1

നേമം: കാരയ്ക്കാമണ്ഡപം ഹോമിയോ കോളേജിന് സമീപം അമ്മവീട് ലെയ്‌നിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച യുവാക്കളെ നേമം പൊലീസ് അറസ്റ്റ് ചെയ്തു. നേമം അമ്മവീട് ലെയ്‌നിൽ കൃഷ്ണപ്രിയയിൽ സെയ്ദലി (25), പളളിച്ചൽ വില്ലേജിൽ ഇടയ്ക്കോട് മണലുവിള ചാനൽക്കര പാലത്തിന് സമീപം ബഷിറിന്റെ മകൻ ഷാജഹാൻ (22) എന്നിവരാണ് പിടിയിലായത്. നെടുമങ്ങാട് സ്വദേശി അനിയുടെ ഉടമസ്ഥതയിലുളള ബൈക്കാണ് കവർന്നത്. അനി സുഹൃത്തിനെ കാണാൻ അമ്മവീട് ലെയിനിൽ എത്തുകയും ബൈക്ക് റോഡിന് വശത്തായി പാർക്ക് ചെയ്ത ശേഷം സുഹൃത്തിനെ കണ്ട് മടങ്ങി വന്നപ്പോഴാണ് വാഹനം മോഷണം പോയ വിവരം അറിയുന്നത്. സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഫോർട്ട് എ.സി.പി പ്രതാപൻ നായർ, എസ്.ഐമാരായ സനോജ്, എസ്.ദീപു, വി.എസ്. സുധീഷ്‌കുമാർ, സുരേഷ്‌കുമാർ, എസ്.സി.പി.ഒ സന്തോഷ് , സി.പി.ഒ രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.