിനായി തങ്ങളുടെ കൈയിലുള്ളത് കാലഹരണപ്പെട്ട ഉപകരണങ്ങൾ മാത്രമാണ്. ഒരുദിവസം എന്തെങ്കിലും സംഭവിച്ചാൽ എന്തുചെയ്യും'. ഇത് ഒരാളുടെ മാത്രം വേദനയല്ല, സംസ്ഥാനത്തെ മുഴുവൻ ലൈഫ് ഗാർഡുമാരുടേതുമാണ് - വേണു പറയുന്നു.